Wednesday, January 1, 2014

ചെന്നിത്തല മന്ത്രിയാകുന്നതോടെ കുഴപ്പം കൂടും: പിണറായി

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതോടെ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും പ്രശ്നങ്ങള്‍ അവസാനിക്കുകയല്ല, കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. വലിയ കുഴപ്പത്തിലേക്കാണ് അവര്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പിണറായി പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്റെ 74-ാം വാര്‍ഷികാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ വാശി കാരണമാണ് നേരത്തെ രമേശ്ചെന്നിത്തലക്ക് മന്ത്രിസഭയിലേക്ക് വരാന്‍ കഴിയാതെപോയത്. 2011ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാന്‍തന്നെയാണ് ചെന്നിത്തല ആഗ്രഹിച്ചത്. യുഡിഎഫ് പ്രതീക്ഷകളെല്ലാം തകര്‍ത്ത് നേരിയ ഭൂരിപക്ഷത്തില്‍ അധികാരം ലഭിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കായിരുന്നു ഭൂരിപക്ഷം. അതിനാല്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രിമോഹം സഫലമായില്ല. കോണ്‍ഗ്രസില്‍ വലിയ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതുകണ്ട് എ കെ ആന്റണിയടക്കമുള്ളവര്‍ ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. എന്‍എസ്എസും മറ്റും ഇടഞ്ഞു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ നായരായ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കി. വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുകയും രാഷ്ട്രീയമാറ്റം പ്രവചിച്ച് ചെന്നിത്തല ജാഥനടത്തുകയും ചെയ്തതോടെ അദ്ദേഹത്തെ ആഭ്യന്തരമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കാമെന്ന് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ ധരിപ്പിച്ചു. ഉമ്മന്‍ചാണ്ടി വാക്കുമാറ്റി. അതിനുശേഷം മുഖ്യമന്ത്രിയുടെ വഴിവിട്ടകാര്യങ്ങള്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ നില തീര്‍ത്തും പരുങ്ങലിലായി. കോണ്‍ഗ്രസ് ശിഥിലമായി. മുന്നണിയിലും അന്തഃച്ഛിദ്രം രൂക്ഷമായി. ഇതെല്ലാംകണ്ടാണ് ഹൈക്കമാന്‍ഡ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാന്‍ നിര്‍ദേശിച്ചത്. ഇതുകൊണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ യുഡിഎഫോ രക്ഷപ്പെടാന്‍ പോകുന്നില്ല- പിണറായി പറഞ്ഞു.

തോല്‍വി ചെന്നിത്തലയുടെ തലയിലാക്കാനുള്ള കെണി: കോടിയേരി

തലശേരി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാരം രമേശ് ചെന്നിത്തലയുടെ തലയില്‍കൂടി കെട്ടിവയ്ക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കെണിയാണ് മന്ത്രിസഭാ പുനഃസംഘടനയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിലും സര്‍ക്കാരിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കാനേ പുനഃസംഘടന ഇടയാക്കൂ. ഒരു മന്ത്രിയെ കൊണ്ടുവന്നതുകൊണ്ട് യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസ്ഥിരതയുള്ള സര്‍ക്കാരായി യുഡിഎഫ് ഭരണം മാറി. രണ്ടരവര്‍ഷത്തിനിടെ മൂന്ന് ആഭ്യന്തരമന്ത്രിമാരാണുണ്ടാവുന്നത്. കെപിസിസിയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റസീറ്റും ലഭിക്കില്ല. ആ റിപ്പോര്‍ട്ട് കിട്ടിയപ്പോഴാണ് അത് തയ്യാറാക്കിയ കെപിസിസി പ്രസിഡന്റിനുതന്നെ പണികൊടുക്കുന്നത്. പി സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണോ മാറ്റമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനി പത്രത്തെ തകര്‍ക്കാനുള്ള കള്ളപ്രചാരവേലയാണ് ഏഷ്യാനെറ്റ് നടത്തുന്നത്. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ടാണിത്. നുണപ്രചാരണം ഏഷ്യാനെറ്റ് അവസാനിപ്പിക്കണം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. വ്യക്തിപരമായി നേതാക്കളെ തേജോവധം ചെയ്യാനാണ് ശ്രമം. കള്ളപ്രചാരവേല കൊണ്ടൊന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാക്കളെ തകര്‍ക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment