ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായി സീനിയര്‍ അഭിഭാഷകന്‍ എം കെ ദാമോദരന്‍. കള്ളത്തെളിവുകളാണ് ഹാജരാക്കിയതെന്നും പ്രതിഭാഗത്തിനുവേണ്ടി അന്തിമവാദത്തിന് തുടക്കമിട്ട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ അദ്ദേഹം വാദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനുവേണ്ടി എം കെ ദാമോദരന്‍ ഹാജരാകുന്നുണ്ടെന്നുകാണിച്ച് അഡ്വ. സി ശ്രീധരന്‍നായര്‍ സമര്‍പ്പിച്ച മെമ്മോ കോടതി അംഗീകരിച്ചു.
കണ്ണൂരിലെ ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോഴിക്കോട് ജില്ലയിലെ ആര്‍എംപി പ്രവര്‍ത്തകരെയുമാണ് മുന്‍ നിശ്ചയിച്ച പ്രകാരം പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയത്. സമന്‍സ് അയച്ച് വരുത്തിയിട്ടില്ല, പൊലീസ് സ്റ്റേഷനുകളില്‍ ചെന്നാണ് സാക്ഷികള്‍ മൊഴി നല്‍കിയത്. സിപിഐ എമ്മിനെതിരായ ഗൂഢാലോചനാ ആരോപണം തകരുമ്പോള്‍ കേസ് അപ്പാടെ നിലനില്‍ക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ദാമോദരന്‍ വാദിച്ചു.
ഓര്‍ക്കാട്ടേരിയിലെ പൂക്കടയില്‍ 2012 ഏപ്രില്‍ രണ്ടിന് ഗൂഢാലോചന നടത്തി എന്നത് കെട്ടിച്ചമച്ച സംഭവമാണ്. കെ സി രാമചന്ദ്രന്‍ 2012 മെയ് 17ന് വൈകിട്ട് അഞ്ചിന് പൂക്കട ചൂണ്ടിക്കാണിച്ചതനുസരിച്ചാണ് മഹസര്‍ തയാറാക്കിയതെന്ന രേഖ കളവാണ്. അന്ന് ഇതേസമയം രാമചന്ദ്രനടക്കമുള്ളവരെ കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയതായി പ്രോസിക്യൂഷന്റെ തന്നെ രേഖയുണ്ട്. അന്ന് വൈകിട്ട് ആറരയ്ക്കുശേഷമാണ് പ്രതിചേര്‍ക്കപ്പെട്ടവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നത്.
പ്രോസിക്യൂഷന്‍ തയാറാക്കുന്ന രേഖകള്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന നിയമം ലംഘിച്ച്, 61-ാം നമ്പര്‍ രേഖ കോടതിയില്‍ എത്തിച്ചത് കുറ്റപത്രത്തോടൊപ്പം 2012 ആഗസ്ത് 13നാണ്. മോഹനന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലോ മറ്റ് രേഖകളിലോ പരാമര്‍ശമില്ല. സാക്ഷികളെ 2012 മെയ് 12നും 13നും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയെന്നാണ് രേഖകളില്‍ കാണുന്നത്. എന്നാല്‍ അന്നുമുതല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയുള്ള കാലത്തൊന്നും ആരോപിക്കുന്ന നിലയിലുള്ള ഗൂഢാലോചന നടന്നതായി പറയുന്നില്ല. പൂക്കട ഗൂഢാലോചന നടന്ന ദിവസമായി ഏപ്രില്‍ രണ്ട് പ്രോസിക്യൂഷന്‍ തെരഞ്ഞെടുത്തത് അന്ന് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ദീപശിഖ ജാഥയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഒഞ്ചിയത്തുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. ഇതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന് പ്രതിഭാഗം വിസ്താരവേളയില്‍ തെളിയിച്ചിട്ടുണ്ട്.
ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് പറയുന്ന സാക്ഷി സജീവ ആര്‍എംപി പ്രവര്‍ത്തകനായ പാല്‍ സൊസൈറ്റി ജീവനക്കാരനാണ്. അന്ന് സൊസൈറ്റി രജിസ്റ്ററില്‍ സാക്ഷി ഒപ്പിട്ടിട്ടുണ്ട്. മണ്ടോടി കണ്ണന്‍ സ്മാരകം തകര്‍ത്ത കേസില്‍ 29 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട് ഇയാള്‍.
ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്സ് ഗൂഢാലോചന, കെ സി രാമചന്ദ്രന്‍ പണം കൈമാറി തുടങ്ങിയവയും കെട്ടിച്ചമച്ചതാണ്. ക്രിമിനല്‍ കേസ് പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് സാക്ഷി. ക്വാര്‍ട്ടേഴ്സില്‍ പ്രതികള്‍ താമസിച്ച മുറിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ പോലും ഹാജരാക്കാനായിട്ടില്ല. പാര്‍ട്ടി നേതാവായ പി കെ കുഞ്ഞനന്തന്റെ വീട്ടില്‍ സിപിഐ എം നേതാക്കളെ കണ്ടതില്‍ സംശയാസ്പദ സാഹചര്യമില്ലെന്നും ദാമോദരന്‍ വാദിച്ചു. കുഞ്ഞനന്തന്റെ ഭാര്യ പൊതുപ്രവര്‍ത്തകയും ബ്ലോക്ക്പഞ്ചായത്തംഗവുമാണ്.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി എന്‍ സുകുമാരന്‍, സി ശ്രീധരന്‍നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, പി വി ഹരി, കെ പി ദാമോദരന്‍നമ്പ്യാര്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, എന്‍ ആര്‍ ഷാനവാസ്, വി വി ശിവദാസന്‍, പി ശശി, വി ബിന്ദു, അരുണ്‍ബോസ് എന്നിവരും ഹാജരായി. വാദം ബുധനാഴ്്ചയും തുടരും.
deshabhimani.04-Dec-2013
മൊഴികളും രേഖകളും പരസ്പര വിരുദ്ധം: എം കെ ദാമോദരന്‍
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് സീനിയര്‍ അഭിഭാഷകന്‍ എം കെ ദാമോദരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ അവസാനനാളുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്നാണ് ഇത് കെട്ടിച്ചമച്ചത്. അതുവരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലോ മറ്റുരേഖകളിലോ ഗൂഢാലോചനക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളും സാക്ഷിമൊഴികളും പരസ്പരവിരുദ്ധമാണ്-പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ പ്രതിഭാഗം വാദം അവതരിപ്പിക്കുകയായിരുന്നു ദാമോദരന്‍.
2012 മെയ് 31നകംതന്നെ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്ത് പ്രോസിക്യൂഷന്‍ മൊഴി രേഖപ്പെടുത്തിയെന്നാണ് രേഖ. ദൃക്സാക്ഷികളുടെ മൊഴി മെയ് ഒമ്പതിന് എടുത്തിട്ടുണ്ട്. എന്നാല്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്ത് മെയ് 16ന് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കേസിന്റെ ഗൂഢാലോചനയെപ്പറ്റിയോ ഏതെല്ലാം പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ സൂചിപ്പിച്ചിട്ടില്ല. സാക്ഷികളെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും പ്രതികളെക്കുറിച്ച് ലഭിച്ച വിവരവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്ന പ്രാഥമിക നിയമം പോലും പാലിക്കപ്പെട്ടില്ല. ഇതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ന്യായീകരണവും നിരത്താനാകില്ല.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പുള്ള എല്ലാ റിപ്പോര്‍ട്ടുകളിലും കാണാനാവുക. പി മോഹനനെ അറസ്റ്റ് ചെയ്ത് ആദ്യം കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളിലും ഗൂഢാലോചനക്കുറ്റം പറയുന്നില്ല. പ്രതികള്‍ക്കെതിരെ ബോധപൂര്‍വം കുറ്റം ചുമത്തുകയായിരുന്നു എന്നാണിത് തെളിയിക്കുന്നത്.
ജില്ലാ ജയിലില്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് റിപ്പോര്‍ട്ട് കോടതി പൂര്‍ണമായി തള്ളിക്കളയണമെന്ന് ദാമോദരന്‍ ആവശ്യപ്പെട്ടു. പരേഡ് നടത്തുമ്പോള്‍ പാലിക്കേണ്ട രീതികള്‍ അനുവര്‍ത്തിച്ചിട്ടില്ല. സാക്ഷികള്‍ക്ക് പ്രതികളെ കാണിച്ചുകൊടുത്തു. കൃത്യം നടത്തിയ ആളുകളാണെന്ന് ഒന്നാംസാക്ഷി ആരെയും ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുപോലുമില്ല. സാക്ഷികള്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് പ്രതികളെ മുന്‍പരിചയമുള്ളതിനാല്‍ നേരിട്ടറിയാമെന്ന് 2, 3 സാക്ഷികള്‍ 2012 മെയ് ഒമ്പതിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മെയ് 17ന് വകുപ്പ് കൂട്ടിച്ചേര്‍ത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി പറയുന്നുണ്ട്. സാക്ഷികളെ ചോദ്യം ചെയ്യാതെ തയാറാക്കിയതാണ് പ്രോസിക്യൂഷന്‍ രേഖകളെന്ന് വ്യക്തമാകുമെന്നും ദാമോദരന്‍ വാദിച്ചു. വ്യാഴാഴ്ചയും വാദം തുടരും.
deshabhimani, 05-Dec-2013
ദൃക്സാക്ഷികള്‍ വ്യാജം; മൊഴി വിശ്വസനീയമല്ല
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൂന്നുപേരുടെയും മൊഴി വിശ്വസനീയമല്ലെന്ന് സീനിയര്‍ അഭിഭാഷകന്‍ എം കെ ദാമോദരന്‍. സിപിഐ എം വിരോധമുള്ള ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകരാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒന്ന്, രണ്ട്, മൂന്ന് സാക്ഷികള്‍. ഇവരാരും കൊലപാതകം കണ്ടിട്ടില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും ദാമോദരന്‍ വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി മൂന്നാംദിവസം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വാദം നടത്തുകയായിരുന്നു അദ്ദേഹം.
സാക്ഷികളുടെ സ്വഭാവം സംശയകരമാണ്. അഞ്ചുപേര്‍ മാരകമായി വെട്ടുന്നത് കണ്ടുവെന്നാണ് സാക്ഷിമൊഴി. വെട്ടേറ്റു കിടന്നയാളെ ആശുപത്രിയിലെത്തിക്കാനോ പൊലീസില്‍ വിവരം അറിയിക്കാനോ സാക്ഷികള്‍ തയാറായില്ല. സംഭവം കണ്ടശേഷം വീട്ടില്‍ പോയി ഉറങ്ങുകയായിരുന്നുവെന്ന മൊഴിയും അസ്വാഭാവികമാണ്. സ്ഥലത്തെ പ്രധാനിയും ആര്‍എംപി നേതാവുമായ ടി പി ചന്ദ്രശേഖരനാണ് വെട്ടേറ്റത് എന്ന് ഇവര്‍ക്ക് മനസ്സിലായില്ല എന്നതും വിശ്വസനീയമല്ല. സംഭവസ്ഥലത്തുണ്ടായിരുന്നെങ്കില്‍ ബൈക്കില്‍ വരുമ്പോള്‍ ചന്ദ്രശേഖരനെ തിരിച്ചറിയാന്‍ ആവശ്യമായ സമയമുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഇവര്‍ ഇല്ലാത്തതിനാല്‍ കേസാവശ്യാര്‍ഥം ആര്‍എംപിക്കാരായ സാക്ഷികളെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് വ്യക്തമാണ്.
സാക്ഷികള്‍ അന്ന് സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം ഫോണ്‍ റെക്കോഡുകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചതാണ്. തങ്ങള്‍ ആര്‍എംപി പ്രവര്‍ത്തകരാണെന്ന കാര്യം ആദ്യം നിഷേധിച്ച സാക്ഷികള്‍ പ്രതിഭാഗം തെളിവ് ഹാജരാക്കിയപ്പോള്‍ മാത്രമാണ് അംഗീകരിച്ചത്. ആര്‍എംപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ച രേഖ പോലും പ്രതിഭാഗം ഹാജരാക്കിയ കാര്യം ദാമോദരന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. ശേഖരിച്ച തെളിവുകള്‍ അന്വേഷണസംഘം യഥാസമയം കോടതിയില്‍ എത്തിച്ചിട്ടില്ല. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ കൂടിയിരുന്ന് ആലോചിച്ചാണ് വ്യാജമായി സൃഷ്ടിച്ചെടുത്ത തെളിവുകള്‍ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുന്ന തരത്തിലാക്കിയത്.
ഇന്നോവ കാറില്‍നിന്ന് ശേഖരിച്ച നാല് വിരലടയാളം അന്വേഷണസംഘം കോടതിയില്‍ എത്തിച്ചില്ല. യഥാര്‍ഥ വസ്തുത പുറത്തുവരുമെന്ന് ഭയപ്പെട്ടതുകൊണ്ടാണിത്. ഏഴുപേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നതും പരിഗണിക്കേണ്ടതുണ്ട്.
ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം പരിക്കേല്‍പ്പിച്ചു എന്നാണ് സാക്ഷിയായ പൊലീസ് എസ്ഐയുടെ മൊഴിയിലുണ്ടായിരുന്നത്. എന്നാല്‍ വെട്ടിയതിനുശേഷം ബോംബെറിഞ്ഞു എന്നാണ് പ്രോസിക്യൂഷന്‍ രേഖകളിലുള്ളത്. സംഭവസ്ഥലത്ത് പിറ്റേന്നുരാവിലെ വരെ കാവല്‍നിന്ന പൊലീസുകാരെ കേസില്‍ സാക്ഷികളാക്കേണ്ടിയിരുന്നു, അതുണ്ടായില്ല. കൊലയ്ക്കുപയോഗിച്ചതായി ആരോപിച്ച ഇന്നോവ കാര്‍ കള്ളനമ്പര്‍ ഉപയോഗിച്ചാണ് ഓടിച്ചതെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമാണ് പറയുന്നത്. കൃത്രിമമായി ഉണ്ടാക്കിയ തെളിവുകള്‍ യഥാര്‍ഥ തെളിവുകളായി പരിഗണിക്കരുത്.
കൊല നടന്നയുടന്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചത്. അതിനനുസരിച്ച് നേതാക്കളെ പിന്നീട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ദാമോദരന്‍ വാദിച്ചു. വെള്ളിയാഴ്ചയും വാദം തുടരും. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍നായര്‍, കെ ഗോപാലകൃഷ്ണക്കുറുപ്പ്, സോജന്‍ മൈക്കിള്‍, കെ പി ദാമോദരന്‍നമ്പ്യാര്‍, കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, വി വി ശിവദാസന്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി ബിന്ദു, അരുണ്‍ബോസ് എന്നിവരും ഹാജരായി.
deshabhimani , 06-Dec-2013
No comments:
Post a Comment