Monday, June 7, 2010

ഇന്ധനവില കൂട്ടരുത്

രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റമാണ്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ ജനങ്ങള്‍ വിലക്കയറ്റത്തിനെതിരെ രോഷംകൊള്ളുന്നു. യുപിഎയിലെ ഘടകകക്ഷികള്‍പോലും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നു. എന്നാല്‍, ഇതൊന്നും കാണാതെ വിലക്കയറ്റം കുടുതല്‍ രൂക്ഷമാക്കാനുള്ള നയങ്ങളുമായി യുപിഎ നേതൃത്വം മുന്നോട്ടുപോവുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയണമെന്ന കിരിത് പരീഖ് സമിതി ശുപാര്‍ശ പരിഗണിക്കാന്‍ മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച യോഗം ചേരുമെന്ന വാര്‍ത്ത യുപിഎയുടെ ജനങ്ങള്‍ക്കെതിരായ യുദ്ധസന്നാഹത്തെയാണ് സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ പെട്രോളിയം വിപണനകമ്പനികള്‍ക്ക് വില കൂട്ടാനും കുറയ്ക്കാനുമാകൂ. ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആഗോളവിപണിക്കനുസരിച്ച് വില തീരുമാനിക്കുന്ന സംവിധാനത്തിലേക്ക് മാറണമെന്നുമാണ് കിരിത് പരീഖ് സമിതിയുടെ ശുപാര്‍ശ. ആ ശുപാര്‍ശ പെട്രോളിയം മന്ത്രിസഭാ ഉപസമിതി അംഗീകരിക്കുമെന്നാണ് യുപിഎ നേതൃത്വത്തില്‍നിന്നുള്ള സുചനകള്‍. അങ്ങനെവന്നാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു മുതല്‍ മൂന്നര രൂപവരെ വിലകൂടും. നിലവിലുള്ള വിലക്കയറ്റത്തിന്റെ തോത് കുതിച്ചുയരും.

2009 ജൂലൈയില്‍ പെട്രോളിന് നാലും ഡീസലിന് രണ്ടും രൂപ കൂട്ടിയതാണ്. ഫെബ്രുവരിയിലെ പൊതുബജറ്റില്‍ ഇന്ധനങ്ങളുടെ തീരുവ രണ്ടര രൂപയിലേറെ വീണ്ടും വര്‍ധിപ്പിച്ചു. ഫെബ്രുവരിയിലാണ് പരീഖ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില ബാരലിന് 70 ഡോളറില്‍ താഴെയാണ്. അതുകൊണ്ട് ഈ തക്കംനോക്കി പരീഖ് സമിതി നിര്‍ദേശം നടപ്പാക്കിയാല്‍ പെട്ടെന്ന് വില വന്‍തോതില്‍ കൂടില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാട്. പിന്നെ മാസാമാസം വിപണിയിലെ ചലനങ്ങളനുസരിച്ച് വിലയില്‍ മാറ്റം വരുത്താം. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിന് കൈകഴുകുകയുമാകാം. ജനങ്ങളോടുള്ള വലിയ വഞ്ചനയാണ് അരങ്ങേറുന്നത്.

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയ്ക്കെതിരായ ജനങ്ങളുടെ വികാരത്തെ പുച്ഛത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ നികുതികള്‍ കാരണമാണ്, ശരിക്കുള്ള വിലയേക്കാള്‍ വളരെ ഉയര്‍ന്ന വില ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്നത്. പെട്രോളിന്റെ ചില്ലറവിലയുടെ 55 ശതമാനവും ഡീസല്‍വിലയുടെ 35 ശതമാനവും വിവിധ തരത്തിലുള്ള ചുങ്കങ്ങളും നികുതികളുമാണ്. നേരത്തെ കേന്ദ്രം ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചപ്പോള്‍ ബംഗാള്‍, കേരളം, ത്രിപുര എന്നീ ഇടതുനേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന വില്‍പ്പനനികുതിയുടെ വിഹിതം കുറവ് ചെയ്തിരുന്നു. എന്നാല്‍,കേന്ദ്രസര്‍ക്കാര്‍ ഒരു ന്യായീകരണവുമില്ലാത്ത ഉയര്‍ന്ന നികുതി നിരക്കുകള്‍ പിരിച്ചെടുക്കുന്നത് തുടരുകമാത്രമല്ല, ബജറ്റിലൂടെ അധികഭാരവും അടിച്ചേല്‍പ്പിച്ചു.

കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന മൊത്തം എക്സൈസ് ഡ്യൂട്ടിയുടെ ഏതാണ്ട് 40 ശതമാനവും എണ്ണ-വാതക മേഖലയില്‍നിന്ന് മാത്രമാണ്. അന്താരാഷ്ട്ര എണ്ണവില ഉയരുമ്പോഴും ഉയര്‍ന്ന നിരക്കിലുള്ള പരോക്ഷ നികുതി കേന്ദ്രം പിരിച്ചു. അടിക്കടിയുള്ള ഇന്ധനവിലവര്‍ധന നാണയപ്പെരുപ്പത്തിന് ഊര്‍ജം പകര്‍ന്നു. യാത്രക്കൂലിയില്‍ വര്‍ധനയുണ്ടായി. രാസവളം, പെട്രോകെമിക്കല്‍സ്, പ്ളാസ്റ്റിക്കുകള്‍, നാരുകള്‍ എന്നിവയുടെയെല്ലാം വില കയറി. ഇതെല്ലാം സമ്മതിക്കുന്ന യുപിഎ സര്‍ക്കാര്‍ തന്നെയാണ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടിയും കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കണമെന്ന ഇടതുപക്ഷ പാര്‍ടികളുടെ ആവശ്യം നിരാകരിച്ചത്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദം കാരണം ഭാഗികമായി ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരുന്നു. അങ്ങനെയാണ് അന്ന് ക്രൂഡോയിലിന്റെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും ഒരു ലിറ്റര്‍ പെട്രോളിന് എക്സൈസ് ഡ്യൂട്ടിയില്‍ ഒരു രൂപ കുറവ് വരുത്തിയതും.

എന്നാല്‍, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിക്കാമെന്നുവന്നപ്പോള്‍ സ്ഥിതി മാറി. എക്സൈസ് ഡ്യൂട്ടിയില്‍ കാര്യമായ കുറവ് വരുത്തുകയും സ്വകാര്യ എണ്ണ ശുദ്ധീകരണ ശാലകളില്‍നിന്ന് ലാഭനികുതി ഈടാക്കുകയും ചെയ്തിരുന്നെങ്കില്‍ വില വര്‍ധനയേ വേണ്ടിവരില്ല. സ്വകാര്യ കോര്‍പറേറ്റുകളുടെ ലാഭത്തിന്‍മേല്‍ നികുതി ഏര്‍പ്പെടുത്താന്‍ യുപിഎ സന്നദ്ധമല്ല.

ഇന്ധനവില നിര്‍ണയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളയരുതെന്ന് പാര്‍ലമെന്റിന്റെ പെട്രോളിയം- പ്രകൃതിവാതകം സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഏപ്രില്‍ 22ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകകണ്ഠമായി നിര്‍ദേശിച്ചതാണ്. ആ റിപ്പോര്‍ട്ട് അവഗണിച്ച് കിരിത് പരീഖ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തീരുമാനമെടുക്കുന്നത് ജനാധിപത്യത്തോടുതന്നെയുള്ള അവഹേളനമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയവുമായി ബന്ധപ്പെട്ട് സ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയുമൊരു വിലക്കയറ്റം താങ്ങാനുള്ള ശേഷി രാജ്യത്തെ ജനങ്ങള്‍ക്കില്ലെന്നു മനസിലാക്കി കിരിത് പരീഖ് സമിതി റിപ്പോര്‍ട്ട് തള്ളിക്കളയാനാണ് യുപിഎ തയ്യാറാകേണ്ടത്. അതല്ലെങ്കില്‍, രാജ്യവും ജനങ്ങളും ദുരിതത്തിന്റെ ആഴക്കയങ്ങളിലേക്ക് മുങ്ങുകയാവും ഫലം.

ദേശാഭിമാനി മുഖപ്രസംഗം 07062010

1 comment:

  1. രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് വിലക്കയറ്റമാണ്. കക്ഷിരാഷ്ട്രീയഭേദമില്ലാതെ ജനങ്ങള്‍ വിലക്കയറ്റത്തിനെതിരെ രോഷംകൊള്ളുന്നു. യുപിഎയിലെ ഘടകകക്ഷികള്‍പോലും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്നു. എന്നാല്‍, ഇതൊന്നും കാണാതെ വിലക്കയറ്റം കുടുതല്‍ രൂക്ഷമാക്കാനുള്ള നയങ്ങളുമായി യുപിഎ നേതൃത്വം മുന്നോട്ടുപോവുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയണമെന്ന കിരിത് പരീഖ് സമിതി ശുപാര്‍ശ പരിഗണിക്കാന്‍ മന്ത്രിസഭാ ഉപസമിതി തിങ്കളാഴ്ച യോഗം ചേരുമെന്ന വാര്‍ത്ത യുപിഎയുടെ ജനങ്ങള്‍ക്കെതിരായ യുദ്ധസന്നാഹത്തെയാണ് സൂചിപ്പിക്കുന്നത്.

    ReplyDelete