അപമാനിച്ചു പുറത്താക്കാനാണ് ശ്രമമെന്നും സംരക്ഷണം വേണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ ആഭ്യന്തരമന്ത്രി കേന്ദ്ര പ്രതിരോധമന്ത്രിക്കുമുന്നില്‍ ഗദ്ഗദകണ്ഠനായി. സോളാര്‍ തട്ടിപ്പടക്കമുള്ള കാര്യങ്ങളും ചര്‍ച്ചാവിഷയമായത്രെ. തനിക്ക് പറയാനുള്ളത് വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍, അത്രത്തോളം പോകരുതെന്ന് ആവശ്യപ്പെട്ട ആന്റണി ആശ്വാസവാക്കുകളോടെയാണ് തിരുവഞ്ചൂരിനെ മടക്കി അയച്ചത്. പുറത്തേക്കുവന്ന തിരുവഞ്ചൂരിന്റെ മുഖം കയറുമ്പോള്‍ ഉള്ളതിനേക്കാളും മ്ലാനമായിരുന്നു. എല്ലാം മുഖ്യമന്ത്രി പറയുമെന്ന് പറഞ്ഞൊഴിഞ്ഞ് ആന്റണി ശിവഗിരിക്കും പോയി. ആന്റണിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 11.30ന് കാണാമെന്നുപറഞ്ഞ് ഓഫീസിലേക്ക്. അവിടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നിരുന്നു. അവരോടെല്ലാം നന്ദി പറഞ്ഞ് അത്യാവശ്യം ചില ഫയലുകളില്‍ ഒപ്പുവച്ചു. തുടര്‍ന്ന് സെക്രട്ടറിയറ്റിലെ പിആര്‍ ചേംബറില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട തിരുവഞ്ചൂര്‍ മന്ത്രിസഭയില്‍നിന്നാണോ ആഭ്യന്തരമന്ത്രിപദവിയില്‍ നിന്നാണോ ഒഴിയുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശത്തെക്കുറിച്ചും പ്രതികരണം ഉണ്ടായില്ല. തന്റെകീഴില്‍ ആഭ്യന്തരവകുപ്പ് മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് കോട്ടയത്തേക്ക്. തിങ്കളാഴ്ചത്തെ തിരക്കിട്ട രാഷ്ട്രീയചര്‍ച്ചകള്‍ക്കൊടുവില്‍ ആഭ്യന്തരവകുപ്പ് ഉറപ്പാക്കിയ ചെന്നിത്തല ചൊവ്വാഴ്ച ഗുരുവായൂര്‍ ദര്‍ശനവും തുലാഭാരവും നടത്തി ആലപ്പുഴ വഴി രാത്രിയോടെ വീണ്ടും തലസ്ഥാനത്തെത്തി. രാവിലെ തലസ്ഥാനംവിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് മടങ്ങിയെത്തി ചെന്നിത്തലയുടെ സ്ഥാനാരോഹണം വാര്‍ത്താസമ്മേളനം നടത്തി സ്ഥിരീകരിച്ചു. ഇതിനിടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ കെപിസിസി ഓഫീസിലും മറ്റുമായി തുടര്‍തന്ത്രങ്ങള്‍ മെനയുന്നതും കാണാമായിരുന്നു. ഇടയ്ക്ക് കെ മുരളീധരന്‍ കെപിസിസി ആസ്ഥാനത്ത് എത്തി മടങ്ങി. ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതോടെ പൊലീസ് തലപ്പത്തും മറ്റും വന്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണം ശക്തമായി. ഇഷ്ടസ്ഥാനങ്ങള്‍ നേടുന്നതിനായി കെപിസിസി ആസ്ഥാനത്തും മറ്റുമായി ഉന്നതരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്തുതുടങ്ങി. ചിലര്‍ ചെന്നിത്തല വിഭാഗം നേതാക്കളുടെ സഹായവും തേടിയിട്ടുണ്ട്.
