കെ സുധാകരന്‍ എം പി കണ്ണൂരില്‍ വാര്‍ത്താസമ്മേളനവും നടത്തി. ആരുടേയും കുടുംബപാരമ്പര്യം കൊണ്ടല്ല മന്ത്രി സ്ഥാനം ലഭിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കുന്നത് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. തെറ്റുകള്‍ ചൂണ്ടികാട്ടിയാല്‍ പരിഹസിക്കുന്ന മറുപടിയാണ് മന്ത്രിയില്‍നിന്ന് വരുന്നത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ തണുത്ത നിലപാടാണ് തിരുവഞ്ചൂരിന്. അല്‍പ്പന് അര്‍ത്ഥം കിട്ടിയതുപോലെയാണ് മന്ത്രിയുടെ പെരുമാറ്റം എന്നും കെ സുധാകരന്‍ പറഞ്ഞു.
തിരുവഞ്ചൂരിന്റെ ഭരണം വലിയ അവമതിപ്പാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും പല കാര്യങ്ങളിലും വീഴ്ച പറ്റിയെന്നും കണ്ണൂര്‍ ഡിസിസിയോഗം കുറ്റപ്പെടുത്തി. തിരുവഞ്ചൂരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഫാക്സ് അയച്ചിട്ടുള്ളത്. ആഭ്യന്തരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ആഭ്യന്തര വകുപ്പില്‍ എന്തു നടക്കുന്നുവെന്ന് തിരുവഞ്ചൂര്‍ അറിയുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.
ജയിലിനെ വെള്ളരിക്ക പട്ടണമാക്കി മാറ്റിയെന്നും ജയിലുകളെ പിക്നിക് കേന്ദ്രമാക്കിമാക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി പറഞ്ഞു. ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ മുരളീധരന്‍ എംഎല്‍എയും തിരുവഞ്ചൂരിനെതിരെ രംഗത്ത് വന്നു. തെറ്റുതിരുത്താന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും തിരുവഞ്ചൂരിനെ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന എന്തോ ഒന്ന് തിരുവഞ്ചൂരിന് കിട്ടിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അതാണ് മുഖ്യമന്ത്രി തിരുവഞ്ചൂരിനെ മാറ്റാത്തതെന്നുമായിരുന്നും പി സി ജോര്‍ജിന്റെ പ്രതികരണം.
മനോനില തെറ്റിയ തിരുവഞ്ചൂരിനെ ഉടനെ ചികില്‍സിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു. പരാതി പറയാന്‍ വിളിച്ച തന്നെ തിരുവഞ്ചൂര്‍ ചീത്ത വിളിച്ചുവെന്നും റിജില്‍ പറഞ്ഞു.
പരസ്യപ്രസ്താവനകള്‍ക്ക് കനത്ത വിലക്ക് കോണ്‍ഗ്രസില്‍ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്നാണ് മുമ്പും ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര്‍ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം തിരുവഞ്ചൂര്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ യോഗം കോഴിക്കോട് വിളിച്ചുചേര്‍ത്തിട്ടുമുണ്ട്.
ആഭ്യന്തരമന്ത്രിയെന്ന വിഴുപ്പിനെ ഇനി ചുമക്കാന്‍ വയ്യ: കെ സുധാകരന്‍
കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരമന്ത്രിയെന്ന വിഴുപ്പിനെ ഇനിയും ചുമക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറല്ലെന്ന് എഐസിസി അംഗം കെ സുധാകരന്‍ എംപി. പാര്‍ടിക്കും സര്‍ക്കാരിനും ബാധ്യതയായ തിരുവഞ്ചൂര്‍ സ്വയം തിരുത്തുകയോ സ്ഥാനമൊഴിയുകയോ വേണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെട്ട് പാര്‍ടി തലത്തില്‍ തീരുമാനമുണ്ടാക്കണം. ജനാധിപത്യസംവിധാനത്തിന് അപമാനമാണ് ആഭ്യന്തരമന്ത്രി. അല്‍പ്പന് അര്‍ഥം കിട്ടിയതുപോലെയുള്ള നിലവാരത്തിലേക്ക് അദ്ദേഹം താഴരുത്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് സുധാകരന്‍ തിരുവഞ്ചൂരിനെതിരെ പൊട്ടിത്തെറിച്ചത്.
കാലങ്ങളായി വീര്‍പ്പുമുട്ടി നിന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നതെന്ന ആമുഖത്തോടെയാണ് സുധാകരന്‍ തുടങ്ങിയത്. കുടുംബവിഹിതമോ പാരമ്പര്യമോ അല്ല മന്ത്രിസ്ഥാനമെന്ന് തിരുവഞ്ചൂര്‍ മനസിലാക്കണം. ആ പദവിയിലിരുന്ന് സ്വന്തം അജന്‍ഡ നടപ്പാക്കാമെന്ന വ്യാമോഹം വേണ്ട. ലൂയി പതിനാലാമനെപ്പോലെ "ഐ ആം ദ് സ്റ്റേറ്റ്" എന്ന വിചാരവും പുലര്‍ത്തേണ്ട. പാര്‍ടിക്ക് വിധേധയപ്പെടുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം വിട്ടെറിഞ്ഞ് പോകണം. തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ അപമാനിക്കാനും പരിഹസിക്കാനുമാണ് തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്. അദ്ദേഹത്തെ കുലുക്കി വീഴ്ത്താന്‍ ചില സ്ഥാനമോഹികള്‍ ശ്രമിക്കുന്നതായാണ് തിരുവഞ്ചൂര്‍ പറയുന്നത്. പാര്‍ലമെന്റ് അംഗമായ ഞാന്‍ മന്ത്രിപദവി ആഗ്രഹിക്കുന്നുവെന്ന് ആരോപിക്കുന്നത് അസംബന്ധമാണ്. ഇങ്ങനെപോയാല്‍ സ്വയം കുലുങ്ങിക്കുലുങ്ങി തിരുവഞ്ചൂര്‍ താഴെവീഴും.
ജയിലിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് പരിശോധന നടത്താനാണ് തിരുവഞ്ചൂര്‍ കോഴിക്കോട്ടെ ജയിലില്‍ പോയത്. ജയിലുകളില്‍ നടക്കുന്ന വിവരങ്ങളെല്ലാം രഹസ്യാന്വേഷണവിഭാഗം മന്ത്രിക്ക് കൈമാറുന്നുണ്ട്. എന്നിട്ടും ഒരു നടപടിയുമില്ല. ഇതെല്ലാം തിരുവഞ്ചൂരിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നാണ് തെളിയിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അടക്കം സിപിഐ എമ്മിനെ ദുള്‍ബലപ്പെടുത്താന്‍ ലഭിച്ച ഒരു അവസരവും ആഭ്യന്തരമന്ത്രി ഉപയോഗിച്ചില്ല. മറിച്ച് സിപിഐഎമ്മിനെ നിരന്തരം സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊലീസിനെ ചങ്ങലക്കിടുകയാണ് ആഭ്യന്തരമന്ത്രി. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവങ്ങളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ ഘടകകക്ഷികളും നേതാക്കളും കെഎസ് യുക്കാരും വരെ തിരുവഞ്ചൂരിന് എതിരാണ്. പാര്‍ടി ഫോറങ്ങളില്‍ ഈ പ്രശ്നം ഉന്നയിച്ചിട്ട് ഫലമില്ലാത്തതിനാലാണ് മാധ്യമങ്ങളോട് പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.
തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ അടുത്ത തീരുമാനം അപ്പോള്‍ പറയുമെന്നും സുധാകരന്‍ വ്യക്തമാക്കി.
നാലുപേര്‍ ഒച്ചവെച്ചാല്‍ രാജിവെക്കില്ല: തിരുവഞ്ചൂര്‍
കോഴിക്കോട്: ആരെങ്കിലും നാലുപേര്‍ ഒച്ചവെച്ചാല്‍ താന്‍ രാജിവെക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നഖം മുതല്‍ മുടി വരെ കോണ്‍ഗ്രസ് സംസ്ക്കാരമുള്ളതിനാല്‍ കെ സുധാകരന്റെ "അല്‍പ്പന്‍" വിളിക്ക് മറുപടി പറയുന്നില്ല. പറയാന്‍ പറ്റിയ വാക്കൊക്കെ തനിക്കും അറിയാം. സുധാകരന്‍ അങ്ങനെ പറയാനിടയില്ലെന്നാണ് കരുതുന്നത്. താന്‍ അല്‍പ്പനല്ലെന്ന് വ്യക്തിപരമായി തന്നെ അനുഭവമുള്ളയാളാണ് സുധാകരനെന്ന് തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തരമന്ത്രി സ്ഥാനം വെട്ടിപിടിച്ചതല്ല. തന്നെ മന്ത്രിയാക്കിയ ആര്‍ ആവശ്യപ്പെട്ടാലും മാറി നില്‍ക്കും. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ മുഴുവന്‍ പൊലീസാണ് പിടിച്ചത്. അതിലൊന്നും ഒരു സഹായവും നല്‍കിയിട്ടില്ലാത്തവരാണ് ഇപ്പോള്‍ വിസ്താരത്തിന് ഇറങ്ങുന്നത്. നാലുപേര്‍ ഒച്ചവെച്ചാല്‍ തകരുന്നതല്ല തന്റെ ഗ്രാഫ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒച്ചവെക്കുന്നവര്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീട്ടിലിരിക്കും. ഇവര്‍ ഒരു കാലത്തും എന്നെ സഹായിച്ചിട്ടില്ല. പാര്‍ട്ടി ഭാരവാഹിയായിരിക്കുമ്പോള്‍ പോലും സഹായിച്ചിട്ടില്ല. മകന്റെ വിവാഹ സല്‍ക്കാര ദിവസം പോലും ഞാന്‍ രാജിവെക്കണമെന്ന് പ്രസ്താവന ഇറക്കിയവരാണവര്‍- തിരുവഞ്ചൂര്‍ പറഞ്ഞു.
എ കെ ആന്റണിയെ മാതൃകയാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. പത്തരമാറ്റുള്ള രാഷ്ട്രീയ ജീവിതമാണ് തന്റേതെന്നും ഇതിലൊന്നും വാടുകയില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ ഡിസംബര്‍ 31 നുമുമ്പ് തീര്‍ക്കണം. അതിനെ തടസ്സപ്പെടുത്തുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ല. കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെങ്കില്‍ അതിനു തടസ്സമില്ല. കേസില്‍ കൂടുതല്‍ തെളിവുണ്ടെന്ന് പറയുന്ന കെ സുധാകരന്‍ ഒരു തെളിവും പൊലീസിന് കൈമാറിയിട്ടില്ല. ഇതൊക്കെ വെറുതെ പറയുന്നതാണ്.-മന്ത്രി പറഞ്ഞു.
deshabhimani
No comments:
Post a Comment