Friday, April 5, 2013

പൊലീസ് കള്ളമൊഴി തയ്യാറാക്കിയെന്ന് 5 സാക്ഷികള്‍കൂടി


കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളായ അഞ്ചുപേര്‍ വ്യാഴാഴ്ച പ്രോസിക്യൂഷനെതിരെ മൊഴി നല്‍കി. 41 മുതല്‍ 45 വരെ സാക്ഷികളായ കൊളവല്ലൂര്‍ കിഴക്കയില്‍ വീട്ടില്‍ അബ്ദുള്ള, പാട്യം സൗപര്‍ണികയില്‍ പി സന്ദീപ്, കൊട്ടിയൂര്‍ ചുങ്കക്കുന്ന് സുധാനിവാസില്‍ അജിത്, കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കയില്‍ വീട്ടില്‍ വി ജിലീഷ്, കൊളവല്ലൂര്‍ കുന്നോത്തുപറമ്പ് സി പ്രജീഷ് എന്നിവരാണ് പൊലീസ് തയാറാക്കിയ മൊഴികള്‍ കള്ളമാണെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചത്. ഇതോടെ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കുന്ന സാക്ഷികളുടെ എണ്ണം 19 ആയി. കേസ് വിചാരണ തുടങ്ങിയശേഷം ഇത്രയധികം സാക്ഷികള്‍ ഒറ്റദിവസം പ്രോസിക്യൂഷനെതിരെ നിലപാടെടുക്കുന്നത് ആദ്യമാണ്. എതിരായി മൊഴി നല്‍കുമെന്ന സംശയത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മൂന്നുപേരെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. കേസ് ഡയറിയിലെ 79, 80, 87 സാക്ഷികളായ മധുസൂദനന്‍, സുനില്‍കുമാര്‍, കെ സി സജേഷ് എന്നിവരെയാണ് ഒഴിവാക്കിയത്. സാക്ഷികളുടെ രാഷ്ട്രീയ ബന്ധവും ബന്ധുത്വവും ചികഞ്ഞ് ഏറെ സമയമെടുത്ത് പ്രോസിക്യൂഷന്‍ വിസ്തരിച്ചെങ്കിലും പൊലീസ് രേഖപ്പെടുത്തിയത് കള്ളമാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.

വടകര ഡിവൈഎസ്പി ഓഫീസില്‍ വെള്ളക്കടലാസില്‍ പൊലീസ് ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്ന് 42, 43, 44 സാക്ഷികള്‍ വ്യക്തമാക്കി. മഹസറില്‍ എഴുതിയതെന്താണെന്ന് പൊലീസ് വായിച്ചുകേള്‍പ്പിച്ചിട്ടില്ല. പൊലീസ് വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചത് റോഡില്‍വച്ചാണെന്ന് 45-ാം സാക്ഷി പറഞ്ഞു. കേസില്‍ പ്രതിയായി ചേര്‍ത്ത പി കെ കുഞ്ഞനന്തന്റെ വീട്ടില്‍നിന്ന് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ രേഖയുടെ ഫോട്ടോകോപ്പിയും പൊലീസ് എടുക്കുന്നത് കണ്ടിട്ടില്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ 41-ാംസാക്ഷി അബ്ദുള്ള മൊഴി നല്‍കി. ഇപ്രകാരം പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. പൊലീസ് കുഞ്ഞനന്തന്റെ വീട്ടില്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ താനുണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞിട്ടില്ല. 2012 മെയ് 20ന് രാത്രി എട്ടേകാലിന് കുഞ്ഞനന്തന്റെ വീട്ടിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടുപോയി മഹസറില്‍ ഒപ്പിടുവിക്കുകയാണുണ്ടായതെന്ന് പ്രതിഭാഗം വിസ്താരത്തിന് മറുപടിയായി അബ്ദുള്ള പറഞ്ഞു. കൊല നടന്നതിന്റെ പിറ്റേന്ന് തന്റെ നാനോ കാര്‍ ഷനോജ് അടക്കമുള്ള പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ വിട്ടുകൊടുത്തിട്ടില്ലെന്ന് 42-ാംസാക്ഷി പി സന്ദീപ് ബോധിപ്പിച്ചു. ഇപ്രകാരം പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണ്. കേസിലെ പ്രതി ജ്യോതിബാബുവിന്റെ വീട് പൊലീസ് പരിശോധിച്ച് മഹസര്‍ തയാറാക്കുന്നത് കണ്ടിട്ടില്ലെന്ന് 43-ാം സാക്ഷി അജിത് പറഞ്ഞു. കേസ് ഡയറിയിലെ 88, 89 സാക്ഷികളായ യൂസഫ്, അസീസ് എന്നിവര്‍ ഗള്‍ഫിലായതിനാല്‍ വിസ്തരിച്ചില്ല.

പ്രതിപ്പട്ടികയിലും സാക്ഷിപ്പട്ടികയിലും ഒരാള്‍

കോഴിക്കോട്: പ്രതിപ്പട്ടികയിലും സാക്ഷിപ്പട്ടികയിലും ഒരേയാള്‍ സ്ഥാനംപിടിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലാണ് ഈ മറിമായം. കേസ് ഡയറിയില്‍ 81-ാം സാക്ഷിയായി സ്ഥാനംപിടിച്ച പൊന്നത്ത് കുമാരന്‍ പ്രോസിക്യൂഷന്റെ പ്രതിപ്പട്ടികയിലുമുണ്ട്. 72-ാം പ്രതിയായാണ് കുമാരനെ ചേര്‍ത്തത്. ഇദ്ദേഹത്തിനെതിരായ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. വ്യാഴാഴ്ച വിസ്തരിക്കേണ്ട സാക്ഷികളുടെ കൂട്ടത്തിലാണ് കുമാരന്റെ പേരുള്ളത്. ഇദ്ദേഹത്തിന്റെ അസാന്നിധ്യം പ്രതിഭാഗം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിശക് കോടതി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സമന്‍സ് അയച്ചിട്ടില്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു.

deshabhimani 050413

No comments:

Post a Comment