Monday, January 20, 2014

നിയമനനിരോധം: മുഖ്യമന്ത്രിയുടെ വാദം ശരിയല്ല- ഡിവൈഎഫ്ഐ

അപ്രഖ്യാപിത നിയമന നിരോധനവും പിന്‍വാതില്‍ നിയമനവും കേരളത്തില്‍ ഇന്ന് യാഥാര്‍ഥ്യമാണെന്നും മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പറഞ്ഞു. അധികാരത്തില്‍ വന്നതിനുശേഷം ഏകശേദം 50,000 തസ്തികയില്‍ പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നു. യോഗ്യതയും മാനദണ്ഡവും അട്ടിമറിച്ച് പിന്‍വാതിലിലൂടെയുള്ള നിയമനം മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. എറണാകുളം മരടിലുള്ള കേരഫെഡ് ആസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം ഡിവൈഎഫ്ഐ ഇടപെട്ട് തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ കേരഫെഡ് ഓഫീസിലും പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം ഡിവൈഎഫ്ഐ തടഞ്ഞിരുന്നു. നിയമന നിരോധനത്തിനെതിരെ ഡിവൈ്എഫ്ഐ മാത്രമല്ല വിവിധ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകളും സംസ്ഥാനത്ത് സമരത്തിലാണ്. നിയമന നിരോധനം ഇല്ലെങ്കില്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയണം. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് എന്തിനാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. ഒരാളെപ്പോലും നിയമിക്കാതിരിക്കുന്നതു കൊണ്ടണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ടിവരുന്നത്.

നിയമനം നടത്തുന്നുണ്ടെങ്കില്‍ സമയബന്ധിതമായി നിയമനം നടത്തി പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും അപേക്ഷിക്കാനുള്ള പ്രായപരിധിയും തുടര്‍ച്ചയായി നീട്ടി യുവാക്കളെ വ്യാമോഹത്തില്‍ തളച്ചിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. പിഎസ്സിയെ നോക്കുകുത്തിയാക്കി നിയമനനിരോധനം നടപ്പാക്കുന്ന യുവജനവഞ്ചനയ്ക്കെതിരെയാണ് കേരളത്തില്‍ സമരം നടക്കുന്നത്. ഡിസംബര്‍ 23ന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കിയ യുവജനമുന്നേറ്റം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ യുവജനസമരമായിരുന്നു. അതില്‍ ആള് കുറഞ്ഞെന്ന ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം വിചിത്രമാണ്. സമരത്തില്‍ പങ്കാളികളായ യുവാക്കളെയും സമരത്തിനു സാക്ഷ്യംവഹിച്ച നാട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയുമെല്ലാം പരിഹസിക്കുകയാണ് ഉമ്മന്‍ചാണ്ടിചെയ്തത്.

യുവജനസമരത്തിന് ആളുകള്‍ കുറവാണെന്ന ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശം യൂത്ത്കോണ്‍ഗ്രസിന്റെ ജാഥ കണ്ടതുകൊണ്ട് തോന്നിയതാകാം. ഡിസംബര്‍ 23ന് നടന്ന സമരത്തില്‍ ലക്ഷക്കണക്കിനു യുവാക്കളാണ് യൂണിറ്റുകളില്‍നിന്ന് കാല്‍നടയായി തലേദിവസംതന്നെ ജില്ലാകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഇത്തരം യുവജനസമരങ്ങളെ പരിഹസിക്കുകയും യുവജനവഞ്ചന നയമായി സ്വീകരിക്കുകയുംചെയ്യുന്ന ഉമ്മന്‍ചാണ്ടിക്ക് ഏറെനാള്‍ അധികാരത്തില്‍ പിടിച്ചുനില്‍ക്കാനാകില്ലന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment