Friday, April 5, 2013

കള്ളപ്പണനിക്ഷേപകരില്‍ മനോരമ കുടുംബാംഗവും


ലോകത്തെ കള്ളപ്പണനിക്ഷേപകരുടെ പട്ടികയില്‍ 612 ഇന്ത്യക്കാര്‍. മലയാള മനോരമ നടത്തിപ്പുകാരായ കണ്ടത്തില്‍ കുടുംബാംഗവും എംആര്‍എഫ് മാനേജ്മെന്റിലെ ഉന്നതനുമായ രാഹുല്‍ മാമ്മന്‍മാപ്പിളയും പട്ടികയില്‍ ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണനിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ തേടി വിവിധ രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. കോണ്‍ഗ്രസ് എംപി വിവേകാനന്ദ് ഗദ്ദം, മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യ എന്നിവര്‍ക്കും കള്ളപ്പണനിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ 170 രാജ്യങ്ങളില്‍നിന്നുള്ള കോടീശ്വരന്മാര്‍ നിയമ വിരുദ്ധനിക്ഷേപത്തിന് മറയിടാന്‍ 1.2 ലക്ഷം വരുന്ന കമ്പനികളും ട്രസ്റ്റുകളും തട്ടിക്കൂട്ടിയതായി അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ കമ്പനികളിലൂടെയും ബിനാമികളിലൂടെയുമാണ് കള്ളപ്പണ നിക്ഷേപം. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്, കൂക്ക് ഐലന്റ്സ്, സമോവ തുടങ്ങിയ സ്ഥലങ്ങള്‍ നികുതിരഹിതനിക്ഷേപത്തിനുള്ള താവളങ്ങളാക്കി. അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഏജന്‍സികളായ പോര്‍ട്ട്ക്യൂലിസ് ട്രസ്റ്റ്നെറ്റ്, കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ലിമിറ്റഡ് തുടങ്ങിയവ കമ്പനികള്‍ തട്ടിക്കൂട്ടാനും വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും സഹായമൊരുക്കി. ലോകത്തിലെ 38 പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ 15 മാസമെടുത്താണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 25 ലക്ഷം രഹസ്യ ഫയലുകളും 20 ലക്ഷം ഇ-മെയിലുകളും പരിശോധിച്ചു. കള്ളപ്പണനിക്ഷേപകരുടെ പണം ഇടപാടുകള്‍, കമ്പനി രൂപീകരണങ്ങള്‍, വ്യക്തികളുടെയും അവരുടെയും ബിനാമികളുടെയും പേരില്‍ തട്ടിക്കൂട്ടിയ കമ്പനികളുടെ വിവരങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ് ബൃഹത്തായ റിപ്പോര്‍ട്ട്.

കള്ളപ്പണനിക്ഷേപകരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നുവെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും പേരുവിവരം പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ കണ്ടത്തില്‍ കുടുംബാംഗത്തിന്റെ പേര് മുമ്പും ഉയര്‍ന്നിരുന്നു. വ്യവസായപ്രമുഖരായ രവികാന്ത് റൂയിയ, സമീര്‍ മോഡി, ചേതന്‍ ബര്‍മന്‍, അഭയ്കുമാര്‍ ഒസ്വാള്‍, തേജ രാജു, സൗരവ് മിത്തല്‍, വിനോദ് ദോഷി എന്നിവരും പട്ടികയിലുണ്ട്.

deshabhimani 050413

No comments:

Post a Comment