Monday, December 16, 2013

ആഭ്യന്തരവകുപ്പിനെതിരെ വ്യാപക പരാതി: ചെന്നിത്തല

ആഭ്യന്തരവകുപ്പിനെതിരെ കോണ്‍ഗ്രസിനകത്ത് മാത്രമല്ല, ഘടകകക്ഷികള്‍ക്കും പുറത്തും വ്യാപക പരാതിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ശബരിമല ദര്‍ശനത്തിനെത്തിയ ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനിടെയാണ് ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചത്. പരാതി പാര്‍ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും തെരഞ്ഞെടുപ്പ് വിഷയമാകും.

സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി പറയാന്‍ താന്‍ ആളല്ല. ഇതേക്കുറിച്ച് പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് കൂടുതല്‍ സീറ്റ് വേണമെന്ന ആഗ്രഹം സാഭാവികം മാത്രമാണ്. ഇത്തരം ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയുന്നത് നല്ലതാണെന്നും ചെന്നിത്തല പരിഹസിച്ചു. മുസ്ലിംലീഗ് ശക്തിപ്പെടുന്നതിനെ സ്വാഗതം ചെയ്യുന്നു. ഘടകകക്ഷികള്‍ ശക്തിപ്പെടുന്നതും ജനപിന്തുണ വര്‍ധിപ്പിക്കുന്നതും നല്ലതാണ്. എന്നാല്‍, യുഡിഎഫിന്റെ ജനപിന്തുണയും ശക്തിയും വര്‍ധിപ്പിക്കുന്ന തരത്തിലാകണം അത്.

ജെഎസ്എസ് യുഡിഎഫ് വിടുന്നതിനെപ്പറ്റി അറിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചു. ജയ്പൂരില്‍ ചേരുന്ന എഐസിസി പ്രത്യേക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. കെപിസിസി പുനഃസംഘടനക്കുള്ള അധികാരം എഐസിസിക്കാണ്. 24ന് മുഖ്യമന്ത്രിയും താനും ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ചെന്നിത്തലക്കു പിന്നാലെ കെ മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ രംഗത്തുവന്നു. തിരുവഞ്ചൂരിന് മറ്റേതെങ്കിലും വകുപ്പ് നല്‍കി ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് മുരളി ശബരിമലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലും യുഡിഎഫിലും ആഭ്യന്തരവകുപ്പിനെതിരെ പുകയുന്ന പ്രതിഷേധം ചെന്നിത്തലയുടെ തുറന്നടിക്കലിലൂടെ പുതിയ വഴിത്തിരിവിലെത്തി.

കെ സുധാകരന്റെയും കെ മുരളീധരന്റെയും നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പക്ഷത്തെ ലക്ഷ്യമിട്ട് ഐ വിഭാഗം നടത്തിയ നീക്കം കെപിസിസി പ്രസിഡന്റിന്റെ പിന്തുണയോടെയാണെന്ന് ഇതോടെ വ്യക്തമായി. സ്ഥാനാര്‍ഥി നിര്‍ണയവും പാര്‍ടി പുന:സംഘടനാ ചര്‍ച്ചയും ഉടന്‍ ആരംഭിക്കുമെന്ന് പറയുമ്പോള്‍ തന്നെ തിരുവഞ്ചൂരിനെതിരെ ചെന്നിത്തല പരസ്യമായി രംഗത്തിറങ്ങിയത് കോണ്‍ഗ്രസിലെ കൂട്ടത്തല്ല് മൂര്‍ച്ഛിപ്പിക്കും. തിരുവഞ്ചൂരിന്റെ കോലം വരെ കത്തിച്ചിട്ടും കാര്യമായി പ്രതികരിക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ പരസ്യമായി രംഗത്തിറങ്ങിയത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് തന്നെയാണെന്നാണ് സൂചന.

deshabhimani

No comments:

Post a Comment