Saturday, October 26, 2013

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ അഭിഭാഷകര്‍ രണ്ടുതട്ടില്‍; സ്റ്റാന്‍ഡിങ് കോണ്‍സലിനെ നീക്കി

ഡാറ്റാ സെന്റര്‍ കേസില്‍ അഡ്വക്കറ്റ് ജനറലും സുപ്രീംകോടതിയിലെ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലും തമ്മില്‍ ഇടയുന്നു. ഡാറ്റാ സെന്റര്‍ കേസില്‍ വക്കാലത്ത് ഒഴിയാന്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം ടി ജോര്‍ജിനോട് ആവശ്യപ്പെട്ടു. കേസില്‍ തുടക്കംമുതല്‍ സംഭവിച്ച താളപ്പിഴകളുടെ തുടര്‍ച്ചയാണ് എജിയും സ്റ്റാന്‍ഡിങ് കോണ്‍സലുമായുള്ള പരസ്യ ഏറ്റുമുട്ടലിലെത്തിയത്. വക്കാലത്ത് ഒഴിയില്ലെന്ന നിലപാട് തുടക്കത്തില്‍ സ്വീകരിച്ച എം ടി ജോര്‍ജ് പിന്നീട് നിലപാടു മാറ്റി. തിങ്കളാഴ്ചയാണ് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുക.

ഡാറ്റാ സെന്റര്‍ കേസില്‍ തുടക്കംമുതല്‍ സുപ്രീംകോടതിയില്‍ നിന്ന് നിശിത വിമര്‍ശം സംസ്ഥാനസര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നിരുന്നു. സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തതെല്ലാം കോടതിയുടെ പരിഹാസത്തിനും വിമര്‍ശത്തിനും ഇടയാക്കി. സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ പാളിച്ചയാണ് സര്‍ക്കാരിന് ക്ഷീണം ചെയ്തതെന്ന നിലപാടിലാണ് എജി ദണ്ഡപാണി. എന്നാല്‍, തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും എജിയുടെ ഇടപെടലാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ജോര്‍ജ് ആരോപിച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയോട് കേസ് കാര്യങ്ങള്‍ സംസാരിച്ചത് താനല്ല. സത്യവാങ്മൂലം തയ്യാറാക്കിയത് തന്റെ അറിവോടെയല്ല. ദണ്ഡപാണി ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കോടതിയുടെ വിമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കിയത് ഈ ഇടപെടലുകളാണ്-ജോര്‍ജ് പറഞ്ഞു. ഡാറ്റാ സെന്റര്‍ കേസില്‍ എം ജി ജോര്‍ജിനു പകരം മറ്റൊരു സ്റ്റാന്‍ഡിങ് കോണ്‍സലായ എം ആര്‍ രമേശ്ബാബു ഹാജരാകുമെന്ന് അറിയിച്ചുള്ളതാണ് ദണ്ഡപാണി പുറപ്പെടുവിച്ച ഉത്തരവ്. കേസുമായി ബന്ധപ്പെട്ട രേഖയെല്ലാം ജോര്‍ജ് ഉടന്‍ രമേശ്ബാബുവിന് കൈമാറണമെന്നും നിര്‍ദേശിക്കുന്നു.

രേഖകള്‍ വാങ്ങി രമേശ്ബാബുവിനെ ഏല്‍പ്പിക്കാന്‍ കേരള ഹൗസിലെ സര്‍ക്കാരിന്റെ ലോ ഓഫീസറോടാണ് ദണ്ഡപാണി ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകള്‍ കൈമാറില്ലെന്ന നിലപാടായിരുന്നു ജോര്‍ജ് ആദ്യം സ്വീകരിച്ചത്. വക്കാലത്ത് ഏല്‍പ്പിച്ച നിയമ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ മാത്രമേ ഒഴിയൂ. സുപ്രീംകോടതിയില്‍ ഇതിന് അനുമതി തേടണം. വക്കാലത്ത് ഒഴിയണമെന്നാണോ കേസ് നടത്തിപ്പില്‍നിന്ന് മാറണമെന്നാണോ ഉദേശിക്കുന്നതെന്ന് എജിയുടെ ഉത്തരവ് വ്യക്തമാക്കുന്നില്ല. തിങ്കളാഴ്ച കേസ് വരുമ്പോള്‍ താന്‍ തന്നെ ഹാജരാകും-ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഈ പ്രതികരണം വന്നതിനു പിന്നാലെ രേഖകള്‍ രമേശ് ബാബുവിന് കൈമാറാന്‍ നിയമ സെക്രട്ടറി സി പി രാമരാജ പ്രേമപ്രസാദ് ഫോണിലൂടെ ജോര്‍ജിനോട് ആവശ്യപ്പെട്ടു. അഭിഭാഷകര്‍ക്ക് കേസ് നല്‍കാന്‍ അഡ്വക്കറ്റ് ജനറലിന് അധികാരമുണ്ടെന്നും സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് പ്രതിഷേധത്തോടെയാണെങ്കിലും കേസില്‍നിന്നു മാറാന്‍ ജോര്‍ജും തയ്യാറായി.

deshabhimani

No comments:

Post a Comment