Friday, April 5, 2013

പഞ്ചസാര ഇനി കയ്ക്കും

പഞ്ചസാരയുടെ വിലനിയന്ത്രണം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വന്‍കിട പഞ്ചസാര ലോബികളുടെ ആവശ്യമനുസരിച്ചാണിത്. വിപണിയില്‍ പഞ്ചസാരവില കുതിച്ചുകയറാന്‍ തീരുമാനം വഴിയൊരുക്കും. പൊതുവിതരണ സംവിധാനം വഴി കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാന്‍ ഉല്‍പ്പാദനത്തിന്റെ 10 ശതമാനം സര്‍ക്കാരിന് നല്‍കണമെന്ന ബാധ്യതയില്‍നിന്ന് പഞ്ചസാര മില്ലുകളെ ഒഴിവാക്കാനും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചു. പൊതുവിപണിയില്‍ കമ്പനികള്‍ക്ക് ഇറക്കാവുന്ന പഞ്ചസാരയുടെ അളവിനുണ്ടായിരുന്ന നിയന്ത്രണവും എടുത്തുമാറ്റി. ഉപഭോഗ സംസ്ഥാനമായ കേരളത്തിനാകും കടുത്ത പ്രത്യാഘാതം. കഴിഞ്ഞ ഒക്ടോബറില്‍ രംഗരാജന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് വിലനിയന്ത്രണം നീക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ ലെവി സമ്പ്രദായത്തിനും അവസാനമായി. ഉല്‍പ്പാദനത്തിന്റെ 10 ശതമാനം സര്‍ക്കാരിന് നല്‍കാന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കുന്നതാണ് ലെവി സമ്പ്രദായം. ഇനി കുറഞ്ഞ തുകയ്ക്ക് സര്‍ക്കാരിന് പഞ്ചസാര നല്‍കാനുള്ള ബാധ്യത മില്ലുകള്‍ക്കില്ല. നിലവില്‍ 20 രൂപയ്ക്ക് മില്ലുകളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പഞ്ചസാരയാണ് 13.50 രൂപയ്ക്ക് പൊതുവിതരണ സംവിധാനത്തിലുടെ വിതരണം ചെയ്യുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ പഞ്ചസാരവിതരണം തന്നെ അട്ടിമറിക്കപ്പെടുന്നതിലേക്കാണ് പുതിയ തീരുമാനം നയിക്കുക.

deshabhimani 050413

No comments:

Post a Comment