തന്റെ ഭരണകാലം സുവര്‍ണലിപികളില്‍ രേഖപ്പെടുത്തണം: തിരുവഞ്ചൂര്‍
തിരു: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലം സുവര്‍ണലിപിയില്‍ രേഖപ്പെടുത്തേണ്ട കാലഘട്ടമാണെന്നാണ് കരുതുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തന്നെ ആഭ്യന്തരമന്ത്രിയാക്കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു തിരുവഞ്ചൂര്‍.
ആഭ്യന്തരമന്ത്രിസ്ഥാനത്ത് താന്‍ തുടരണോ തന്നെ മാറ്റണോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ഹൈക്കമാന്‍ഡുമാണ്. ഇക്കാര്യത്തില്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് പ്രസക്തിയില്ല. താന്‍ ആഭ്യന്തര മന്ത്രിയായ കാലഘട്ടത്തില്‍ ഒരുപാട് നേട്ടങ്ങള്‍ വകുപ്പ് കൈവരിച്ചിട്ടുണ്ട്. 2012ല്‍ പൊലീസ് വെടിവെപ്പോ കസ്റ്റഡി മരണങ്ങളോ ഉണ്ടായിട്ടില്ല. വിജിലന്‍സ് കേസുകളും വിജിലന്‍സ് അന്വേഷണങ്ങളും നല്ല രീതിയില്‍ മുന്നേറി. ദീര്‍ഘകാലങ്ങളായി കെട്ടിക്കിടന്ന കേസുകളും ഇക്കാലയളവില്‍ പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയ കാര്യങ്ങള്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടികളും മികച്ച മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു പ്രവചനത്തിന് തയ്യാറല്ലെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് യാത്രപറയുന്നത് ആഭ്യന്തര വകുപ്പില്‍ നിന്നാണോ മന്ത്രിസഭയില്‍ നിന്നാണോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളാണെന്നും അതിനാലാണ് വകുപ്പിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ തെറ്റുകൊണ്ടല്ല ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ നീക്കാനുള്ള തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് വാര്‍ത്താസമ്മേളനത്തിലുടനീളം തിരുവഞ്ചൂര്‍ ശ്രമിച്ചത്.
ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു: ചെന്നിത്തല
ആലപ്പുഴ: മന്ത്രിസഭയില്‍ താന്‍ അംഗമാകണമെന്നത് ഹൈക്കമാന്‍ഡ് തീരുമാനമാണെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ദേശീയ നേതൃത്വവും സോണിയ ഗാന്ധിയും ആവശ്യപ്പെടുന്നത് അംഗീകരിക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ചെന്നിത്തല.
മന്ത്രിസഭയില്‍ തനിക്ക് ഏത് വകുപ്പ് നല്‍കണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തിച്ചതെന്നും അധികാരത്തിന് വേണ്ടിയുള്ള പരക്കംപാച്ചില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ കെപിസിസി പ്രസിഡന്റായി തുടരണോ എന്നകാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടി നല്‍കി.
അടിത്തറ ബലപ്പെടുത്തുമെന്ന് കുഞ്ഞാലിക്കുട്ടി
ആലുവ: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തീരുമാനിച്ചത് മുസ്ലിം ലീഗടക്കമുള്ള ഘടക കക്ഷികളോട് ആലോചിച്ച ശേഷമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നത് യുഡിഎഫിന്റെ അടിത്തറ ബലപ്പെടുത്തും. അതുകൊണ്ട് തീരുമാനത്തില്‍ ആര്‍ക്കും ആശങ്കയുണ്ടാവാന്‍ സാധ്യതയില്ല. ഈ തീരുമാനം വഴി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ മുന്നണിക്ക് കഴിയും. കെപിസിസി പ്രസിഡന്റ് ആരാവണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.
മുന്നണിയില്‍ ലീഗിന്റെ രണ്ടാംസ്ഥാനത്തെ കുറിച്ച് ആശങ്കയില്ലെന്നും എംഎല്‍എമാരുടെ എണ്ണം അനുസരിച്ചാണ് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
deshabhimani
No comments:
Post a Comment