Saturday, October 26, 2013

ഡ്രോണ്‍ ആക്രമണം പാക് അനുമതിയോടെ: യുഎന്‍ റിപ്പോര്‍ട്ട്

ഐക്യരാഷ്ട്ര കേന്ദ്രം: പാകിസ്ഥാനിലെ ഗോത്രമേഖലയില്‍ ഭീകരവേട്ടയുടെ പേരില്‍ അമേരിക്ക നടത്തുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ(ഡ്രോണ്‍) ആക്രമണം പാക് അധികൃതരോടെ സമ്മതത്തോടെയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ റിപ്പോര്‍ട്ട്. 2004 ജൂണിനും 2008 ജൂണിനുമിടെ അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് പാക് സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നതരുടെ അറിവും സമ്മതവും ലഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവിരുദ്ധനീക്കത്തിനിടെ മനുഷ്യാവകാശങ്ങളും മൗലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പ്രതിനിധി ബെന്‍ എമേഴ്സന്റെ റിപ്പോര്‍ട്ട് യുഎന്‍ പൊതുസഭയില്‍ സമര്‍പ്പിച്ചു. സാധാരണക്കാര്‍ കൊല്ലപ്പെട്ട 33 ആക്രമണങ്ങള്‍ വിശദമായി പരിശോധിച്ചാണ് എമേഴ്സണ്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാക് സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നതരുടെയും ചാരസംഘടനയായ ഐഎസ്ഐയുടെയും വ്യക്തമായ അംഗീകാരത്തോടെയാണ് അമേരിക്കയുടെ ആക്രമണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാക് വിദേശമന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ കണക്കു പ്രകാരം 330 ഡ്രോണ്‍ ആക്രമണങ്ങളാണ് 2004 മുതല്‍ അമേരിക്ക നടത്തിയത്. 2,200 പേര്‍ കൊല്ലപ്പെടുകയും അറുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. കൊല്ലപ്പെട്ടതില്‍ 400പേര്‍ സാധാരണക്കാരാണ്. ഡ്രോണ്‍ ആക്രമണം തുടരുന്നത് പാകിസ്ഥാന്റെ പരമാധികാരം ലംഘിക്കലാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎയുടെ ഇടപെടല്‍ ഇത്തരം ആക്രമണങ്ങളെ നിഗൂഢമാക്കി. ഇതുസംബന്ധിച്ച രേഖകള്‍ രഹസ്യസ്വഭാവം നീക്കി സുതാര്യമാക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പാക് ഗോത്രമേഖലയില്‍ ഭീകരരെ തുരത്താനെന്നപേരിലാണ് അമേരിക്ക വര്‍ഷങ്ങളായി വ്യോമാക്രമണം തുടരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടത് പാകിസ്ഥാനില്‍ വ്യാപകപ്രതിഷേധമുയര്‍ത്തിയിരുന്നു.

deshabhimani

No comments:

Post a Comment