Thursday, July 1, 2010

കൊക്കകോളയില്‍നിന്ന് നഷ്ടം ഈടാക്കാന്‍ ട്രിബ്യൂണല്‍

പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ളാച്ചിമടയില്‍ കൊക്കകോള പ്ളാന്റുമൂലം ജനങ്ങള്‍ക്കുണ്ടായ ആഘാതങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കുണ്ടാക്കിയ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായി നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

216.26 കോടി രൂപയുടെ നഷ്ടമാണ് നാലുവര്‍ഷം കൊണ്ട് പരിസരവാസികള്‍ക്കുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭജലം ഊറ്റിയതുമൂലമുണ്ടായ ജലശോഷണത്തിന്റെ നഷ്ടം ഇതിലുള്‍പ്പെടുന്നില്ല. ആരോഗ്യം, കൃഷി, പരിസ്ഥിതി, തൊഴില്‍ മേഖലകളില്‍ കൊക്കകോള കമ്പനി ഗുരുതരമായ നഷ്ടമുണ്ടാക്കിയതായി സമിതി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ പലവിധത്തിലുള്ള രോഗങ്ങളുടെ ഇരകളായി. നവജാതശിശുക്കളില്‍ അസാധാരണമായ ഭാരക്കുറവ് അനുഭവപ്പെടുന്നു. കാര്‍ഷികരംഗത്ത് കടുത്ത തകര്‍ച്ചയുണ്ടായി. നാലുവര്‍ഷം കൊണ്ട് 4,36,000 തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. ഈ നഷ്ടങ്ങളുടെയും ജലമലിനീകരണത്തിന്റെയും സാമ്പത്തികബാധ്യത 216.26 കോടി രൂപയാണെന്ന് സമിതി വിലയിരുത്തി. സമിതി ശുപാര്‍ശ പ്രകാരം നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ക്കായാണ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ട്രിബ്യൂണല്‍ രൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ക്കായി നിയമവകുപ്പിനെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കെ ജയകുമാറിന്റെ നേതൃത്വത്തില്‍ 14 അംഗ സമിതിയാണ് ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് കമ്പനിയുടെ ജലചൂഷണവും കമ്പനി വരുത്തിവച്ച പാരിസ്ഥിതികാഘാതങ്ങളും കൃഷിനാശവും മറ്റും പരിശോധിച്ചത്. നിലവിലുള്ള എല്ലാ നിയമവും ലംഘിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. 34 ഏക്കര്‍ അധീനതയിലുണ്ടായിരുന്ന കമ്പനി സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയതിനുപുറമെ മാരകരാസപദാര്‍ഥങ്ങളടങ്ങിയ മാലിന്യം പുറത്തേക്കൊഴുക്കി കൃഷിയിടങ്ങളും വെള്ളവും മലിനമാക്കി. കാര്‍ഷികമേഖലയില്‍ വരുത്തിവച്ച നഷ്ടത്തിന് കമ്പനിയില്‍നിന്ന് 84.16 കോടി രൂപയുടെ നഷ്ടം ഈടാക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്തു. വെള്ളം മലിനപ്പെടുത്തിയതിന് 62.10 കോടിയും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചതുമൂലം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തികബാധ്യതയ്ക്ക് 30 കോടിയും ഈടാക്കാം. തൊഴില്‍നഷ്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് 20 കോടിയും ശുദ്ധജലം എത്തിക്കാന്‍വന്ന ചെലവുകള്‍ക്ക് 20 കോടിയും ഈടാക്കണം. ആറ് കുഴല്‍കിണറും രണ്ട് കിണറും വഴി പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം കമ്പനി ഊറ്റിയെടുത്തതായാണ് സമിതി കണ്ടെത്തിയത്. ഒന്നരമുതല്‍ മൂന്നുലക്ഷം ലിറ്റര്‍വരെ മലിനജലം പ്രതിദിനം പുറത്തുവിട്ടു. ഈ മാലിന്യത്തില്‍ ഉയര്‍ന്നതോതില്‍ കാഡ്മിയം, ചെമ്പ്, ഈയം, ക്രോമിയം തുടങ്ങിയവ അടങ്ങിയിരുന്നു. മാലിന്യം വളമെന്ന വ്യാജേന കമ്പനി കര്‍ഷകര്‍ക്കുനല്‍കിയത് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ദേശീയപാത വികസനം: പുനരധിവാസം ഉറപ്പാക്കും

