Friday, April 5, 2013
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നഷ്ടത്തിലേക്ക്
ആലപ്പുഴ: തുടര്‍ച്ചയായി സാമ്പത്തിക ലാഭംനേടിയ പൊതുമേഖലാ മരുന്നുനിര്‍മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നഷ്ടത്തിലേക്കെന്ന് സൂചന. വാര്‍ഷിക വിറ്റുവരവ് സംബന്ധിച്ച് കണക്കെടുപ്പ് ആരംഭിക്കാനിരിക്കെയാണ് ഈ അനൗദ്യോഗിക വിലയിരുത്തല്‍. കെഎസ്ഡിപി ഉല്‍പ്പാദിപ്പിച്ച മരുന്നുകള്‍ സ്വകാര്യ മരുന്നുകമ്പനികളുമായി ഒത്തുകളിച്ച് ആരോഗ്യവകുപ്പ് വാങ്ങാതിരുന്നതും മരുന്നുവില വെട്ടിക്കുറച്ചതുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. 2009-10ല്‍ 25 ലക്ഷവും 2010-11ല്‍ 2.25 കോടിയും 2011-2012 സാമ്പത്തിക വര്‍ഷം 3.5 കോടിയും ലാഭം നേടിയ സ്ഥാപനമാണ് യുഡിഎഫ് ഭരണത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് സംബന്ധിച്ച ഓഡിറ്റിങ്ങ് നടപടി ഉടന്‍ ആരംഭിക്കും. കമ്പനി നടത്തുന്ന കണക്കെടുപ്പിന് അക്കൗണ്ട്സ് ജനറലിന്റെ പരിശോധനയ്ക്കുശേഷമേ അംഗീകാരംനല്‍കു.
2013 വരെ കെഎസ്ഡിപി ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നും ആരോഗ്യവകുപ്പ് വാങ്ങിക്കൊള്ളാമെന്ന് 2008ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മരുന്നുവാങ്ങിയില്ല. 2012-2013 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ആകെ 13 കോടിയുടെ മരുന്നുമാത്രമാണ് വാങ്ങിയത്. 2011-2012ല്‍ 39.5 കോടിയുടെ ഓര്‍ഡര്‍ നല്‍കിയ സ്ഥാനത്താണിത്. കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കാത്തതിനാല്‍ ഏഴിനം ആന്റി ബയോട്ടിക്കുകളും ഒആര്‍എസും ഉള്‍പ്പെടെ കെഎംസിഎല്ലിനുവേണ്ടി മാത്രം ഉല്‍പ്പാദിപ്പിച്ച അഞ്ചുകോടിയുടെ മരുന്ന് കെട്ടിക്കിടക്കുകയാണ്. കെഎസ്ഡിപിയില്‍നിന്ന് വാങ്ങുന്ന മരുന്നിന്റെ വില 25 ശതമാനത്തോളം കെഎംസിഎല്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ചതും തിരിച്ചടിയായി. അഞ്ചുകോടിയുടെ മരുന്ന് കോര്‍പറേഷന്‍ വാങ്ങിയപ്പോള്‍ 1.25 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടായി. സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ വിലയാണ് അധികൃതര്‍ കെഎസ്ഡിപിക്ക് നല്‍കിയത്. കെഎസ്ഡിപി ഉല്‍പ്പാദിപ്പിക്കുന്ന അതേയിനം മരുന്നുകള്‍ക്ക് സ്വകാര്യ കമ്പനികളില്‍ നിന്ന് വിലകുറച്ച് ടെന്‍ഡര്‍ വാങ്ങിയാണ് അധികൃതര്‍ ഈ അട്ടിമറി നടത്തിയത്. അതേസമയം ഇവിടെ ഉല്‍പ്പാദിപ്പിക്കാത്ത മരുന്നുകള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് പുറംകരാര്‍ നല്‍കുകയുംചെയ്തു. ആംപിഫിലിന്‍ 250 ആന്റിബയോട്ടിക് ക്യാപ്സ്യൂളിന് 1.16 രൂപയ്ക്കാണ് കെഎസ്ഡിപി നല്‍കിയിരുന്നത്. ഇത് 77 പൈസയായിവെട്ടിക്കുറച്ചു. കൂടാതെ ക്ലോക്സാസിലിന്‍ 250 ന് 100 എണ്ണത്തിന് 102 രൂപയായിരുന്നത് 77.75 രൂപയായും 20.5 ഗ്രാമിന്റെ ഒആര്‍എസ് പായ്ക്കറ്റിന് നാല് രൂപയായിരുന്നത് 2.65 രൂപയായും കുറച്ചു. ഇത്രയും കുറഞ്ഞവിലയ്ക്ക് മരുന്നുനല്‍കിയാല്‍ സ്ഥാപനം നഷ്ടത്തിലാകുമെന്ന് കെഎസ്ഡിപി വ്യക്തമാക്കിയിരുന്നെങ്കിലും സര്‍ക്കാരും അധികൃതരും കനിഞ്ഞില്ല.
(ജി അനില്‍കുമാര്‍)
deshabhimani 050413
Labels:
ആരോഗ്യരംഗം,
പൊതുമേഖല,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment