കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിനും ഒക്‌ടോബറിനും മധ്യേ മുംബൈ വിമാനത്താവളത്തില്‍ 19.71 കോടി രൂപ വില വരുന്ന 73 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പിടിച്ചെടുത്തത് 9.8 കോടി രൂപ വില വരുന്ന 31 കിലോ സ്വര്‍ണമായിരുന്നു.
ആഭ്യന്തരവിപണിയിലും ദുബായ് വിപണിയിലും സ്വര്‍ണത്തിന് വിലയിലുള്ള വലിയ അന്തരം തന്നെയാണ് കള്ളക്കടത്ത് വര്‍ധിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു കിലോ സ്വര്‍ണത്തിന് ഇരുരാജ്യങ്ങളിലും വിലയില്‍ അഞ്ച് ലക്ഷം രൂപവരെയായി ഉയര്‍ന്നു. ജൂണ്‍മാസത്തില്‍ രണ്ടരലക്ഷം രൂപയാണ് വ്യത്യാസമുണ്ടായിരുന്നത്. അതിനുമുമ്പ് ഒരു ലക്ഷം രൂപമാത്രമാണ് ഇന്ത്യയില്‍ വില കൂടുതലുണ്ടായിരുന്നത്.
സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ പ്രഖ്യാപിച്ച ജൂലൈ മാസത്തിലാണ് കള്ളക്കടത്ത് ലോബി സജീവമായത്. ജൂലൈ മാസം വരെ പ്രതിമാസം 80 ടണ്ണായിരുന്നു ഇറക്കുമതി. സെപ്തംബറില്‍ അത് 23.5 ടണ്‍ ആയും ഒക്ടോബറില്‍ 7.24 ടണ്‍ ആയും കുറഞ്ഞു. ഇറക്കുമതി കുറഞ്ഞതോടെ കള്ളക്കടത്ത് സജീവമായി.
കസ്റ്റംസ് അധികൃതരുടെ പിടിയില്‍ പെടാതെ സ്വര്‍ണം കടത്തുന്നതിന് വിവിധ മാര്‍ഗങ്ങളാണ് കള്ളക്കടത്തുകാര്‍ പ്രയോഗിക്കുന്നത്. ശരീരത്തിനുള്ളിലും ഇലക്‌ട്രോണിക് ഉപകരണങ്ങളിലും മൊബൈല്‍ ഫോണുകളുടെ ബാറ്ററിവെക്കുന്ന സ്ഥലങ്ങളിലുമെല്ലാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. എന്നാല്‍ കള്ളക്കടത്തുകാരുടെ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്താന്‍ കസ്റ്റംസ് അധികൃതര്‍ക്ക് കഴിഞ്ഞു.
ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്നുവരുന്ന വിമാനങ്ങളിലെ യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. മുംബൈയില്‍ പരിശോധന കര്‍ക്കശമാക്കിയതോടെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലിറങ്ങുകയാണ് കള്ളക്കടത്തുകാര്‍. കൊല്‍ക്കത്ത, ജയ്പുര്‍ വിമാനത്താവളങ്ങളില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ട് സംഭവങ്ങളില്‍ 40 കിലോ സ്വര്‍ണം പിടിച്ചെടുത്തു.
കള്ളക്കടത്ത് തടയാന്‍ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സ്വര്‍ണവ്യാപാരികള്‍ ഉന്നയിച്ചിട്ടുണ്ട്.
janayugom
No comments:
Post a Comment