Thursday, July 1, 2010

കശ്മീര്‍ : രാഷ്ട്രീയ ചര്‍ച്ച ആരംഭിക്കണം

കശ്മീര്‍: വെടിവയ്പില്‍ 3 യുവാക്കള്‍ കൊല്ലപ്പെട്ടു

അര്‍ധസൈനികരുടെ വെടിവയ്പില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം വ്യാപിക്കുന്നു. അനന്തനാഗ് ജില്ലയില്‍ ചൊവ്വാഴ്ച ജനക്കൂട്ടവും സിആര്‍പിഎഫ് ജവാന്മാരും ഏറ്റുമുട്ടി മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടു. 12 സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. അക്രമങ്ങളും ഹുറിയത്ത് കോണ്‍ഫറന്‍സ് ബന്ദും കശ്മീര്‍ താഴ്വരയില്‍ ജനജീവിതം താറുമാറാക്കി. കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ബാരാമുള്ള, കുപ്വാര, ശ്രീനഗര്‍ എന്നീ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അര്‍ധസൈനിക സേനയ്ക്കെതിരെ ജനകീയ രോഷം പടര്‍ന്നതോടെ മൊബൈല്‍ സര്‍വീസിനും വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷബാധിത വടക്കന്‍ കശ്മീരില്‍ മൊബൈല്‍ സര്‍വീസ് പൂര്‍ണമായും നിരോധിച്ചപ്പോള്‍ കശ്മീര്‍ താഴ്വരയില്‍ എസ്എംഎസ് സര്‍വീസിനാണ് നിരോധനം. മുന്‍കരുതല്‍ നടപടിയെന്ന രീതിയില്‍ ഹുറിയത്ത് നേതാക്കളായ സയ്യദ് അഹമ്മദ്ഷാ ഗിലാനി, മിര്‍വായിസ് ഒമര്‍ ഫാറൂഖ്, ജെകെഎല്‍എഫ് നേതാവ് മുഹമ്മദ് യാസിന്‍ മാലിക് എന്നിവരെ തിങ്കളാഴ്ചതന്നെ അറസ്റ് ചെയ്തിരുന്നു.

ക്രമസമാധാനപാലനത്തിന് സൈന്യത്തെതന്നെ വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വെള്ളിയാഴ്ച സംസ്ഥാനം സന്ദര്‍ശിക്കും. സംസ്ഥാനത്തെ സ്ഫോടനാത്മകമായ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചിദംബരത്തെ ധരിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രസേന ചെവിക്കൊള്ളുന്നില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പരാതി. നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സേനയായി സിആര്‍പിഎഫ് മാറിയിരിക്കുകയാണെന്നും സംസ്ഥാനം പരാതിപ്പെട്ടു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗവര്‍ണറെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് ഒമര്‍ ആഹ്വാനംചെയ്തു. കേന്ദ്രസേനയ്ക്കെതിരെ ഒരു മാസമായി സംസ്ഥാനത്ത് പ്രതിഷേധം പടരുകയാണ്.

