കണ്ണൂര്‍: ജനസമ്പര്‍ക്കനാടകത്തിന്റെ പതിനാലാമത് വേദിയായ കണ്ണൂരില്‍ ഇന്ന് മുഖ്യമന്ത്രി എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.
ഉദ്യോഗസ്ഥതലത്തില്‍ ലഭ്യമാകേണ്ട സേവനങ്ങള്‍ ലഭിക്കാതിരിക്കുന്നതുകൊണ്ടാണ് ജനസമ്പര്‍ക്കപരിപാടി നടത്തേണ്ടിവരുന്നതെന്ന് മുഖ്യമന്ത്രിയുടെ പരോക്ഷമായ വാദം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഭരണസംവിധാനങ്ങളാകെ നിശ്ചലമായ യു ഡി എഫ് ഭരണത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ധനസഹായങ്ങള്‍ വിതരണം ചെയ്യലും ബി പി എല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കലും മുഖ്യമന്ത്രി നേരിട്ട് നടത്തുമ്പോള്‍ ഹൈക്കോടതിയുടെപോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജനസമ്പര്‍ക്കപരിപാടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനവകുപ്പുകളിലെ മുഖ്യതസ്തികകളിലെല്ലാം യു ഡി എഫ് അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളെയുമാണ് നിയമിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ അത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന യു ഡി എഫ് നേതാക്കളുടെയും മന്ത്രിമാരുടെയും കഴിവുകേട് തന്നെയാണെന്ന് വ്യക്തമാണ്.
സാധാരണഗതിയില്‍ ഒരുമാസം കൊണ്ട് പരിഹാരം ലഭിക്കുമായിരുന്ന അപേക്ഷകള്‍ മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നതും കാത്തിരുന്ന് നാല് മാസമായിട്ടും തീര്‍പ്പാകാതെ ഇരിക്കുകയാണ്. ഗുരുതരമായ രോഗബാധിതരായവര്‍ ചികിത്സാധനസഹായത്തിനുവേണ്ടി നല്‍കുന്ന അപേക്ഷകള്‍ ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ മാറ്റിവെക്കപ്പെടുന്നത്. നാലോ അഞ്ചോ മാസം മുമ്പ് ലഭിച്ച അപേക്ഷകള്‍ മാറ്റിവെച്ച് ഇന്ന് നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കുകയാണ് ചെയ്യുന്നത്. റേഷന്‍കാര്‍ഡ് ബി പി എല്‍ ആക്കുന്നതും ധനസഹായങ്ങളും ഉള്‍പ്പെടെ ഉദ്യോഗസ്ഥതലത്തില്‍ നേരത്തെ തീര്‍പ്പാക്കിയ അപേക്ഷകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്ത് ജനങ്ങളുടെ കയ്യടി വാങ്ങുന്നതെന്നാണ് രസകരം. റേഷന്‍കാര്‍ഡ് ബി പി എല്‍ ആക്കാന്‍ വേണ്ടി 1158 അപേക്ഷകരില്‍ വിധവകളും ശയ്യാവലംബരുമായ 295 പേര്‍ക്ക് ഇന്ന് കണ്ണൂരില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ കൗണ്ടറില്‍ ചെന്ന് കാര്‍ഡ് വാങ്ങാമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പിന്നീട് സാമൂഹ്യസാമ്പത്തിക ജാതി സെന്‍സസ് പൂര്‍ത്തിയായതിനുശേഷം അര്‍ഹരായവര്‍ക്ക് ബി പി എല്‍ കാര്‍ഡ് നല്‍കുമെന്നാണ് അറിയിപ്പ്. അവശരായവരും വൃദ്ധരുമെല്ലാം രാവിലെ ജനസമ്പര്‍ക്കപരിപാടിയില്‍ തിക്കിത്തിരക്കി എത്തി കാര്‍ഡ് കൈപ്പറ്റണമെന്ന് ശാഠ്യം പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ധിപ്പിക്കാനാണെങ്കില്‍ അതിനും പഴി കേള്‍ക്കേണ്ടിവരുന്നത് മറ്റുള്ളവരാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടി നടത്തേണ്ടിവരുന്നതെന്നാണ് ഒരു സ്വകാര്യഹരജി പരിഗണിക്കുന്നതിനിടയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈയിടെ നിരീക്ഷിച്ചത്. വാങ്ങുന്ന ശമ്പളത്തോട് ഉദ്യോഗസ്ഥര്‍ കൂറ് കാണിക്കണമെന്നും ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായി. വില്ലേജ് ഓഫീസറും തഹസീല്‍ദാറും താലൂക്ക് സപ്ലൈ ഓഫീസറും പരിഹരിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നില്ലെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതിന്റെ പരിണിതഫലമാണ് ഹൈക്കോടതിയുടെ വിമര്‍ശനമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രി തന്നെയും പങ്കാളികളായി എന്ന വാര്‍ത്തകള്‍ക്കിടയില്‍ മുഖം രക്ഷിക്കാനാണ് ജനസമ്പര്‍ക്കപരിപാടി രണ്ടാംഘട്ടം തുടങ്ങാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ആദ്യഘട്ട ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി എല്ലാം ജില്ലകളിലും പരിപാടികള്‍ നടത്തിയതിന്റെ ചെലവ് നാലരക്കോടി രൂപയാണെന്നാണ് വിവരാവകാശനിയമപ്രകാരം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. ആര്‍ഭാടപൂര്‍വ്വം നടത്തുന്ന രണ്ടാംഘട്ടത്തില്‍ ചെലവ് പത്ത് കോടിയിലധികം കവിയുമെന്നാണ് സൂചനകള്‍. കോടിക്കണക്കിന് രൂപ ചെലവാക്കി സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന പൊറാട്ടുനാടകത്തില്‍ പഴികേള്‍ക്കുന്നത് ഉദ്യോഗസ്ഥരാണ്.
വില്ലേജ് ഓഫീസുകള്‍ മുഖേന പാവപ്പെട്ടവര്‍ക്കും ശയ്യവലംബികളായവര്‍ക്കും വീടുകളില്‍ എത്തിച്ചുനല്‍കേണ്ട ആനൂകൂല്യങ്ങള്‍ പോലുമുണ്ട്. അവപോലും ലഭ്യമാകണമെങ്കില്‍ ഉമ്മന്‍ചാണ്ടി എന്ന അഭിനവ മഹാരാജാവിന്റെ തിരുമുമ്പിലെത്തി കാത്തുനില്‍ക്കണമെന്ന സ്ഥിതിയുണ്ടാക്കുന്നത് ജനാധിപത്യസംവിധാനത്തിന് തന്നെ നിരക്കാത്തതാണെന്ന ശക്തമായ വാദമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നത്. കഴിവുള്ള ഭരണാധികാരിയാണെങ്കില്‍ തന്റെ കീഴില്‍ പ്രധാന സ്ഥാനങ്ങളില്‍ അമര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ് അനൂകൂല സംഘടനകളുടെ നേതാക്കളായ ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് ജനം തിരിച്ചറിയുമെന്നും ഉദ്യോഗസ്ഥരും സാധാരണജനങ്ങളും പറഞ്ഞുതുടങ്ങിയിരിക്കുകയാണ്.
(ഗിരീഷ് അത്തിലാട്ട്)
janayugom
No comments:
Post a Comment