ദേശീയപാത വികസന നടപടികളെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പാതയുടെ ഇരുവശവുമുള്ള കച്ചവടക്കാര്‍, സ്ഥിരം താമസക്കാര്‍, ഭൂവുടമകള്‍, പുറംപോക്കുകാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക പാക്കേജ് വേണ്ടിവരും. ആര്‍ക്കും പ്രയാസമുണ്ടാകാത്ത രീതിയില്‍ ജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത വികസന വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍തന്നെ സര്‍വകക്ഷിയോഗം വിളിക്കും. ഏറ്റവും കുറച്ച് ദേശീയപാതകള്‍ നാലുവരിയാക്കി വികസിപ്പിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കലിനെപ്പറ്റി വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍വകക്ഷിസംഘം പാതവികസനം 30 മീറ്റര്‍ വീതിയില്‍ മതിയെന്നും ബിഒടി വേണ്ടെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് സ്വീകാര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അനിവാര്യമാണ്. ഇപ്പോഴുള്ള അലൈന്‍മെന്റും സ്ഥലമെടുപ്പും സംബന്ധിച്ചുള്ള ആക്ഷേപങ്ങളെപ്പറ്റി ടെക്നോ സോഷ്യല്‍ ഓഡിറ്റ് നടത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യുമെന്ന് രാജാജി മാത്യു തോമസിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി പറഞ്ഞു.

പ്രതിപക്ഷവും ഹര്‍ത്താലില്‍ പങ്കെടുക്കണം

കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങളെ ന്യായീകരിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷവും ദേശീയ ഹര്‍ത്താലില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ് വിലക്കയറ്റംമൂലം പെടാപ്പാടുപെടുന്ന ജനങ്ങളുടെമേല്‍ ഇന്ധന വിലവര്‍ധന അടിച്ചേല്‍പ്പിച്ചത്. ഇതില്‍ പ്രതികരിക്കാന്‍പോലും പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. വിലക്കയറ്റം, ഇന്ധന വിലവര്‍ധന തുടങ്ങിയ ദ്രോഹങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ നാണംകെട്ടും കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. കേരളം നികുതിവരുമാനം ഉപേക്ഷിച്ചാല്‍ രാജ്യത്താകെ നടപ്പാക്കിയ വിലവര്‍ധനയില്‍നിന്ന് ജനത്തെ രക്ഷിക്കാന്‍ കഴിയുമോയെന്ന് ഇക്കൂട്ടര്‍ വ്യക്തമാക്കണം. രാജ്യത്തെ ഭക്ഷ്യധാന്യ സംഭരണികള്‍ റിലയന്‍സ് അടക്കമുള്ള കുത്തകള്‍ക്ക് കൈമാറി അവര്‍ക്ക് കൊള്ളയ്ക്ക് അവസരം നല്‍കി. സംസ്ഥാനത്ത മൂന്നരക്കോടി ജനങ്ങളുടെ അന്നത്തില്‍ മണ്ണുവാരിയിട്ട കോണ്‍ഗ്രസുകാരെ ജനം തക്കസമയം നേരിടുമെന്നത് മറക്കരുത്- മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ധനാഭ്യര്‍ഥനയെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. പദ്ധതി അടങ്കല്‍ പൂര്‍ണമായും ചെലവഴിക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുകമാത്രമാണ് ചെയ്യുന്നത്. കേന്ദ്രഫണ്ട് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയില്‍ ആസ്തി വര്‍ധന ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത്രയേറെ സഹായിച്ച സമയമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

deshabhimani 01072010

1 comment:

  1. പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ളാച്ചിമടയില്‍ കൊക്കകോള പ്ളാന്റുമൂലം ജനങ്ങള്‍ക്കുണ്ടായ ആഘാതങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം പരിസരവാസികള്‍ക്കുണ്ടാക്കിയ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായി നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete