Wednesday, January 1, 2014

ചിറകൊടിഞ്ഞ് ഉമ്മന്‍ചാണ്ടി

രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിച്ഛായത്തകര്‍ച്ചയില്‍നിന്ന് കരകയറില്ല. മന്ത്രിസഭാ വികസനത്തോടെ കുന്തം കൊടുത്ത് കുത്തിക്കുന്ന ഗതികേടിലാണ് ഉമ്മന്‍ചാണ്ടി എത്തുക. പാര്‍ടിയില്‍ ഒന്നാമനായിരുന്ന ചെന്നിത്തല മന്ത്രിസഭയില്‍ രണ്ടാമനോ നാലാമനോ ആയിമാറുന്നത് ഇതുവരെ സ്വപ്നംകണ്ട മുഖ്യമന്ത്രിക്കസേരയെ മറന്നുകൊണ്ടല്ല. അതുകൊണ്ടുതന്നെ ചെന്നിത്തല ആഭ്യന്തരമന്ത്രിയായ സര്‍ക്കാരിന്റെ തലവനായി ഉമ്മന്‍ചാണ്ടി തുടരുന്നത് തീക്കുണ്ഠത്തിനു മുകളിലെ ഇരിപ്പുപോലെയാണ്.

സ്വാഭാവികമായും രണ്ട് അധികാരകേന്ദ്രങ്ങളാവും ഇനി ഭരണത്തില്‍. സോണിയ-രാഹുല്‍ കൈയൊപ്പിന്റെ ബലത്തില്‍ ആഭ്യന്തരമന്ത്രിയാകുന്ന ചെന്നിത്തലയ്ക്ക് സ്വാഭാവികമായും ഭരണത്തിലും സംഘടനയിലും പിടിമുറുക്കാം. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കെപിസിസി പ്രസിഡന്റ് പദവി ഒഴിയുമ്പോള്‍ ചെന്നിത്തലയ്ക്ക് യുഡിഎഫിനെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട. പാപഭാരം മൊത്തമായി ഉമ്മന്‍ചാണ്ടിയുടെ തലയിലാകും. അത് നേതൃമാറ്റത്തിലേക്കും ഉമ്മന്‍ചാണ്ടിയുടെ കസേര തെറിക്കുന്നതിലേക്കും എത്തും. സരിതാകേസും പൊള്ളുന്ന വിഷയമായി നിലനില്‍ക്കുന്നു. വിശ്വസിക്കാന്‍കൊള്ളാത്ത ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് താനില്ലെന്ന് ആണയിട്ട ചെന്നിത്തല ഇതെല്ലാം കണ്ടാണ് എല്ലാം മറന്ന് ആഭ്യന്തരമന്ത്രിയാകുന്നത്. കെപിസിസി പ്രസിഡന്റായ ചെന്നിത്തല ആഭ്യന്തരമന്ത്രിക്കസേര സ്വന്തമാക്കിയത് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നതിനേക്കാള്‍ ശ്രമകരമായാണ്. രണ്ടുവട്ടം പാളിയ ശ്രമം ഒരുവര്‍ഷത്തിനുശേഷം ലക്ഷ്യത്തിലെത്തിയത് സോണിയയുടെ അന്ത്യശാസനത്തിന്റെ ശക്തിയിലാണ്. അത് നടപ്പാക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി വന്ന് 24 മണിക്കൂര്‍ ചര്‍ച്ച നടത്തിയിട്ടും കാര്യങ്ങള്‍ ശുഭകരമായല്ല അവസാനിച്ചത്.

ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കിയത് ഇഷ്ടത്തോടെയല്ല. ആന്റണിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പിനു വഴങ്ങുകയായിരുന്നു. ഒന്നരവര്‍ഷമായി തന്റെ നിഴലായി തുടര്‍ന്ന തിരുവഞ്ചൂരിന്റെ ക്ഷോഭം തീര്‍ക്കാന്‍ വിജിലന്‍സും വനംവകുപ്പും ഉമ്മന്‍ചാണ്ടി വാഗ്ദാനംചെയ്തു. എന്നാല്‍, ഗുരുവായൂര്‍ അമ്പലദര്‍ശനം നടത്തുന്നതിനിടയില്‍ ചെന്നിത്തലയ്ക്ക് ഇതേപ്പറ്റിയുള്ള സന്ദേശം ലഭിച്ചപ്പോള്‍, സോണിയാജിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരവും വിജിലന്‍സും ഒന്നിച്ചുതന്നെ താന്‍ കൈകാര്യംചെയ്തുകൊള്ളാമെന്നാണ് പ്രതികരിച്ചത്. തിരുവഞ്ചൂരിന്റെ പിണക്കത്തില്‍ എറെ പരിഭ്രമം ഉമ്മന്‍ചാണ്ടിക്കാണ്. സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പൊലീസിനെയും വിജിലന്‍സിനെയും മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി ദുരുപയോഗിച്ചത് തിരുവഞ്ചൂരാണ്. പിണങ്ങിയാല്‍ മുഖ്യമന്ത്രിക്കസേരതന്നെ തെറിപ്പിക്കാനുള്ള പ്രാപ്തി തിരുവഞ്ചൂരിനുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഇക്കാരണത്താലാണ് തിരുവഞ്ചൂരിനെ അനുനയിപ്പിക്കാന്‍ അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുന്നത്. സ്പീക്കര്‍സ്ഥാനം വച്ചുനീട്ടിയപ്പോള്‍ അതില്‍ കൊത്തിയില്ല. അടൂര്‍ പ്രകാശില്‍നിന്ന് റവന്യൂവകുപ്പ് എടുക്കാന്‍ ആലോചിച്ചപ്പോള്‍ എതിര്‍പ്പുമായി വെള്ളാപ്പള്ളി രംഗത്തെത്തി.

കെപിസിസി പ്രസിഡന്റ് മന്ത്രിയാകുമ്പോള്‍ തിരുവഞ്ചൂരിനെ മന്ത്രിസഭയില്‍നിന്ന് മാറ്റുകയെന്ന ആലോചന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആദ്യമുണ്ടായിരുന്നു. എന്നാല്‍, തിരുവഞ്ചൂരിനെ പ്രകോപിപ്പിക്കുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ് അതിന് തടയിട്ടത് ഉമ്മന്‍ചാണ്ടിയാണ്. കെ ബി ഗണേശ്കുമാറിന്റെ മന്ത്രിമോഹമാണ് ഇതോടെ ഇല്ലാതായത്. കെപിസിസി പ്രസിഡന്റ് പദവിയും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പും നിയമസഭാസമ്മേളനം തീരുന്ന ഫെബ്രുവരി 27നുശേഷം തീരുമാനിക്കാനാണ് ധാരണ. കുറച്ചുനാള്‍ കൂടി കെപിസിസി പ്രസിഡന്റുപദവിയില്‍ ചെന്നിത്തല തുടരും. ഈ ഇരട്ടപ്പദവിക്ക് കാരണം പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിലുള്ള സംഘടനാപ്രതിസന്ധിയാണ്. 1986ല്‍ പ്രതിച്ഛായ മെച്ചമാക്കാന്‍ കെ കരുണാകരന്‍ മന്ത്രിസഭാ അഴിച്ചുപണി നടത്തിയിട്ടും ഭരണത്തിലും സംഘടനയിലും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

ആര്‍ എസ് ബാബു

ചെന്നിത്തലയുടെ വകുപ്പ് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രഖ്യാപിക്കും

തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചെന്നും ചെന്നിത്തലയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച രാവിലെ 11.20ന് നടക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചെന്നിത്തയ്ക്ക് നല്‍കേണ്ട വകുപ്പുകള്‍ ഏതൊക്കെയെന്നകാര്യം സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രഖ്യാപിക്കുമെന്നും നിലവില്‍ മന്ത്രിസഭയിലുള്ള ആരും മന്ത്രിസഭയ്ക്ക് പുറത്തുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയില്‍ കൂടുതല്‍ അഴിച്ചുപണികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ചെന്നിത്തലയുടെ വകുപ്പുകളെ സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. വകുപ്പ് സംബന്ധിച്ച് തീരുമാനമായെന്നും എന്നാല്‍ അക്കാര്യങ്ങള്‍ പുറത്തുപറയാന്‍ ചില പരിമിതികളുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ബാലകൃഷ്ണ പിള്ളയുടെ ആവശ്യം ന്യായമാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് സര്‍ക്കാരിനും യുഡിഎഫിനും കരുത്ത് പകരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ചെന്നിത്തല വരുന്നതോടെ മന്ത്രിസഭയില്‍ ആരാകും രണ്ടാമനെന്ന് ചോദിച്ചപ്പോള്‍ മന്ത്രിസഭയില്‍ വലിപ്പച്ചെറുപ്പമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

deshabhimani

No comments:

Post a Comment