Monday, December 16, 2013

കടകംപള്ളിയിലെ ഭൂമിതട്ടിപ്പ് : സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി കുംഭകോണകേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഭൂമി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പിന് കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. കുറ്റക്കാരെ അതേ ഓഫീസില്‍ തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

കടകംപള്ളി ഭൂമി തട്ടിപ്പിന് വ്യാജരേഖകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കളമശ്ശേരി ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെ സ്ലം മാറ്റിയതായും അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടനെ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ കൂടതല്‍ വാദം വ്യാഴാഴ്ച നടക്കും.

എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയില്ല: ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പുകേസില്‍ കുറ്റക്കാരെന്ന് റവന്യൂ സെക്രട്ടറി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു.

കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ തുടരാന്‍ സര്‍ക്കാര്‍ എന്തിന് അനുവദിക്കുന്നു. ഇവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കാനും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വന്‍ ക്രമക്കേടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ ചമയ്ക്കലും ക്രമക്കേടുകളുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ടെത്തിയിട്ടുള്ളത്. അടിയന്തര നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. കടകംപള്ളി, കളമശേരി തട്ടിപ്പുകേസുകള്‍ വെവ്വേറെ പരിഗണിക്കണമെന്ന് ആരോപണവിധേയരായവര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. സമാന സ്വഭാവമുള്ള ആരോപണങ്ങളാണ് രണ്ടു കേസും എന്നതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഒന്നിച്ചു പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.

കളമശേരി ഭൂമിതട്ടിപ്പില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെന്നും എന്നാല്‍, കടകംപള്ളി കേസില്‍ നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. കളമശേരിയിലെ ഷെരീഫ, കടകംപള്ളിയിലെ ശ്രീജിത് നായര്‍ എന്നിവരാണ് സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിച്ചത്. അന്വേഷണം നടത്താന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുക്കിയിരുന്നു. സലിംരാജിന്റെ ബന്ധുവിന് നല്‍കിയ ഇരട്ടപ്പട്ടയം റദ്ദാക്കാനും റവന്യൂവകുപ്പ് നടപടി എടുത്തില്ല.

deshabhimani

No comments:

Post a Comment