Saturday, January 18, 2014

സുചിത്രാസെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: സൗന്ദര്യത്തിന്റെയും പ്രതിഭയുടെയും മികവില്‍ ബംഗാളിന്റെ പ്രിയങ്കരിയായ നടി സുചിത്രാസെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1939ല്‍ ബംഗ്ലാദേശിലെ പബനയിലാണ് ജനനം. രമാദാസ് ഗുപ്തയെന്നാണ് യഥാര്‍ഥ പേര്. 1952-78 കാലയളവില്‍ അമ്പതിലേറെ ബംഗാളി-ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ മോസ്കോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള സില്‍വര്‍പ്രൈസ് നേടിയ സുചിത്രാസെന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടിയായി.

1955ല്‍ ദേവദാസ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരത്തിനര്‍ഹയായി. 1972ല്‍ പത്മശ്രീ പുരസ്കാരം നേടി. 2005ല്‍ പ്രഖ്യാപിച്ച ദാദാ സാഹബ് ഫാല്‍ക്കേ പുരസ്കാരം തന്റെ വ്യക്തിജീവിതത്തിന്റെ സ്വകാര്യത നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി നിരസിച്ചു. 2012ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ "ബംഗബിഭൂഷണ്‍" സമ്മാനിച്ച് ആദരിച്ചു.

സുചിത്രാസെന്നിന്റെ മകള്‍ മൂണ്‍മൂണ്‍ സെന്നും കൊച്ചുമക്കളായ റിയാസെന്നും റൈമസെന്നും പ്രശസ്ത നടികളാണ്. ബംഗാളിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ച സുചിത്ര അവരുടെ നിഴലില്‍ ഒതുങ്ങാതെ നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള അധ്യായങ്ങളാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു.
(ഗോപി)

deshabhimani

No comments:

Post a Comment