Wednesday, April 24, 2013

സ്വവര്‍ഗ വിവാഹം ഫ്രാന്‍സില്‍ നിയമവിധേയമായി


പാരീസ്: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 225 നെതിരേ 321 വോട്ടുകള്‍ക്കാണ് ബില്ല് പാര്‍ലമെന്റില്‍ പാസായത്. സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് കുട്ടികളെ ദത്തെടുക്കാനും ബില്ലില്‍ അനുവാദം നല്‍കിയിട്ടുണ്ട്.

സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പതിന്നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ബില്ല് പാസായതോടെ ഫ്രാന്‍സിലെ നിയമവിധേയമായ ആദ്യ സ്വവര്‍ഗവിവാഹം ജൂണില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് നീതിന്യായമന്ത്രി ക്രിസ്റ്റ്യാന ടോബിര പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കടുത്ത പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സംഘടിപ്പിച്ച പൊതു ചര്‍ച്ചകളിലെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്താണ് സര്‍ക്കാര്‍ നടപടി.

സ്വവര്‍ഗ വിവാഹം നിയമവിധേയമായതിന് പിന്നാലെ സെന്‍ട്രല്‍ പാരീസിലെ നാഷണല്‍ അസംബ്ലി മന്ദിരത്തിന് പുറത്ത് നൂറുകണക്കിന് പേര്‍ ആഹ്ലാദപ്രകടനം നടത്തി. സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ക്കുന്നവര്‍ പിന്നീട് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

deshabhimani

No comments:

Post a Comment