സംഘടനാ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല: കരുണാകരന്‍
സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം പ്രഹസനം ഉണ്ടായിട്ടില്ല. പാര്‍ടിനേതൃത്വം ചിലരുടെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
പതിവില്‍നിന്ന് വ്യത്യസ്തമായി മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവനയുമായാണ് കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ യുദ്ധപ്രഖ്യാപനം നടത്തിയത്. പരസ്യപ്രസ്താവന പാടില്ലെന്ന വിലക്ക് തള്ളി ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടികളാണ് നടക്കുന്നത്. കെപിസിസി നേതൃത്വം എഐസിസിയെ പറഞ്ഞു പറ്റിക്കുകയാണെന്നും കരുണാകരന്‍ പറഞ്ഞു. നിഷ്പക്ഷവും നീതിപൂര്‍വവുമായാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒരു കൂട്ടര്‍ അതെല്ലാം അട്ടിമറിച്ചു. കെപിസിസി ഓഫീസിലിരുന്ന് ബൂത്തുതലംമുതല്‍ സംസ്ഥാനതലംവരെ തെരഞ്ഞെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രവര്‍ത്തകരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ചര്‍ച്ചയ്ക്കെന്ന പേരില്‍ രണ്ടുമൂന്നു പ്രാവശ്യം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്നെ വന്നുകണ്ടത് നാട്ടുകാരെ പറ്റിക്കാനാണ്. അത് അവരുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ശരിയായ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്ന കാലത്തെല്ലാം തങ്ങള്‍ ജയിച്ചിട്ടുണ്ട്. അതിനെ അവര്‍ ഭയപ്പെടുകയാണ്.
കെപിസിസി പ്രസിഡന്റിന് താഴെതട്ടിലുള്ളവരുമായി വ്യക്തിപരമായ അടുപ്പം വേണം. ഇപ്പോഴത്തെ പ്രസിഡന്റിന് അതുണ്ടോ. പ്രവര്‍ത്തകരുടെ അംഗീകാരമുള്ളവരാകണം നേതൃത്വത്തില്‍ വരേണ്ടത്. സംസ്ഥാന നേതൃത്വത്തില്‍ വിശ്വാസമില്ല. മൂന്നു മാസമായി തെരഞ്ഞെടുപ്പ് നടക്കുന്നതായി പറഞ്ഞുകൊണ്ടിരിക്കുന്നു. റിട്ടേണിങ് ഓഫീസര്‍മാരെ നിശ്ചയിച്ചുകഴിഞ്ഞാല്‍ നിശ്ചിതസമയത്തിനകം തെരഞ്ഞെടുപ്പുനടപടി പൂര്‍ത്തീകരിക്കണം. എന്നാല്‍, നിയമപരമായ രീതിയില്‍ മണ്ഡലം കമ്മിറ്റികള്‍ക്കോ ബ്ളോക്ക് കമ്മിറ്റികള്‍ക്കോ രൂപംനല്‍കാന്‍പോലും ആയിട്ടില്ല. ബൂത്തില്‍പ്പോലും പ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്തിട്ടില്ല. അവരുടെ അഭിപ്രായം ആരാഞ്ഞ് പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടില്ല. മെമ്പര്‍ഷിപ് പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞില്ല.
റിട്ടേണിങ് ഓഫീസര്‍മാര്‍ ചുമതലയേറ്റു കഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റിന്റെ അധികാരം പരിമിതമാണ്. സമവായമെന്ന പേരിലുള്ള ചര്‍ച്ചകളെല്ലാം പ്രഹസനമാണ്. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പില്‍ പങ്കാളിയായതില്‍ ലജ്ജയുണ്ട്. തെരഞ്ഞെടുപ്പിന്റെ ഫൈനല്‍ എന്തായാലും തങ്ങള്‍ക്ക് ബാധകമല്ലെന്നും അംഗീകരിക്കില്ലെന്നും കരുണാകരന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വ്യക്തമാക്കി. എഐസിസിയില്‍ തനിക്ക് വിശ്വാസമുണ്ട്. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കമാന്‍ഡിന് പരാതിനല്‍കും. ഭയന്ന് പിന്മാറുന്ന പ്രശ്നമില്ല. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സംഘടനാ തെരഞ്ഞെടുപ്പുപ്രഹസനം ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് ദോഷമാകും. മൂന്നുമാസമായി തെരഞ്ഞെടുപ്പെന്ന പേരില്‍ ഒരു പാര്‍ടിപ്രവര്‍ത്തനവും കേരളത്തില്‍ നടക്കുന്നില്ലെന്നും എല്ലാം പ്രസ്താവനകളില്‍ ഒതുങ്ങുകയാണെന്നും കരുണാകരന്‍ പറഞ്ഞു.