ജൂണ്‍ 12ന് മുഹമ്മദ് റഫീഖ് ബംഗാരു എന്ന യുവാവിനെ സിആര്‍പിഎഫ് അടിച്ചുകൊന്നതോടെയാണ് ജനരോഷം പടരാന്‍ തുടങ്ങിയത്. തുടര്‍ന്ന് ജൂണ്‍ 20ന് പത്തൊമ്പതുകാരനായ ജാവേദ് അഹമ്മദ് മല്ലയെ വെടിവച്ചുകൊന്നു. രണ്ടാഴ്ചയ്ക്കിടയില്‍ വെടിവയ്പില്‍ 10 യുവാക്കളാണ് കൊല്ലപ്പെട്ടത്. സ്വാഭാവികമായും ഈ സംഭവങ്ങളെ തീവ്രവാദി സംഘടനകള്‍ മുതലെടുത്തു. ഗിലാനിയുടെ നേതൃത്വത്തിലുള്ള ഹുറിയത്ത് കോണ്‍ഫറന്‍സ് പ്രതിഷേധവുമായി രംഗത്തെത്തി. ദിവസങ്ങളായി നടക്കുന്ന തെരുവുയുദ്ധത്തില്‍ 150ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പകുതിയും കേന്ദ്ര-സംസ്ഥാന സേനാംഗങ്ങളാണ്. എന്നാല്‍, സ്വയംപ്രതിരോധാര്‍ഥമാണ് വെടിവയ്പ് നടത്തിയതെന്നാണ് സിആര്‍പിഎഫ് മേധാവി വിക്രം ശ്രീവാസ്തവ പറയുന്നത്. വാഹനങ്ങള്‍ നശിപ്പിക്കാനും താവളങ്ങള്‍ തകര്‍ക്കാനും വന്നാല്‍ മറ്റെന്ത് ചെയ്യുമെന്നാണ് ശ്രീവാസ്തവയുടെ ചോദ്യം. 65,000 സിആര്‍പിഎഫുകാരാണ് കശ്മീരിലുള്ളത്. 2008ല്‍ അമര്‍നാഥ്ക്ഷേത്രത്തിന് ഭൂമി കൈമാറിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു സമാനമായ സ്ഥിതിയിലേക്ക് സംസ്ഥാനം വീണ്ടും പോകുകയാണെന്ന് ഭയപ്പെടുന്നു. അന്ന് 60 പേരാണ് കൊല്ലപ്പെട്ടത്.

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീരില്‍ ബുധനാഴ്ചയും ജനക്കൂട്ടവും സിആര്‍പിഎഫ് ജവാന്മാരും പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. നാത്തിപോറ, ബറ്റ്മാലു മേഖലയില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സുരക്ഷാസേനയുടെ വെടിവയ്പില്‍ യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധമാണ് കാശ്മീരിനെ കലുഷിതമാക്കിയത്. കഴിഞ്ഞദിവസം മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ട അനന്തനാഗ് ജില്ലയിലും ജനങ്ങള്‍ പൊലീസിനെതിരെ മുദ്രാവാക്യവുമായി രംഗത്തുവന്നു. പ്രതിഷേധക്കാര്‍ മൂന്ന് ആംബുലന്‍സ് അഗ്നിക്ക് ഇരയാക്കി. പൊലീസിനുനേരെ കല്ലേറുമുണ്ടായി. സംഘര്‍ഷം നിയന്ത്രണവിധേയമാകാതെ വന്നതോടെ കര്‍ഫ്യൂ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു.

രണ്ടാഴ്ചയ്ക്കിടയില്‍ സുരക്ഷാസേനയുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് എട്ടു പേരാണ്. സുരക്ഷാസേനയുടെ നടപടിയും പ്രതിഷേധം വ്യാപിക്കുന്നതും കശ്മീര്‍ താഴ്വരയില്‍ ജനജീവിതം താറുമാറാക്കിയിരിക്കയാണ്. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. അതിനിടെ ജമ്മു-കശ്മീരിലെ സംഘര്‍ഷത്തിന് പിന്നില്‍ ലഷ്കര്‍ ഇ തൊയ്ബയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25ന് കൊല്ലപ്പെട്ട ഷക്കീല്‍ അഹമ്മദ് ഗനാലും ഫിര്‍ദൌസ് അഹമ്മദ് കക്കൌറുവും ലഷ്കര്‍ പ്രവര്‍ത്തകരാണ്. കശ്മീരിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മുജാഹദ്ദീന്‍ എന്ന സംഘടനയെ നേരത്തേ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയോടും മന്ത്രിമാരോടും സംഘര്‍ഷംമേഖല സന്ദര്‍ശിക്കാനും ക്രമസമാധാനം സാധരണനിലയിലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതി വിലയിരുത്തി ആവശ്യമെങ്കില്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും. സായുധ സേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി. അര്‍ധസൈനിക സേനയോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് ഉത്തരമായി ചിദംബരം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കര്‍ഫ്യൂ നടപ്പിലാക്കാന്‍ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് നേരേ കല്ലേറ് നടത്താനും കലാപം നടത്താനും ആരെയും അനുവദിക്കില്ല. സിആര്‍പിഎഫ് നടത്തിയ മൂന്ന് വെടിവയ്പ്പുകളെങ്കിലും സ്വയം പ്രതിരോധത്തിനാണ്. ക്യാമ്പുകള്‍ ആക്രമിക്കാന്‍ യുവാക്കള്‍ വന്നപ്പോഴാണ് രണ്ട് തവണ വെടിവെപ്പ് നടത്തിയത്. ഒരു തവണ സൈനികവാഹനം തകര്‍ക്കാര്‍ ശ്രമിച്ചപ്പോഴും. കലാപം തടയാനും ക്രമസമാധാനം പാലിക്കാനും സംസ്ഥാന സര്‍ക്കാരിനെ പരമാവധി സഹായിക്കാന്‍ പ്രധാമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം തീരുമാനിച്ചു. അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ നല്‍കാനും യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കശ്മീര്‍ ഉന്നതതലയോഗത്തില്‍ മന്ത്രിമാരായ എ കെ ആന്റണി, പി ചിദംബരം, പ്രണബ്മൂഖര്‍ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കശ്മീര്‍ : രാഷ്ട്രീയ ചര്‍ച്ച ആരംഭിക്കണം: പി ബി

ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഉടന്‍ രാഷ്ട്രീയ ചര്‍ച്ച തുടങ്ങണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കശ്മീരിലെ സംഭവവികാസങ്ങളില്‍ സിപിഐ എം അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയാണ്. ഒരു ബാലന്റെ മരണത്തെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം ജൂ 29 നകം എട്ടു പേരുടെ ജീവന്‍ അപഹരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സിപിഐ എമ്മും പങ്കുചേരുന്നു. ആദ്യത്തെ സംഭവത്തിനുശേഷമാണ് ജനങ്ങള്‍ രോഷാകുലമായി പ്രതികരിക്കാന്‍ തുടങ്ങിയത്. അമിതബലപ്രയോഗം തടയാന്‍ കേന്ദ്ര അധികൃതരും സംസ്ഥാനസര്‍ക്കാരും തയ്യാറാകണം. യുവാക്കളെ അര്‍ധസൈനികര്‍ക്കും പൊലീസിനുമെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പൊലീസ് സംയമനം പാലിക്കണം. പൊലീസുമായി ഏറ്റുമുട്ടുകയെന്ന ചിലരുടെ താല്‍പ്പര്യത്തിന് ഇരകളാകാതിരിക്കാന്‍ യുവാക്കളും ശ്രദ്ധിക്കണമെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി

1 comment:

  1. ജമ്മു കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഉടന്‍ രാഷ്ട്രീയ ചര്‍ച്ച തുടങ്ങണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. കശ്മീരിലെ സംഭവവികാസങ്ങളില്‍ സിപിഐ എം അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഏതാനും ആഴ്ചകളായി താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയാണ്. ഒരു ബാലന്റെ മരണത്തെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം ജൂ 29 നകം എട്ടു പേരുടെ ജീവന്‍ അപഹരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സിപിഐ എമ്മും പങ്കുചേരുന്നു. ആദ്യത്തെ സംഭവത്തിനുശേഷമാണ് ജനങ്ങള്‍ രോഷാകുലമായി പ്രതികരിക്കാന്‍ തുടങ്ങിയത്. അമിതബലപ്രയോഗം തടയാന്‍ കേന്ദ്ര അധികൃതരും സംസ്ഥാനസര്‍ക്കാരും തയ്യാറാകണം. യുവാക്കളെ അര്‍ധസൈനികര്‍ക്കും പൊലീസിനുമെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പൊലീസ് സംയമനം പാലിക്കണം. പൊലീസുമായി ഏറ്റുമുട്ടുകയെന്ന ചിലരുടെ താല്‍പ്പര്യത്തിന് ഇരകളാകാതിരിക്കാന്‍ യുവാക്കളും ശ്രദ്ധിക്കണമെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete