മാള: വയോജന ദിനത്തില്‍ ജ്വലിക്കുന്ന സമരസ്മരണയുമായി കാളി എന്ന കണ്ടങ്കാളി. വയസ്സസ് 90 കഴിഞ്ഞെങ്കിലും പഴയ ജന്മി നാടുവാഴി വാഴ്ചയുടെ കിരാതനടപടി ഇന്നും കാളിയുടെ പഴമനസ്സില്‍ തുടിച്ചുനില്‍ക്കുന്നു. വടമയില്‍ പാമ്പുമേക്കാട്ട് മനവക കുടികിടപ്പായിരുന്നു അമ്പഴക്കാട്ട് കൂട്ടംകുഞ്ഞയപ്പനും ഭാര്യ കാളിയും. നിരവധി കുടികിടപ്പുകാര്‍ വേറെയുമുണ്ടായിരുന്നു. കീഴ്ജാതിക്കാര്‍ക്ക് വഴിനടക്കാനും കിണറ്റില്‍നിന്ന്വെള്ളം കുടിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പാടത്തും പറമ്പിലുമെല്ലാമുള്ള കൃഷിപ്പണിക്ക് രണ്ടു വടിച്ച് നെല്ലായിരുന്നു കൂലി.
1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കി. എന്നാല്‍ വിമോചനസമരത്തെത്തുടര്‍ന്ന് ആ ജനകീയ മന്ത്രിസഭയെ മാറ്റിയപ്പോള്‍ ജന്മിമാരും അവരുടെ കിങ്കരന്മാരും കുടികിടപ്പുകാരെ വീണ്ടും ദ്രോഹിക്കാന്‍ തുടങ്ങി. കുടിയിറക്കിന്റെ ഭാഗമായി പുലയസമുദായക്കാരായ ആറ് വീട്ടുകാരുടെ കുടിലുകള്‍ ജന്മിമാര്‍ പൊളിച്ചുമാറ്റി. 1963 ല്‍ 13 കുടുംബങ്ങളെ ഒഴിപ്പിക്കാതിരിക്കാനാണ് മാളയില്‍ ചരിത്രപ്രധാനമായ കുടികിടപ്പ്സമരം നടന്നത്. ഐ കെ അയ്യപ്പന്‍ കണ്‍വീനറായ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
പാമ്പുംമേക്കാട്ട് മനയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കുന്നത്തുകാട് പ്രവര്‍ത്തിച്ചിരുന്ന ഐക്യകേരള കലാസമിതിയുടെ പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് പാമ്പുംമേക്കാട്ട് മനയുടെ പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തിയത് അക്കാലത്തെ തീപാറുന്ന സമരമായിമാറി. ജന്മിമാരുടെ കിങ്കരന്മാര്‍ കക്കൂസ്മാലിന്യം സമരപന്തലിനുനേരെ എറിഞ്ഞു. മണ്ണെണ്ണയും കാരവും ഉപയോഗിച്ച് അതിനെ അതിജീവിച്ച് സമരം തുടര്‍ന്നു. മനയുടെ പരിസരവാസികള്‍ ഇന്നും "ശര്‍ങ്ങാണി" കുളമെന്ന് വിളിക്കുന്ന ശാരംഗപാണികുളത്തില്‍ കുളിക്കാന്‍ കണ്ടങ്കാളിയിറങ്ങി. കുളികഴിഞ്ഞ് കയറിയപ്പോള്‍ കരയില്‍ വച്ചിരുന്ന തുണികള്‍ കാണാനില്ല. എല്ലാം പൊലീസുകാര്‍ കൊണ്ടുപോയി. കുടികിടപ്പു സമരക്കാരെ പൊലീസ് പലതരത്തിലും നേരിട്ടു. മാത്രമല്ല കാളി, കോരന്‍ ചക്കി, നടുച്ചിരി എന്നീ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേരെ അറസ്റ്റുചെയ്ത് ഇരിങ്ങാലക്കുട ജയിലില്‍ അടച്ചു. കൈക്കുഞ്ഞായിരുന്ന കാളിയുടെ മൂന്നാമത്തെ മകന്‍ വാസുവും ജയിലിലായി. 36ദിവസം കാളിയും കൂട്ടരും ജയിലില്‍ കഴിഞ്ഞു. ആറുമാസവും 20 ദിവസവും നീണ്ടുനിന്ന സമരം പട്ടികജാതിമന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്ററുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പായതും കുടികിടപ്പുകാര്‍ക്ക് ഭൂമിലഭിച്ചതും. വയോജന ദിനംആചരിക്കുന്ന ഈ ഘട്ടത്തിലും കാളിക്ക് ഒരുപൈസപോലും പെന്‍ഷന്‍ ലഭിക്കുന്നില്ല. അവര്‍ അരിഭക്ഷണം ഒഴിവാക്കിയിട്ട് വര്‍ഷങ്ങളായി. ദിവസത്തില്‍ ഒരു ഗ്ലാസ് തെങ്ങിന്‍കള്ള് കുടിക്കും. കൂടെ ഇറച്ചിക്കറിയോ എന്തെങ്കിലും ലഭിച്ചാല്‍ സന്തോഷമായി.
(സി ആര്‍ പുരുഷോത്തമന്‍)
deshabhimani
No comments:
Post a Comment