Friday, April 5, 2013
താഴില്ല ചെങ്കൊടി, ഏതു ഭീകരതയിലും
പശ്ചിമബംഗാളിലെ തൊഴില്‍ മേഖലയില്‍ ഇത്രയും ദുരിതപൂര്‍ണമായ കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ല. തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്രനയങ്ങളോടും തൊഴിലാളികളെ കൊന്നൊടുക്കാനും അവരുടെ സംഘടനാ സ്വാതന്ത്ര്യം ഹനിക്കാനും ശ്രമിക്കുന്ന സംസ്ഥാനഭരണത്തിന്റെ ഭീകരതയോടും ഒരേ സമയം പൊരുതിയാണ് ബംഗാളിലെ തൊഴിലാളി പ്രസ്ഥാനം മുന്നേറുന്നത്. 1970-72 കാലത്തെ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ അര്‍ധഫാസിസ്റ്റ് ഭരണത്തിലേതിന് സമാനമായ മമതാ ബാനര്‍ജിയുടെ അധികാരപ്രമത്തതയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിന്റെ അനുഭവവും ചങ്കൂറ്റവുമായാണ് ബംഗാള്‍ പ്രതിനിധികള്‍ സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് എത്തിയത്.
മറ്റൊരിന്ത്യന്‍ സംസ്ഥാനത്തും കാണാനിടയില്ലാത്തവിധമുള്ള ദുരനുഭവമാണ് ബംഗാളിലെ തൊഴിലാളികള്‍ക്കുള്ളതെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് രാജ്ദേവ് ഗോവ്ല പറഞ്ഞു. നാല്‍പ്പതുകളില്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ച സംഘടിതതൊഴിലാളി പ്രസ്ഥാനത്തെ തച്ചുതകര്‍ക്കാമെന്ന് മൂഢസ്വപ്നം കാണുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. അതിനവര്‍ക്ക് കൂട്ട് പൊലീസുണ്ട്, തൃണമൂല്‍ ഗുണ്ടകളുണ്ട്, വ്യവസായികളുടെ കങ്കാണിമാരുണ്ട്. സംഘടിത മേഖലയില്‍ യൂണിയന്‍ പ്രവര്‍ത്തകരെ പുറത്താക്കുന്നതും അനാവശ്യമായി സ്ഥലം മാറ്റുന്നതും വരുതിക്ക് വരാത്തവരെ ഗുണ്ടകളെക്കൊണ്ടും പൊലീസിനെക്കൊണ്ടും മര്‍ദിക്കുന്നതും പതിവ്. സിഐടിയുവിന്റെയും അഫിലിയേറ്റഡ് യൂണിയനുകളുടെയും ഓഫീസുകള്‍ തകര്‍ത്തതിന് കൈയും കണക്കുമില്ല. ബാങ്കുറ, ബര്‍ധമാന്‍ ജില്ലകളിലാണ് ഇത്തരം അതിക്രമങ്ങള്‍ ഏറെയും. തൊഴിലാളികള്‍മാത്രമല്ല, കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മമത ഭരണത്തിന്‍കീഴില്‍ ഇതേ അനുഭവമാണ് പറയാനുള്ളത്. എസ്എഫ്ഐ നേതാവ് സുദീപ്തയെ കൊന്നത് ഈ പരമ്പരയില്‍ ഒടുവിലത്തേത്. എത്ര സ്ത്രീകളാണ് പകല്‍വെളിച്ചത്തില്‍ മാനഭംഗത്തിനിരയായത്. അടുത്ത കാലംവരെ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായി ജീവിച്ച കൊല്‍ക്കത്തയില്‍പ്പോലും ഇതാണ് അവസ്ഥ.
മമത ഭരണത്തിന്റെ ആദ്യകാലത്തെ അടിച്ചമര്‍ത്തലുകളുടെ തീവ്രത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ സംഘടിത ചെറുത്തുനില്‍പ്പാണ് പൊതുവിലുള്ള അടിച്ചമര്‍ത്തലുകളുടെ തീവ്രത ഒട്ടൊന്നു കുറച്ചത്. ഫെബ്രുവരി 20, 21ന്റെ പണിമുടക്ക് രണ്ടുവര്‍ഷമായി സിഐടിയു നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ മൂര്‍ത്തരൂപമായിരുന്നു. പണിമുടക്കിയാല്‍ ശിക്ഷാനടപടിയുണ്ടാവുമെന്ന ഭീഷണി കൂസാതെ 60-70 ശതമാനം തൊഴിലാളികളും പണിമുടക്കി. മറ്റു കേന്ദ്ര ട്രേഡ് യൂണിയനുകളും അണിചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. തൊഴിലാളികളുടെ സംഘടിത ചെറുത്തുനില്‍പ്പ് പൊതുസമൂഹത്തിനാകെ ഗുണംചെയ്യുമെന്നതിന്റെ തെളിവാണിത്. സംഘടനയില്ലാത്ത ഫാക്ടറികളില്‍ യൂണിയനുകളുടെ റജിസ്ട്രേഷന്‍പോലും തടയാനുള്ള ശ്രമം നേരത്തെയുണ്ടായിരുന്നു. ഇപ്പോഴതിന് മമത ധൈര്യപ്പെടുന്നില്ല. ദുസ്സഹമായ ജീവിതാനുഭവങ്ങള്‍ തൊഴിലാളികളെ സിഐടിയുവിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നുണ്ട്- രാജ്ദേവ് ഗോവ്ല പറഞ്ഞു.
(എന്‍ എസ് സജിത്)
deshabhimani 050413
Labels:
വാര്‍ത്ത,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment