സുസ്ഥിരതയുടേയും വികസനത്തിന്റേയും പ്രതീകമായ ബംഗാള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജൂണ്‍ 21ന് 34-ാം വയസ്സിലേക്ക് കടന്നു. ജനാധിപത്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ നേട്ടം ജനങ്ങള്‍ സ്നേഹിക്കുന്ന, ജനങ്ങളെ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയുടെ അഭൂതപൂര്‍വമായ വിജയമാണ്. കഴിഞ്ഞ 33 വര്‍ഷം നിര്‍വിഘ്നം ഭരണം പൂര്‍ത്തിയാക്കിയ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവണ്മെന്റ് ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ ചരിത്രത്തില്‍ തന്നെ തിളങ്ങുന്ന അധ്യായമാണ്.
1977 ജൂണ്‍ 21ന് ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഇടതുമുന്നണി ഒരിക്കലും തകരാത്ത ജനപിന്തുണയുമായാണ് മൂന്നര ദശാബ്ദക്കാലമായി പ്രയാണം തുടരുന്നത്. ഈ കാലഘട്ടത്തില്‍ ദേശീയ തലത്തിലും എല്ലാ സംസ്ഥാനങ്ങളിലും പല ഭരണ മാറ്റങ്ങളും സംഭവിച്ചെങ്കിലും അതിനൊരപവാദമായിട്ടാണ് ബംഗാള്‍ നിലകൊള്ളുന്നത്. 2006 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാലില്‍ മൂന്നു ഭൂരിപക്ഷം നല്‍കികൊണ്ടാണ് വംഗജനത ഏഴാമതും ഇടതുമുന്നണിയെ അധികാരത്തിലേറ്റിയത്. കൂട്ടുമുന്നണി ഭരണത്തിനും ഇന്ത്യയക്കു മാത്രമല്ല ലോകത്തിനു തന്നെ ബംഗാള്‍ മാതൃകയായി. ലോകത്തൊരിടത്തും ഇത്ര ദീര്‍ഘകാലം ഒരു രാഷ്ടീയ കൂട്ടുകെട്ടും ഭരണം നടത്തിയ ചരിത്രം കേട്ടറിവില്‍ പോലുമില്ല.
എല്ലാ രംഗങ്ങളിലും ഏറ്റവും പിന്തള്ളപ്പെട്ടു കിടന്നിരുന്ന ബംഗാള്‍ സുസ്ഥിരമായ ഇടതുമുന്നണി ഭരണത്തില്‍ രാജ്യത്തിനു തന്നെ മാതൃകയായി ഇന്ന് പലരംഗങ്ങളിലും മുന്‍ പന്തിയിലാണ്. ഭൂപരിഷ്കരണവും, കാര്‍ഷിക നേട്ടങ്ങളും പഞ്ചായത്തിരാജും വിദ്യാഭ്യാസവികസനവും ആരോഗ്യ പരിപാലനവും വൈദ്യുതിയുല്‍പ്പാദനവും വ്യവസായവല്‍ക്കരണവും വിവരസങ്കേതികവിദ്യയും മതസൌഹാര്‍ദ്ദവുമൊക്കെ ചേര്‍ന്ന് ബംഗാള്‍ ഇപ്പോള്‍് ബഹുദൂരം മുന്നോട്ടു പോയി. സമഗ്രമായ വികസനത്തെ തുടര്‍ന്ന് സാമൂഹ്യമായ വന്‍ പരിവര്‍ത്തനമാണ് സംസ്ഥാനത്തുണ്ടായത്. വിദ്യാഭ്യാസം വന്‍ തോതില്‍ വികസിച്ചതിനാല്‍ അഭ്യസ്തവിദ്യരുടെ എണ്ണം വളരെ വര്‍ദ്ധിച്ചു. ഇതു മൂലമുണ്ടാകുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ കൃഷിക്കും വ്യസായത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന വികസന പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കിക്കൊണ്ടുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി വന്‍ തോതില്‍ നിക്ഷേപം ബംഗാളിലേക്ക് ഒഴുകുന്നു. വ്യവസായ വികസനത്തിന് മറ്റെവിടത്തേക്കാളും അനുകൂല പരിതഃസ്ഥിതിയാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. ആധുനിക യുഗത്തിന്റെ ആവശ്യമായ വിവര സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ബംഗാള്‍ നടത്തുന്നത്. ഈ രംഗത്ത് ആദ്യം സംശയത്തോടെ അകന്നു നിന്നിരുന്ന ലോകോത്തരമായ പല കമ്പനികളും ഇപ്പോള്‍ വിഭവങ്ങളുമായി ഇവിടേക്ക് എത്തുന്നു.
എന്നാല്‍, രാജ്യത്താകമാനമുള്ള പുരോഗമന വാദികളേയും ജനാധിപത്യ വിശ്വാസികളേയും അസ്വസ്ഥരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് അരങ്ങേറുന്നത്. പുരോഗതിയുടേയും വികസനത്തിന്റേയും ജനാധിപത്യ സംരക്ഷണത്തിന്റേയും പ്രതീകമായി മാറിയ ഇടതുമുന്നണി സര്‍ക്കാരിനെ ഏതുവിധേനയും അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ കുത്സിത പ്രവര്‍ത്തനങ്ങളാണ് ഇവിടെ അരങ്ങു തകര്‍ക്കുന്നത്. മുമ്പും ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയെ എല്ലാം അതിക്രമിച്ചുള്ള പ്രവൃത്തികളും അക്രമങ്ങളുമാണ് പിന്തരിപ്പന്‍ ശക്തികള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളുടെ നേതൃത്വത്തില്‍ എല്ലാ വിധ്വംസക രാജ്യദ്രോഹ പ്രതിലോമ ശക്തികളും ഒത്തൊരുമിച്ചു കൊണ്ടാണ് ഇതിനായി കളമൊരുക്കുന്നത്. വന്‍ തോതില്‍ പണവും ഇതിനായി ഒഴുക്കുന്നു. 2006ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാലില്‍ മൂന്ന് ഭൂരിപക്ഷം കരസ്ഥമാക്കി ഏഴാമതും അധികാരത്തില്‍ വന്ന ഇടതുമുന്നണിയെ ജനാധിപത്യ പ്രക്രിയയില്‍ കൂടി നേരിടാന്‍ കഴിയില്ലെന്നു മനസിലാക്കിയ ഛിദ്ര പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികള്‍ അക്രമത്തിന്റേയും കൊലപാതകത്തിന്റേയും പാതയിലൂടെ അട്ടിമറിപ്രവര്‍ത്തനത്തിനുള്ള കരുക്കളാണ് നീക്കിയത്. കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്ത് നടമാടുന്ന കൊലപാതക - അക്രമ പരമ്പരകള്‍ എല്ലാ മുന്‍കാല റിക്കാര്‍ഡുകളേയും ഭേദിക്കുന്നതാണ്. വ്യക്തമായ അജണ്ടയാണ് ഇതിനു പിന്നിലെന്ന് മനസിലാക്കാന്‍ അധികം തലപുകയേണ്ടതില്ല. വ്യവസായ വികസനത്തിന് തടസ്സം സൃഷ്ടിച്ചു കൊണ്ട് സിംഗൂരിലും നന്ദിഗ്രാമിലും കലാപം അരങ്ങേറിയതു മാത്രമല്ല ആദിവാസികള്‍ കൂടുതലായി അധിവസിക്കുന്ന സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ മാവോയിസത്തിന്റെ പേരില്‍ നടമാടുന്ന അക്രമങ്ങള്‍ പ്രത്യേക സംസ്ഥാന വാദത്തിന്റെ പേരില്‍ ഉത്തര ബംഗാള്‍ ജില്ലകളില്‍ വിഘടന വാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന അക്രമാസക്തമായ കലാപങ്ങള്‍ എന്നിവയൊക്കെയും വ്യത്യസ്തമായി കാണേണ്ടതില്ല.
വിദ്യാസമ്പന്നരുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലാഴ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഗവണ്മെന്റ് നടപ്പിലാക്കിയ സമഗ്രമായ വ്യവസായ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുന്നതിനായി പ്രതിലോമ ശക്തികളുടേയും തീവ്രവാദികളുടേയും പിന്തുണയോടെ വന്‍ അക്രമവും വികസന വിരുദ്ധ പ്രവര്‍ത്തനവുമാണ് പ്രധാന പ്രതിപക്ഷ കക്ഷിയും അതിന്റെ നേതാവായ മമതാ ബാനര്‍ജിയും അഴിച്ചു വിട്ടത്. വ്യാവസായിക ആവശ്യത്തിനായി വന്‍ തോതില്‍ കൃഷി ഭൂമി ഏറ്റെടുക്കുന്നുയെന്നും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയ ഗവണ്മെന്റ് മുതലാളിമാര്‍ക്കു വേണ്ടി അത് ഇപ്പോള്‍ ബലാല്‍ക്കാരമായി തട്ടിയെടുക്കുകയാണെന്നുമുള്ള വ്യാജ പ്രചരണം തകൃതിയായി നടത്തി. ഫാസിസ്റ്റു മുറകളെ വെല്ലുന്ന നുണ പ്രചരണവും അപവാദങ്ങളുമാണ് ഇതിനായി അഴിച്ചു വിടുന്നത്. ഇത്തരം ഇടതുവിരുദ്ധ പ്രചരണം എല്ലാക്കാലവും ഇടതുമുന്നണിയെ സ്നേഹിച്ച ഒരു വിഭാഗം ജനങ്ങളില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും പരത്തി. അതിന്റെ ഫലമായാണ് 2006നു ശേഷം ലോക്സഭാ-തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേരിയ പരാജയം സംഭവിച്ചത്.
ബംഗാളിലെ എട്ടര കോടിയിലധികം വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും 1977ല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതിനു ശേഷം ജനിച്ചവരാണ്. 1977ല്‍ ബംഗാളിലെ ജനസംഖ്യ നാലു കോടിയായിരുന്നു. ഇപ്പോള്‍ മദ്ധ്യവയസ്സു വരെയായിട്ടുള്ള ഇവിടുത്തെ എതൊരാളും അറിവായതു മുതല്‍ കാണുന്നതും അനുഭവിക്കുന്നതും സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടുപക്ഷ ഭരണം മാത്രം. 1977നു മുമ്പ് ഇവിടെ നിലനിന്നിരുന്ന കിരാത അര്‍ദ്ധഫാസിസ്റ്റ് ക്രൂരഭരണത്തിന്റേയും ദാരിദ്ര്യത്തിന്റേയും തിക്താനുഭവം ബംഗാളിലെ പുതിയ തലമുറയ്ക്കില്ല. മമതാബാനര്‍ജി വാഗ്ദാനംചെയ്യുന്ന പുതിയ സ്വര്‍ഗ്ഗം അരാജകത്വത്തിന്റേയും അരക്ഷിത്വത്തിന്റേതുമാകുമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ നടമാടുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍കോണ്‍ഗ്രസ്- മാവോയിസ്റ്റ് - കോണ്‍ഗ്രസ് കൂട്ടുകെട്ട് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അഴിച്ചുവിട്ട അക്രമ കൊലപാതക പരമ്പരയില്‍ 450ലധികം സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 245 പാര്‍ടി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ക്കുകയും അവരെ സ്വന്തം സ്ഥലങ്ങളില്‍ നിന്ന് ആട്ടി പായിക്കുകയും ചെയ്തു. പല സ്ഥലത്തും പാര്‍ടി ഓഫീസുകള്‍ പിടിച്ചെടുക്കുകയും അടിച്ചു പൊളിക്കുകയും ചെയ്തു. കിഴക്കന്‍ മിഡ്നാപൂരിലെ നന്ദിഗ്രാം, ഖേജൂരി എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ മിഡ്നാപൂരിലെ ലാല്‍ഗഡ് ഭാഗങ്ങളിലും പാര്‍ടി സോണല്‍ (ഏരിയ) കമ്മറ്റി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു. അവിടങ്ങളില്‍ അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമായ നിരവധി സാധാരണ കൃഷിക്കാരുടേയും പങ്കു പാട്ട കൃഷിക്കാരുടേയും കൃഷി ഭൂമി തട്ടിയെടുത്തു. 1970കളുടെ ആദ്യ പകുതിയില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ജനാധിപത്യാവകാശങ്ങള്‍ കശാപ്പു ചെയ്തുകൊണ്ട് നടമാടിയ അര്‍ദ്ധ ഫാസിസ്റ്റ് ഭീകര വാഴ്ചയോട് കിടപിടിക്കുന്ന കാര്യങ്ങളാണ് ജനാധിപത്യ സംരക്ഷണത്തിന്റെ പേരില്‍ മമതയും മാവോയിസ്റ്റുകളും കൂട്ടു ചേര്‍ന്ന് നടപ്പാക്കുന്നത്. നന്ദിഗ്രാം, സിംഗൂര്‍ അക്രമത്തിന്റേയും കൊലപാതകങ്ങളുടേയും പിന്തുടര്‍ച്ചയായിട്ടാണ് പടിഞ്ഞാറന്‍ ജില്ലകളിലെ വനാഞ്ചല്‍ മേഖലകളില്‍ അരങ്ങേറുന്ന കൊലപാതക രാഷ്ട്രീയം. നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ തൃണമൂല്‍കോണ്‍ഗ്രസിന്റെ നേരിട്ടുള്ള ആക്ഷനായിരുന്നെങ്കില്‍ വനാഞ്ചലില്‍ തൃണമൂലിന്റെ പൂര്‍ണ പിന്തുണയോടും സഹായത്തോടും അതിവിപ്ളവ തീവ്രവാദികളായ മാവോയിസ്റ്റുകളുടെ ആക്ഷനാണ് അരങ്ങു തകര്‍ക്കുന്നത്. ബംഗാളില്‍ മാത്രമല്ല രാജ്യത്ത് ഒരിടത്തും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത സ്ഥിതി വിശേഷമാണ് സിപിഐ എമ്മിന് നേരിടേണ്ടി വരുന്നത്. ത്രിപുരയില്‍ ദീര്‍ഘകാലമായി വിഘടനവാദ തീവ്രാദ പ്രസ്ഥാനങ്ങള്‍ കൊന്നൊടുക്കിയ സിപിഐഎം പ്രവര്‍ത്തകരെക്കാള്‍ കൂടുതലാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മമതയും സംഘവും ഇവിടെ നടത്തിയ നരവേട്ട. തീവണ്ടിവരെ അട്ടിമറിച്ച് നിരപരാധികളായ നൂറുകണക്കിനാളുകളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുമ്പോഴും അവരെ വെള്ളപൂശാനും സഹായിക്കാനുമുള്ള നിലപാടാണ് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി മമതാ ബാനര്‍ജി നടത്തുന്നത്. എല്ലാ അക്രമങ്ങളേയും കൊലപാതകങ്ങളേയും ലജ്ജാകരമായി പിന്തുണയ്ക്കുന്ന മമതാബാനര്‍ജി ലളിതവേഷം ധരിച്ചെത്തിയ രാക്ഷസീയ ഭാവത്തിനുടമയാണ്. സംസ്ഥാനത്ത് അടിവേരു തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്, മമതയുമായി ചങ്ങാത്തം കൂടി എങ്ങനെയും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നല്‍കുന്നു. ശത്രുക്കള്‍ തമ്മില്‍ ഒത്തുചേര്‍ന്നുള്ള ഈ മഹാസഖ്യത്തിന് ബംഗാളിന് ഒരു നന്മയും പ്രദാനം ചെയ്യാന്‍ കഴിയില്ല. കടുത്ത കള്ള പ്രചാരണത്തിലൂടെയും മോഹന വാഗ്ദാനങ്ങളിലൂടെയും തല്‍ക്കാലം ജനസമ്മതി പിടിച്ചുവാങ്ങുന്ന കപട തന്ത്രങ്ങളാണ്, വിജയകരമായി ബംഗാളില്‍ ഇടതു വിരുദ്ധ മാധ്യമ പിന്തുണയോടെ ഈ അവിശുദ്ധ സംഖ്യം നടപ്പാക്കുന്നത്.
ഇടതുമുന്നണിക്കുണ്ടായ താല്‍ക്കാലിക പരാജയ കാരണം താഴെത്തട്ടു വരെ പരിശോധിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റി വിശ്വാസം വീണ്ടെടുത്തുകൊണ്ട് അവരെ തിരിച്ചു കൊണ്ടുവരാന്‍ രാഷ്ട്രീയമായും സംഘടനാ പരമായും എല്ലാ നടപടികളും എടുക്കുമെന്നും ഇടതുമുന്നണിയുടേയും ഗവണ്മെന്റിന്റേയും ഭാഗത്തു നിന്ന് തെറ്റുകളുണ്ടായിട്ടുണ്ടങ്കില്‍ അത് ഏറ്റു പറഞ്ഞ് തിരുത്താന്‍ ആത്മാര്‍ത്ഥമായ എല്ലാ ശ്രമവും നടത്തുമെന്നും ഇടതുമുന്നണി സംസ്ഥാന കമ്മറ്റിയും അതിനു നേതൃത്വം നല്‍കുന്ന സിപിഐ എമ്മും വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് സര്‍ക്കാരിന്റെ 34ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്ത നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നേതാക്കള്‍ നടത്തിയത്. ഇടതുമുന്നണി സംസ്ഥാന കമ്മറ്റി ചെയര്‍മാന്‍ ബിമന്‍ ബസുവിന്റെ അദ്ധ്യക്ഷതയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും എല്ലാ ഘടക കക്ഷി നേതാക്കളും സംസാരിച്ചു.
അക്രമവും കൊലപാതകവും നടത്തി അരാജകത്വം സൃഷ്ടിച്ച് ഇടതുമുന്നണിസര്‍ക്കാരിനെ അട്ടിമറിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ഏതു നീക്കത്തേയും ജനപങ്കാളിത്തത്തോടെ ശക്തമായി നേരിടുമെന്ന് റാലി പ്രഖ്യാപിച്ചു. കൊടും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് തങ്ങളുടെ സമഗ്രമായ നന്മയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടി മൂന്നര ദശാബ്ദമായി നിലകൊള്ളുന്ന ഇടതുമുന്നണി സര്‍ക്കാരിനെ കാത്തു സംരക്ഷിച്ച വംഗ ജനത തുടര്‍ന്നും ഇടതുമുന്നണിയെ അധികാരത്തിലേറ്റുമെന്നതിന് യാതൊരു സംശയവുമില്ലെന്ന വിശ്വാസം നേതാക്കള്‍ പ്രകടിപ്പിച്ചു. കൂട്ടുകക്ഷി ഭരണത്തിന് ലോകത്തിനു തന്നെ മാതൃകയായി മാറിയ ഇടതുമുന്നണിയിലെ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചു കൊണ്ടു മുന്നോട്ടു പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
ഗൂഢ രാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്കായി കൊള്ളയും കൊലയും നടത്തി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള വിധ്വംസക ശക്തികളുടെ ഏതു നീക്കത്തേയും ശക്തമായി നേരിടുമെന്ന് ബുദ്ധദേബ് ഭട്ടാചര്യ പറഞ്ഞു. മാറ്റത്തിനു വേണ്ടി മുറവിളി കൂട്ടുന്ന സംസ്ഥാനത്തെ പ്രതിപക്ഷത്തിനും അവരെ സഹായിക്കുന്നവര്‍ക്കും വ്യക്തമായ യാതൊരു പരിപാടിയോ നയമോ ഇല്ല. കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും ജനോപകാരപ്രദമായ പരിപാടിയുമായി ഇടതുമുന്നണി ജനങ്ങളെ സമീപിച്ചതുമൂലമാണ് ജനങ്ങള്‍ തങ്ങളെ വീണ്ടും വീണ്ടും അധികാരത്തിലേറ്റിയത്. മാറ്റം വേണമെന്നു പറയുന്നവര്‍ അത് എന്തിനാണെന്ന് വ്യക്തമാക്കണം. ജനങ്ങള്‍ക്കു വേണ്ടി ഗൂണകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പോരയ്മയോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച്കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇടതുമുന്നണിക്ക് ബദലായി ഇടതുമുന്നണി മാത്രമേയുള്ളു. കൊല്ലും കൊലയും സംഘടിപ്പിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് തൃണമൂല്‍കോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കില്‍ ഇവിടെ ഒട്ടും സ്വാധീനം നേടാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.
വ്യാപകമായ കുപ്രചരണത്തിലൂടെ ചെറിയൊരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേരിയ പരാജയം നേരിടേണ്ടി വന്നതെന്ന് ബിമന്‍ ബസു പറഞ്ഞു. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ഐക്യത്തോടുകൂടി ഇടതുമുന്നണി മുന്നോട്ടു പോകും.
ഇടതുമുന്നണി പരിപാടിയും നയവും ഏറ്റവും താഴെത്തട്ടുവരെ എത്തിക്കുന്നതിനായി വ്യാപകമായി പ്രചരണം സംഘടിപ്പിക്കും. ഇടതുമുന്നണിയെ എതിര്‍ക്കാനായി എല്ലാ ക്ഷുദ്രശക്തികളും ഒരുമിച്ചിരിക്കുകയാണെന്നും ബിമന്‍ ബസു പറഞ്ഞു.
33 വര്‍ഷത്തെ ഭരണത്തില്‍ 23 വര്‍ഷവും തുടര്‍ച്ചയായി ഇടതുമുന്നണി സര്‍ക്കാരിനെ നയിച്ചത് സിപി.ഐ എംന്റെ സമുന്നത നേതാവായിരുന്ന ജ്യോതി ബസുവാണ്. 2000 നവംബര്‍ മുതല്‍ സിപിഐ എം പോളിറ്റ് ബ്യൂറോഅംഗമായ ബുദ്ധദേബ് ഭട്ടാചര്യയാണ് മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിക്കുന്നത്. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പാര്‍ടി സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസുവാണ് ഇടതുമുന്നണി ചെയര്‍മാന്‍. 1977ല്‍ ഇടതുമുന്നണി രൂപം കൊണ്ടതിനു ശേഷമുള്ള നാലാമതു ചെയര്‍മാനാണ് ബിമന്‍. പ്രമോദ് ദാസ് ഗുപ്ത, സരോജ് മുഖര്‍ജി, ശൈലന്‍ ദാസ് ഗുപ്ത എന്നിവരായിരുന്നു മുന്‍പ് ഇടതു മുന്നണിക്ക് നേതൃത്വം നല്‍കിയിരുന്നത്. ഒമ്പതു കക്ഷികളാണ് ഇടതുമുന്നണിയില്‍ ഘടക കക്ഷികളായിട്ടുള്ളത്.
ഗോപി, കൊല്‍ക്കത്ത ചിന്ത വാരിക 02072010
സുസ്ഥിരതയുടേയും വികസനത്തിന്റേയും പ്രതീകമായ ബംഗാള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജൂണ്‍ 21ന് 34-ാം വയസ്സിലേക്ക് കടന്നു. ജനാധിപത്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ നേട്ടം ജനങ്ങള്‍ സ്നേഹിക്കുന്ന, ജനങ്ങളെ സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ തത്വസംഹിതയുടെ അഭൂതപൂര്‍വമായ വിജയമാണ്. കഴിഞ്ഞ 33 വര്‍ഷം നിര്‍വിഘ്നം ഭരണം പൂര്‍ത്തിയാക്കിയ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവണ്മെന്റ് ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ ചരിത്രത്തില്‍ തന്നെ തിളങ്ങുന്ന അധ്യായമാണ്.
ReplyDelete