കരുണാകരന്റെ നീക്കം: കെപിസിസിക്ക് ഞെട്ടല്‍
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അംഗീകരിക്കുന്നില്ലെന്നുമുള്ള കെ കരുണാകരന്റെ പരസ്യ പ്രഖ്യാപനം കെപിസിസി നേതൃത്വത്തെ ഞെട്ടിച്ചു. വാര്‍ത്താസമ്മേളനം നടത്തി കരുണാകരന്‍ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് ചെന്നിത്തലയും കൂട്ടരും കരുതിയിരുന്നില്ല. കരുണാകരന്റെ പ്രസ്താവനയ്ക്കെതിരെ പരസ്യ പ്രതികരണം വേണ്ടെന്ന് ചെന്നിത്തല ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കരുണാകരനു പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
കേരളത്തിലെ പ്രശ്നങ്ങളില്‍ എ കെ ആന്റണി അസ്വസ്ഥനാണ്. സംഘടനാ തെരഞ്ഞെടുപ്പ് കോടതികളില്‍വരെ എത്തിയതില്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രതിഷേധമുണ്ട്. പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമായാണ് കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പാര്‍ടിയില്‍ കലഹം ഒഴിവാക്കാനെന്ന പേരിലാണ് സമവായത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. പക്ഷേ, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ സ്ഥാനം പങ്കിടുകയും അത് പാര്‍ടിയില്‍ വലിയ പ്രതിഷേധം സൃഷ്ടിക്കുകയുമാണ്.
അണികള്‍ അറിയാതെ ബൂത്ത്-മണ്ഡലം തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഈ രീതി മുകള്‍ത്തട്ടിലേക്കും വ്യാപിപ്പിക്കാന്‍ നോക്കിയപ്പോഴാണ് ഡിസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടി നിര്‍ത്തിവയ്ക്കുന്നതിനുള്ള കോടതിവിധി 20 വരെ നിലനില്‍ക്കുകയാണ്. ഇതിനിടെ, ഡിസിസി പങ്കിടലിനെപ്പറ്റിയുള്ള അനൌപചാരിക കൂടിയാലോചന തുടരുന്നുണ്ട്. മൂന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ച കരുണാകരന് ഒന്നു പോലും നല്‍കില്ലെന്ന ചെന്നിത്തലയുടെ ശാഠ്യമാണ് കരുണാകരനെ കൂടുതല്‍ പ്രകോപിതനാക്കിയത്. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ടി നേതാക്കളായ പി സി ചാക്കോ, വി എം സുധീരന്‍ തുടങ്ങിയവരെല്ലാം ഉമ്മന്‍ചാണ്ടി-ചെന്നിത്തല നീക്കത്തില്‍ തൃപ്തരല്ല. അതിനാല്‍ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഉള്‍പ്പെടെ അവസാന തീരുമാനം പാര്‍ടി ഹൈക്കമാന്റിന്റേതായി വരും. അതിനര്‍ഥം സംഘടനാ കാര്യങ്ങളില്‍ എ കെ ആന്റണിക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നാണ്.
കരുണാകരന് ആരും വാക്കുനല്‍കിയിട്ടില്ല: ആര്യാടന്‍
ഉപാധികള്‍ ഇല്ലാതെയാണ് കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതെന്നും അദ്ദേഹത്തിന് ആരും വാക്ക് കൊടുത്തിട്ടില്ലെന്നും ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിക്കുന്ന കരുണാകരന്‍ അദ്ദേഹത്തിന് ഹൈക്കമാന്‍ഡില്‍ വിശ്വാസമില്ലേയെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയെയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഹൈക്കമാന്‍ഡ് സംതൃപ്തരാണ്. കരുണാകരന് നിര്‍ബന്ധമാണെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തെല്ലാം തെരഞ്ഞെടുപ്പ് നടത്തിക്കൊടുക്കണം. വോട്ടെടുപ്പുണ്ടയാല്‍ കരുണാകരന് ഒരു ജില്ലപോലുംകിട്ടില്ല. അദ്ദേഹത്തിന് ചിലരെ ചില സ്ഥാനങ്ങളില്‍ എത്തിക്കണമെന്ന് ആഗ്രഹമുണ്ടാകാം. എന്നാല്‍, അതുകൊണ്ട് അദ്ദേഹത്തിന് ഗുണവുമുണ്ടാകില്ല. തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസിലെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ പ്രതികരിക്കുന്നവരെ പിന്തുണയ്ക്കാനാകില്ലെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 04072010
സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും അത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം പ്രഹസനം ഉണ്ടായിട്ടില്ല. പാര്‍ടിനേതൃത്വം ചിലരുടെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു
ReplyDeleteമുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെ വന്നുകണ്ട്, ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന കരുണാകരന്റെ ആക്ഷേപത്തിന് മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല പറഞ്ഞു. പറ്റിച്ചെന്ന തോന്നലുണ്ടെങ്കില്‍ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തണം. തെരഞ്ഞെടുപ്പിനായി റിട്ടേണിങ് ഓഫീസറെ നിയമിച്ചാല്‍ കെപിസിസി പ്രസിഡന്റിന് പരിമിതമായ അധികാരമേയുള്ളൂവെന്ന കരുണാകരന്റെ പ്രസ്താവന ശരിയല്ല. പുതിയ പ്രസിഡന്റ് വരുന്നതുവരെ നിലവിലുള്ള പ്രസിഡന്റിന് തുടരാനും അധികാരം വിനിയോഗിക്കാനും അവകാശമുണ്ട്.
ReplyDelete