Sunday, April 21, 2013

ഉമ്മര്‍മാസ്റ്റര്‍ക്ക് ആദരാഞ്ജലി


മലപ്പുറം: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ ഉമ്മര്‍മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗമാണ്. ഹൃദ്രോഗ ബാധയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പകല്‍ രണ്ടോടെയാണ് മരണം.

കര്‍ഷകസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം പൊന്മള പഞ്ചായത്ത് പ്രസിഡന്റായും സിപിഐ എം മലപ്പുറം ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലാണ് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. പിന്നീട് 2007ല്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ കെ പി എ മജീദിനെതിരെ മത്സരിച്ചിട്ടുണ്ട്.

മണ്ണഴി എയുപി സ്കൂളില്‍ പ്യൂണായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രധാനധ്യാപകനായി വിരമിച്ചു. ഇന്ത്യനൂര്‍ കല്ലുവളപ്പില്‍ ഉണ്ണീന്റെ മകനാണ്. ഭാര്യ: പാത്തുമ്മ. മക്കള്‍: ഇക്ബാല്‍, യൂനസ്, സക്കറിയ, സോഫിയ.

സ്നേഹസമ്പന്നനായ പൊതുപ്രവര്‍ത്തകന്‍: സിപിഐ എം

മലപ്പുറം: ദീര്‍ഘകാലം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകപ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ കെ ഉമ്മര്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സ്നേഹസമ്പന്നനായ ഒരു പൊതുപ്രവര്‍ത്തകനായിരുന്നു കെ ഉമ്മര്‍മാസ്റ്റര്‍. രാഷ്ട്രീയ എതിരാളികള്‍പോലും ആരാധിക്കുകയും ബഹുമാനിക്കുകയുംചെയ്ത ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്നു സഖാവ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാതട്ടിലുള്ളവരുടെയും സ്വീകാര്യത ആര്‍ജിക്കാനും അദ്ദേഹത്തിനായി. തീര്‍ത്തും ദരിദ്ര കുടുംബപശ്ചാത്തലത്തില്‍ ജനിച്ച ഉമ്മര്‍ മാസ്റ്റര്‍ ബാല്യത്തില്‍തന്നെ കമൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. കര്‍ഷക പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ആദ്യകാലത്ത് കിഴക്കേ കോവിലകത്തിന്റെയും സാമൂതിരി കോവിലകത്തിന്റെയും പാട്ടകൃഷിക്കാരെ സംഘടിപ്പിച്ചാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് കര്‍ഷക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി നേതൃത്വത്തിലെത്തി. 1960ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം തുടര്‍ന്ന് മണ്ഡലം കമ്മിറ്റിയംഗമായി.

1972ല്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായി. 1984ല്‍ ജില്ലാ സെക്രട്ടറിയറ്റംഗമായും 2005ല്‍ സംസ്ഥാന കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 200304ലും 200711ലും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഉമ്മര്‍ മാസ്റ്റര്‍ കഴിഞ്ഞ സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും സംസ്ഥാന വെസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയംഗമാണ്. ദീര്‍ഘകാലം പൊന്മള പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കെ ഉമ്മര്‍ മാസ്റ്ററുടെ വിയോഗം പുരോഗമന പ്രസ്ഥാനത്തിനും പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്.

മാതൃകയായ ജീവിതം: പാലോളി

മലപ്പുറം: കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയായ ജീവിതമായിരുന്നു ഉമ്മര്‍ മാസ്റ്ററുടേതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും അര്‍പ്പണബോധത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനങ്ങളെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒപ്പംനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ കനത്ത നഷ്ടമാണ്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാതൃക വരുംകാല മുന്നേറ്റത്തിന് ഉര്‍ജമാകുമെന്നും പാലോളി അനുസ്മരിച്ചു.

ടി ശിവദാസമേനോന്‍

മലപ്പുറം: കെ ഉമ്മര്‍ മാസ്റ്ററുടെ വേര്‍പാട് ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. ലളിതമായ ജീവിതത്തിന് ഉടമയായ അദ്ദേഹം ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു. കര്‍ഷകപ്രസ്ഥാനത്തിലൂടെ ജില്ലയില്‍ പുരോഗന പ്രസ്ഥാനത്തിന് ആഴത്തില്‍ വേരുണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ശിവദാസമേനോന്‍ അനുസ്മരിച്ചു.

deshabhimani

No comments:

Post a Comment