നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമാനിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉണ്ടായിരുന്നതായി തെളിവുകള്‍. പ്രതിമാനിര്‍മാണ പരിപാടിയുമായി എത്തിയ മോഡി സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ വിവരങ്ങളാണ് പുറത്തായത്. അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. ഡിസംബര്‍ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. തുടര്‍ന്ന് സംഘത്തിന് മസ്കറ്റ് ഹോട്ടലില്‍ ഒരുക്കിയ വിരുന്നില്‍ ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കെടുത്തു.
മോഡിയുടെ പ്രതിമാനിര്‍മാണവുമായി കോണ്‍ഗ്രസില്‍നിന്ന് ആരും സഹകരിക്കരുതെന്ന ദേശീയ നേതൃത്വത്തിന്റെ വിലക്ക് ധിക്കരിച്ച മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നടപടി യുഡിഎഫിനെ കൂടുതല്‍ കുഴപ്പത്തിലേക്കാണ് എത്തിക്കുന്നത്. പ്രതിമാ നിര്‍മാണത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന ബിജെപി പരിപാടിയില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പങ്കെടുത്തതിനെച്ചൊല്ലി യുഡിഎഫില്‍ കലാപം കത്തിപ്പടരുന്നതിനിടെയാണ് പുതിയ വിവാദം. പട്ടേല്‍ പ്രതിമാനിര്‍മാണത്തിനുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായാണ് ഗുജറാത്ത് സംഘം കേരളത്തില്‍ എത്തിയത്. നരേന്ദ്രമോഡി നിയോഗിച്ചത് പ്രകാരം ഗുജറാത്ത് കൃഷിമന്ത്രി ബാബുഭായ് ബൊക്കാരിയോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബിജെപി എംപി ദര്‍ശനബെന്‍ ജാര്‍ദേഷ്, മുന്‍മന്ത്രി ഐകെ ജഡേജ, ആറ് എംഎല്‍എമാര്‍, മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ കേരള കേഡറിലുള്ള ഗുജറാത്ത് ടൂറിസം സെക്രട്ടറി സഞ്ജയ് കൗളും ഉള്‍പ്പെടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ വി മുരളീധരനും സംഘത്തെ അനുഗമിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് വിരുന്ന് സല്‍ക്കാരത്തിന്റെ ചെലവ് വഹിച്ചത്. പി സി ജോര്‍ജ് ബിജെപി വേദിയില്‍ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നതോടെയാണ് മോഡി സംഘത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിരുന്നൊരുക്കിയതിന്റെ ചിത്രം ബിജെപി കേന്ദ്രങ്ങള്‍ പുറത്തുവിട്ടത്.
ഇതിനിടെ, പ്രതിമാ നിര്‍മാണപദ്ധതിയുമായി എത്തിയ ഗുജറാത്ത് മന്ത്രിയെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ കാണണമെന്ന് ഗുജറാത്ത് മന്ത്രി ഭായ് ബുക്കറിയ പറഞ്ഞു. കണ്ടു, അത്രേയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗുജറാത്ത് സംഘവുമായി നടത്തിയ ചര്‍ച്ചയെ പറ്റിയുള്ള മറ്റു ചോദ്യങ്ങളില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞു മാറി. മോഡിയുടെ കത്തിനെ പറ്റിയും പ്രതികരണമുണ്ടായില്ല. പ്രതിമ നിര്‍മിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൂര്‍ണപിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധിസംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് ഉറപ്പ് നല്‍കിയതെന്നും സുരേന്ദ്രന്‍ ശബരിമലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പി സി ജോര്‍ജിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായിരിക്കയാണ്. എന്നാല്‍, തന്നെ പുറത്താക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ നടപടി വേണമെന്ന് ജോര്‍ജ് തിരിച്ചടിച്ചു.
deshabhimani
No comments:
Post a Comment