ഐക്യരാഷ്ട്രകേന്ദ്രം: പാശ്ചാത്യരാഷ്ട്രങ്ങളുടെ താല്‍പ്പര്യപ്രകാരമുള്ള ആഗോള ആയുധവ്യാപാര നിയന്ത്രണ ഉടമ്പടി ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. പടക്കോപ്പുകള്‍ ഭീകരരുടെയും യുദ്ധപ്രഭുക്കളുടെയും മറ്റും കൈകളിലെത്തുന്നതു തടയാന്‍ എന്നവകാശപ്പെട്ടുള്ള ഉടമ്പടി ഒരു പതിറ്റാണ്ടോളം നീണ്ട പ്രചാരണത്തിന്റെയും ശ്രമത്തിന്റെയും ഫലമായാണ് പാസാക്കിയത്. പാകിസ്ഥാനടക്കം 154 രാജ്യങ്ങള്‍ ഉടമ്പടിയെ പിന്തുണച്ചപ്പോള്‍ മൂന്ന് രാജ്യം എതിര്‍ത്തു. സുപ്രധാന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യയടക്കം 23 രാജ്യം വിട്ടുനിന്നു.
ലോകജനതയുടെ വിജയമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രതികരിച്ചു. അനധികൃത ആയുധക്കമ്പോളത്തിലേക്ക് മാരകമായ ആയുധങ്ങള്‍ വഴിതിരിച്ചുവിടുന്നത് തടയാന്‍ ഈ ഉടമ്പടി വഴിയൊരുക്കും. മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയാനും അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ഈ നിയമം ശക്തമായ ആയുധമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിരാജ്യമായ അമേരിക്ക ഉടമ്പടിയെ അനുകൂലിച്ചു. പാശ്ചാത്യചേരിയുടെ ശത്രുത മൂലം വിവിധ ഉപരോധങ്ങള്‍ നേരിടുന്ന ഇറാന്‍, സിറിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ടുചെയ്തത്. അമേരിക്ക അടക്കമുള്ള വന്‍ ആയുധ കയറ്റുമതി രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഉടമ്പടി പ്രതിരോധത്തിന് ആയുധം ഇറക്കുമതി ചെയ്യേണ്ടിവരുന്ന രാജ്യങ്ങള്‍ക്ക് ദോഷകരമാണെന്ന് അവര്‍ വാദിച്ചു. ഇന്ത്യക്കുപുറമെ റഷ്യ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അറബ് രാജ്യങ്ങളായ ഈജിപ്ത്, സൗദി അറേബ്യ, സുഡാന്‍, ഖത്തര്‍ എന്നിവയും വിട്ടുനിന്നപ്പോള്‍ ലെബനന്‍ അനുകൂലമായി വോട്ടുചെയ്തു. യുഎന്‍ അംഗീകരിച്ചെങ്കിലും ഉടമ്പടി എത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. അമ്പത് അംഗരാജ്യങ്ങള്‍ സ്വന്തം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം നേടി90 ദിവസത്തിനുശേഷമാണ് ഉടമ്പടി പ്രാബല്യത്തില്‍ വരിക. അമേരിക്കയിലടക്കം ആയുധവ്യാപാരികളുടെ ശക്തമായ എതിര്‍പ്പുണ്ട്. സെനറ്റില്‍ റിപ്പബ്ലിക്കന്മാരുടെ എതിര്‍പ്പ് മറികടന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാലേ ഉടമ്പടി പാസാകൂ.
അന്താരാഷ്ട്ര ഇടപാടുകള്‍ക്കാണ് ഉടമ്പടി ബാധകമെന്നും സ്വന്തം പ്രദേശത്തിനുള്ളില്‍ ആയുധവ്യാപാരത്തിനുള്ള പരമാധികാരം നഷ്ടപ്പെടില്ലെന്നും അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. യുദ്ധടാങ്കുകള്‍, കവചിത യുദ്ധവാഹനങ്ങള്‍, പോര്‍വിമാനങ്ങള്‍, ആക്രമണ ഹെലികോപ്റ്ററുകള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍, മിസൈല്‍ വിക്ഷേപിണികള്‍ തുടങ്ങിയവയുടെ വ്യാപാരമാണ് ഉടമ്പടിപ്രകാരം നിയന്ത്രിക്കപ്പെടുക. ഇതാദ്യമായാണ് ഇത്തരത്തിലൊരു ഉടമ്പടി നിലവില്‍വരുന്നത്. ഇപ്പോള്‍ 6000 കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്. നാലുവര്‍ഷത്തിനിടെ ഇത് 10,000 കോടി ഡോളറിന്റേതാകുമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തുന്നത്.
deshabhimani 050413
No comments:
Post a Comment