Tuesday, December 17, 2013

"എന്റെ ശബ്ദം താങ്കള്‍ കേള്‍ക്കാത്തത് ദുര്‍ബലമായതുകൊണ്ടോ"

"താങ്കള്‍ക്ക് എന്തു കഥകള്‍ വേണമെങ്കിലും ഉണ്ടാക്കാം, എന്നാല്‍ അതിനെല്ലാം താഴെ ഒന്നു മുഴച്ചുനില്‍ക്കും, അങ്ങയുടെ വീഗാലാന്‍ഡ് തകര്‍ത്തുകളഞ്ഞത് ഒരു പതിനേഴുകാരന്റെ സ്വപ്നങ്ങളാണ്. രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിച്ചുവെന്ന പേരില്‍ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം സമ്മാനം നല്‍കിയതറിഞ്ഞു. എന്നിട്ടും താങ്കള്‍ എന്താണ് എന്നെ കാണാത്തത്, എന്റെ ശബ്ദം തീരെ ദുര്‍ബലമായതുകൊണ്ടാണോ. സമയം ഒഴുകിത്തീരുകയാണ് സാര്‍. ജീവിക്കാനുള്ള എന്റെ പോരാട്ടം തുടരുന്നു"- തന്നെ ഫേസ്ബുക്കിലൂടെ അപഹസിച്ച കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് വിജേഷിന്റെ കണ്ണീരില്‍ ചാലിച്ച മറുപടി.

കൊച്ചി വീഗാലാന്‍ഡിലുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിജേഷിനുനേരെ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഇനിയും കണ്ണുതുറക്കാന്‍ തയ്യാറായിട്ടില്ല. വീഗാലാന്‍ഡിലെ അപകടത്തില്‍പ്പെട്ട് 11 വര്‍ഷമായി ചലനമറ്റ് ജീവിതം നഷ്ടപ്പെട്ട് കഴിയുന്ന ഇരുപത്തെട്ടുകാരനായ ഈ യുവാവിന് നേര്‍ക്ക് ഫേസ്ബുക്കിലൂടെ പലവിധ ആരോപണങ്ങളുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനാണ് ചിറ്റിലപ്പിള്ളിക്ക് വിജേഷ് ഫേസ്ബുക്കില്‍ മറുപടി കുറിച്ചത്. കേരളം മുഴുവന്‍ വിജേഷിന്റെ ദുരന്തജീവിതം അറിഞ്ഞു. വിജേഷിന്റെ തൃശൂര്‍ കോട്ടപ്പുറത്തെ വീട്ടിലേക്ക് സഹായഹസ്തവുമായി നിരവധി പേരാണെത്തുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ തിങ്കളാഴ്ച വിജേഷിനെ സന്ദര്‍ശിച്ചു.

2002 ഡിസംബര്‍ 22നാണ് തൃശൂര്‍ കോട്ടപ്പുറം അടിയാട്ട് വിജയസരസില്‍ വിജയകുമാര്‍-സരസ്വതി ദമ്പതികളുടെ മകന്‍ വിജേഷ് കൊച്ചി വീഗാലാന്‍ഡിലെ ബക്കറ്റ്ഷവറിലെ അപകടത്തില്‍പ്പെട്ടത്. സംഗീതം വിജേഷിന് ജീവനായിരുന്നു. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സ്ഥിരമായി പാടിയിരുന്നു. പഠിക്കാന്‍ മിടുക്കനായ വിജേഷ് പത്താംക്ലാസില്‍ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. വീട്ടിലെ ദരിദ്രമായ സാഹചര്യങ്ങളില്‍ ഒരു ജോലി സമ്പാദിക്കണമെന്ന മോഹത്തിലാണ് എംടിഐയില്‍ ചേര്‍ന്നത്. എല്ലാം തകര്‍ന്ന് തളര്‍ന്നുകിടന്ന തന്നെ "കാരുണ്യവാനായ" ചിറ്റിലപ്പിള്ളി സഹായിക്കുമെന്നായിരുന്നു വിജേഷ് കരുതിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊയ്മുഖം തിരിച്ചറിഞ്ഞു. ഇതോടെയാണ് കോടതിയെ സമീപിച്ചത്. സുഹൃത്തുക്കള്‍ ഈ മാസം 22ന് വിജേഷിനുവേണ്ടി കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൂട്ടായ്മയില്‍ ചികിത്സാസഹായസമിതി രൂപീകരിക്കാനാണ് തീരുമാനം.
(ടി വി വിനോദ്)

deshabhimani

No comments:

Post a Comment