Tuesday, December 17, 2013

പൊതുമേഖല എണ്ണക്കമ്പനികളുടെ ഓഹരി വില്‍ക്കരുത്

കൊല്‍ക്കത്ത: പൊതുമേഖലയിലെ എണ്ണക്കമ്പനികളുടെ ഓഹരി വില്‍ക്കുന്നത് നിര്‍ത്തണമെന്ന് പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ എണ്ണമേഖലയെയും പ്രതിസന്ധിയിലാക്കിയെന്ന് സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

സര്‍ക്കാര്‍ വന്‍കിട സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിനാല്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തകരുന്നു. പെട്രോളിയം മേഖല കൈയടക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ യുദ്ധഭീഷണി ഉയര്‍ത്തുന്നു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധന സാധാരണ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. സ്വന്തം ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടത്തോടൊപ്പം തെറ്റായ നയങ്ങള്‍ക്കും ജനവിരുദ്ധ നടപടികള്‍ക്കുമെതിരെയുള്ള പൊതു പ്രക്ഷോഭങ്ങളിലും മേഖലയിലുള്ള തൊഴിലാളികള്‍ കൈകോര്‍ക്കണം- തപന്‍ സെന്‍ ആവശ്യപ്പെട്ടു.

പ്രമോദ് മായാങ്കര്‍ അധ്യക്ഷനായി. രാജ്യമൊട്ടാകെയുള്ള 40 യൂണിയനുകളെ പ്രതിനിധാനംചെയ്ത് 230 അംഗങ്ങള്‍ പങ്കെടുത്തു. ചൈന, വിയറ്റ്നാം, ഇറാന്‍, ലിബിയ, ഗ്രീസ്, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സെക്രട്ടറി സ്വദേശ് ദേബ്റോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദീപക് ദാസ് ഗുപ്ത സ്വാഗതം പറഞ്ഞു. തുല്യ ജോലിക്ക് തുല്യവേതനം, കരാര്‍ ജോലിക്കാര്‍ക്കും ഗ്രാറ്റുവിറ്റി എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം തുടങ്ങാന്‍ സമ്മേളനം തീരുമാനിച്ചു. ഭാരവാഹികള്‍: പ്രമോദ് മായാങ്കര്‍ (പ്രസിഡന്റ്) ശ്രീനാഗന്‍ ചുട്ടിയ (ജനറല്‍ സെക്രട്ടറി) സ്വപന്‍ ഗംഗോപാധ്യായ (ട്രഷറര്‍)കേരളത്തില്‍നിന്ന് ബി ബാലഗോപാലനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും ടി രഘുവരന്‍, എം ജി അജി എന്നിവരെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
(ഗോപി)

deshabhimani

No comments:

Post a Comment