Tuesday, December 17, 2013

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്സിന്റെ "വാര്‍ത്തക്കോഴ"

ഛത്തീസ്ഗഢില്‍ നൂറോളം പത്ര- ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ക്യാമറാമാന്മാര്‍ക്കും കോണ്‍ഗ്രസ് 20 ലക്ഷം രൂപ തെരഞ്ഞെടുപ്പു ഫണ്ടില്‍നിന്ന് അനുവദിച്ചത് വിവാദമാവുന്നു. ലേഖകര്‍ക്ക് 15000, 25000, 50000 എന്നിങ്ങനെയും ക്യാമറാമാന്മാര്‍ക്ക് 5000 രൂപയുമാണ് കോഴ നല്‍കിയത്. സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രമേഷ് വര്‍ലയാനിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം അനുവദിച്ചത്. റായ്പുര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയ- പ്രാദേശിക മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയായിരുന്നു പണവിതരണം. ആറു പേജുള്ള പട്ടികയില്‍ നൂറ് മാധ്യമപ്രവര്‍ത്തകരുടെ പേരുണ്ട്.

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് വാര്‍ത്തക്കോഴ പുറത്തു വിട്ടത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്ന നാട്യത്തില്‍ വിളിച്ചുവരുത്തിയശേഷമാണ് ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന് പണം വാഗ്ദാനംചെയ്തത്. ലേഖകന്‍ പ്രതിഷേധിക്കുകയും പണം വാങ്ങാതെ മടങ്ങുകയും ചെയ്തു. മറ്റു ചില മാധ്യമപ്രവര്‍ത്തകരും കോഴയോട് ക്ഷോഭത്തോടെ പ്രതികരിച്ചു. പട്ടികയില്‍ പറയുന്ന പണമല്ല ലേഖകര്‍ക്ക് വാഗ്ദാനംചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. വര്‍ലയാനിയുടെ ഒപ്പോടെയുള്ള ആറു പേജ് വരുന്ന പട്ടികയില്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്റെ പേരിന് നേരെ എഴുതിയത് അരലക്ഷം രൂപ. എന്നാല്‍, നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ വര്‍ലയാനി അറിയിച്ചത് 25000 തരാമെന്നും. ചുരുക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാനെന്ന പേരില്‍ എഐസിസിയില്‍നിന്ന് വാങ്ങിയ 20 ലക്ഷം രൂപയുടെ പകുതിയും നേതാക്കളുടെ പോക്കറ്റിലെത്തി.

deshabhimani

No comments:

Post a Comment