Saturday, January 18, 2014

ടാറ്റയ്ക്കും റിലയന്‍സിനും വിതരണം അനധികൃതമായി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ടാറ്റയ്ക്കും റിലയന്‍സിനുമുള്‍പ്പടെ 11 സ്വകാര്യ കമ്പനിക്ക് കല്‍ക്കരിപ്പാടം വിതരണം ചെയ്തത് അനധികൃതമായാണെന്ന് വ്യക്തമായി. സ്ക്രീനിങ് കമ്മിറ്റി പരിഗണിക്കാത്ത കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ഇക്കാര്യം സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഈ കമ്പനികളുടെ പേരുവിവരങ്ങളും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഖനിവിതരണത്തിന്റെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാത്തവയാണ് ഈ 11 സ്വകാര്യ കമ്പനിയും. കേസ് വിധി പറയാന്‍ വേണ്ടി കോടതി മാറ്റി.

മന്‍മോഹന്‍സിങ് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഈ കൈമാറ്റങ്ങള്‍ നടന്നത്. ടാറ്റ പവര്‍, റിലയന്‍സ് എനര്‍ജി ലിമിറ്റഡ്, വേദാന്ത ഗ്രൂപ്പിന്റെ ബാല്‍കോ, എസ്കെഎസ് ഇസ്പത്, പവര്‍ ആന്‍ഡ് പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഈ പട്ടികയില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്നത്. ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വിസ പവര്‍, വന്ദന വിദ്യുത്, ജിവികെ ഗഗന്‍, സ്പോഞ്ച് അയണ്‍, ലാന്‍കോ ഗ്രൂപ്പ് ലിമിറ്റഡ് എന്നിവയാണ് മറ്റ് കമ്പനികള്‍. 2006-2008 കാലയളവില്‍ വൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭഭാഗമായി കല്‍ക്കരിപ്പാടം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ഇതില്‍ 44 എണ്ണം ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടു. ചുരുക്കപ്പട്ടികയിലെ 28 കമ്പനിക്ക് ലൈസന്‍സ് നല്‍കാമെന്ന് വൈദ്യുതിമന്ത്രാലയം സ്ക്രീനിങ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തു. ഇതില്‍ 20 സ്ഥാപനത്തിന് കല്‍ക്കരിപ്പാടം അനുവദിക്കാമെന്നായിരുന്നു സ്ക്രീനിങ് കമ്മിറ്റിയുടെ തീരുമാനം. ബാക്കിയുള്ള എട്ട് കമ്പനി ഒഴിവാക്കിയത് എന്തിനെന്നും ഒരുഘട്ടത്തിലും നടപടിക്രമങ്ങളുടെ ഭാഗമാകാതിരുന്ന 11 കമ്പനി എങ്ങനെ കല്‍ക്കരിപ്പാടം സ്വന്തമാക്കിയെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച നല്‍കിയ മറുപടിയിലാണ് അറ്റോര്‍ണി ജനറലിന്റെ കുറ്റസമ്മതം.

ചുരുക്കപ്പട്ടികയില്‍ പെടാത്ത കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം ലഭിച്ചതിലും കോടതി സംശയവും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. 1993മുതല്‍ 2008വരെ അനുവദിച്ചതും ഖനനാനുമതി ലഭിക്കാത്തതുമായ 41 കല്‍ക്കരിപ്പാടം റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒന്നരമാസത്തിനുള്ളില്‍ കമ്പനികള്‍ മറുപടി നല്‍കിയില്ലെങ്കില്‍ റദ്ദാക്കലുമായി മുന്നോട്ടുപോകുമെന്നാണ് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

61 കമ്പനിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഖനനത്തിനായി ഏറ്റെടുത്ത 61 സ്വകാര്യകമ്പനിക്ക് കേന്ദ്രസര്‍ക്കാരിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്നു കാണിച്ചാണ് കല്‍ക്കരിമന്ത്രാലയം കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച നടപടി റദ്ദാക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. കോര്‍പറേറ്റ് സ്ഥാപനങ്ങളായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ടാറ്റ സ്റ്റീല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, എസ്സാര്‍ പവര്‍ ലിമിറ്റഡ്, രങ്ത മൈന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ആധാനി പവര്‍, ജിവിജെ പവര്‍ തുടങ്ങിയവ നോട്ടീസ് ലഭിച്ച കമ്പനികളില്‍പ്പെടുന്നു. ഫെബ്രുവരി 12നകം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്നാണ് കല്‍ക്കരിമന്ത്രാലയം കമ്പനികളെ അറിയിച്ചിരിക്കുന്നത്.

കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശം നേരിടേണ്ടി വന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. സ്ക്രീനിങ് കമ്മിറ്റിക്കു മുമ്പിലെത്താത്ത കമ്പനികള്‍ക്കുപോലും കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ട അനുമതി ലഭിക്കാത്ത പാടങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഖനനാനുമതിയില്ലാത്തവ, ഖനനാനുമതിയുണ്ടായിട്ടും ഭൂവിജ്ഞാന റിപ്പോര്‍ട്ട് തയ്യാറാക്കാത്തവ എന്നിങ്ങനെ തരംതിരിച്ച് പാടങ്ങള്‍ റദ്ദാക്കുമെന്നാണ് കല്‍ക്കരിമന്ത്രാലയം ഡയറക്ടര്‍ എസ് കെ ഷാഹി അയച്ച നോട്ടീസില്‍ പറയുന്നത്. വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കമ്പനികളായ ഹിന്‍ഡാല്‍കോ, എസ്സാര്‍ പവര്‍, ബൃന്ദ സസായി, മേറല്‍ ബാന്തര്‍, എ എം ആര്‍ അയണ്‍ തുടങ്ങിയ കമ്പനികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായിക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുള്ള കമ്പനിയായ എസ് കെ എസ് ഇസ്പാത് ആന്‍ഡ് പവര്‍ ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment