സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യമാക്കിയാണ് എത്തിയതെന്ന് തോക്കും കത്തിയുമായി പിണറായി പാണ്ട്യാലമുക്കില്‍ ദുരൂഹസാഹചര്യത്തില്‍ പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ മൊഴി. ഇക്കാര്യം ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ തലശേരി സിഐ വിശ്വംഭരന്‍ നായര്‍ അറിയിച്ചു. "മാനസികമായ അകല്‍ച്ച"യാണ് കാരണമായി പറഞ്ഞത്. "ടി പി ചന്ദ്രശേഖരന്‍ വധം ഇതിലേക്ക് നയിച്ചു"വെന്നും "ഭയപ്പെടുത്തുകയായിരുന്നു"ലക്ഷ്യമെന്നും പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്ട്രേറ്റ് കോടതി റിമാന്‍ഡ്ചെയ്തു. ആയുധനിയമപ്രകാരമാണ് കേസെടുത്തത്.
പിണറായി വിജയന്റെ വീട്ടിലേക്കുള്ള വഴിയില്‍നിന്ന് ബുധനാഴ്ച രാത്രി എട്ടേകാലിനാണ് നിറതോക്കും വെട്ടുകത്തിയുമായി കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനടുത്ത പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍നമ്പ്യാരെ(75) കസ്റ്റഡിയിലെടുത്തത്. കുടിവെള്ളപദ്ധതിക്കായി റോഡരികില്‍ ഇറക്കിയ പൈപ്പിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു തോക്ക്. ബസ്ഷെല്‍ട്ടറില്‍ ഇരുന്ന ഒരാളാണ് പൈപ്പിനുള്ളില്‍ തോക്ക് കണ്ടത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തിയും കണ്ടെടുത്തു. 43 സെന്റീമീറ്റര്‍ നീളമുള്ളതാണ് വെട്ടുകത്തി. 116 സെന്റീമീറ്റര്‍ നീളമുള്ള മടക്കാവുന്ന തോക്കില്‍ എ കെ അഗ്നി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നടക്കാവിലെ കടയില്‍നിന്നാണ് തോക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തന്റെയൊപ്പം മറ്റു രണ്ടുപേര്‍ കൂടിയുണ്ടെന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീടത് മാറ്റി. വീട്ടില്‍നിന്ന് അഞ്ചുദിവസംമുമ്പ് പുറപ്പെട്ടതാണ്. നാലുദിവസമായി വടകരയിലെ ആലക്കല്‍ റസിഡന്‍സിയിലാണ് താമസം. ചൊവ്വാഴ്ച പിണറായിയിലെത്തിയിരുന്നു. പിണറായി വിജയന്റെ വീടും പരിസരവുമെല്ലാം നിരീക്ഷിച്ച് രാത്രി തിരിച്ചുപോയി. ബുധനാഴ്ച വീണ്ടും എത്തിയപ്പോഴാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി വടകരയിലെ ലോഡ്ജും വളയത്തെ വീടും പൊലീസ് പരിശോധിച്ചു. തോക്ക് വിശദപരിശോധനയ്ക്കായി കണ്ണൂരിലെത്തിച്ചു. കുഞ്ഞികൃഷ്ണന്‍നമ്പ്യാരുടെ മകന്‍ പ്രകാശന്‍, മകളുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ എന്നിവരെ ധര്‍മടം സ്റ്റേഷനില്‍ ചോദ്യംചെയ്തു. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നാണ് മകനും മരുമകനും പൊലീസിനോട് പറഞ്ഞത്. നല്ല സാമ്പത്തികശേഷിയുള്ളയാളാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍. നേരത്തെ ഉണ്ടായിരുന്ന തോക്ക് ലൈസന്‍സ് പുതുക്കാത്തതിനാല്‍ നാദാപുരം സ്റ്റേഷനില്‍ സറണ്ടര്‍ചെയ്തു. തലശേരി എഎസ്പി ധീരജ് കുമാര്‍ ഗുപ്ത, സിഐ വിശ്വംഭരന്‍, ധര്‍മടം എസ്ഐ ഷിജു എന്നിവരുള്‍പ്പെട്ട സംഘം വളയത്ത് വിശദമായ അന്വേഷണം നടത്തി. പിണറായി വിജയനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി. സംഭവത്തിനുപിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതും ആയുധത്തിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
deshabhimani 050413
No comments:
Post a Comment