Monday, January 6, 2014

പട്ടയമേളയുടെ മറവില്‍ വന്‍ ഭൂമിതട്ടിപ്പിന് നീക്കം

കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പട്ടയമേള മറയാക്കി വന്‍ ഭൂമി തട്ടിപ്പിന് കളമൊരുങ്ങുന്നു. ലിസ്റ്റിലുള്ളവരുടെ പേരില്‍ മൂന്ന് സെന്റ് വീതം ഭൂമിയുടെ പട്ടയം തയ്യാറാക്കി വിതരണം ചെയ്യാനാണ് നീക്കം. പട്ടയത്തിനുള്ള ഫയലുകളൊന്നും ഇതുവരെ തയ്യാറാക്കിയിട്ടില്ല. ആദ്യം പട്ടയം, അതിനനുസരിച്ച് ഫയല്‍ എന്ന രീതിയിലാണ് നടപടി. 20ന് കാസര്‍കോട്ട് നടക്കുന്ന മേളയില്‍ 30,271 പേര്‍ക്ക് പട്ടയം നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതില്‍ 20,000 പേരും ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഭൂമി അളന്നുതിരിക്കുകയോ അപേക്ഷകന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ ഹാജരാവുകയോ ചെയ്യാതെയാണ് പട്ടയം നല്‍കുന്നത്. സ്ഥലത്തെ വില്ലേജ് ഓഫീസര്‍ അപേക്ഷകനെ നേരില്‍ക്കണ്ട് തിരിച്ചറിഞ്ഞ് അര്‍ഹനാണെന്ന് ഉറപ്പുവരുത്തിവേണം നിയമപ്രകാരം പട്ടയം നല്‍കാന്‍. നല്‍കുന്ന ഭൂമി വേര്‍തിരിച്ച് കാണിക്കുകയും വേണം. വില്ലേജ് ഓഫീസറുടെ ശുപാര്‍ശയില്‍ താലൂക്ക് ഓഫീസറാണ് പട്ടയം അനുവദിക്കുന്നത്. എന്നാല്‍, കാസര്‍കോട്ടെ പട്ടയമേളയില്‍ ഭൂമി ലഭിക്കുന്നത് ആര്‍ക്കാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. മന്ത്രിയുടെ ഓഫീസ് നല്‍കിയ ലിസ്റ്റ് പ്രകാരം ലാന്‍ഡ് റവന്യു കമീഷണര്‍ ചുമതലപ്പെടുത്തിയ ഏജന്‍സി പട്ടയം തയ്യാറാക്കി എത്തിക്കുകയാണ്. ഇതില്‍ ഒപ്പിട്ടു നല്‍കല്‍ മാത്രമാണ് തഹസില്‍ദാര്‍മാരുടെ ചുമതല.

സര്‍ക്കാര്‍ നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള കാലപരിധി എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ പട്ടയം കിട്ടുന്നവര്‍ സ്ഥലത്ത് വരാതെതന്നെ വില്‍പന നടത്താനും സാധ്യതയുണ്ട്. ഫലത്തില്‍ സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റുകാരുടെ കൈയിലെത്തിക്കാനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ കാസര്‍കോട് ജില്ലയിലെ അപേക്ഷയില്‍ 10,271 പേരാണ് ഭൂമിക്ക് അര്‍ഹരായവര്‍. എന്നാല്‍, ജില്ലയിലെ റവന്യൂ ഭൂമി അളന്നപ്പോള്‍ മൂന്ന് സെന്റ് വീതം മുപ്പത്തയ്യായിരത്തോളം പേര്‍ക്ക് നല്‍കാനാവുമെന്ന് കണ്ടെത്തി. ഈ ഭൂമി മുഴുവന്‍ പതിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഭൂമി മൊത്തമായി അളന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തിന്റെ പ്ലാന്‍വച്ച് മൂന്ന് സെന്റ് പ്ലോട്ടുകളായി തിരിച്ച് നമ്പര്‍ ഇടുകയായിരുന്നു. ഈ പ്ലോട്ട് താമസയോഗ്യമാണോ, ഉപയോഗപ്രദമാണോ എന്നൊന്നും പരിശോധിച്ചിട്ടില്ല.

ഭൂമി അളന്നു തിരിക്കാത്തതിനാല്‍ പതിച്ചുകൊടുക്കുന്ന പ്ലോട്ട് ഏതാണെന്ന് പറയാന്‍ വില്ലേജിലെയോ താലൂക്കിലേയോ ഉദ്യോഗസ്ഥര്‍ക്കാവില്ല. കൊളത്തൂര്‍, ബേഡഡുക്ക, അമ്പലത്തറ, മടിക്കൈ, കിനാനൂര്‍, ഹൊസ്ദുര്‍ഗ് തുടങ്ങിയ വില്ലേജുകളിലാണ് പ്രധാനമായി റവന്യു ഭൂമിയുള്ളത്. ജില്ലയിലുള്ള അപേക്ഷകര്‍ക്കേ ഭൂമി നല്‍കൂവെന്നാണ് മുമ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആ തീരുമാനം മാറ്റി പുറത്തുനിന്നുള്ള 20,000 പേര്‍ക്കുകൂടി പട്ടയം നല്‍കാനാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് പട്ടയം നല്‍കി കബളിപ്പിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ട്.
(എം ഒ വര്‍ഗീസ്)

deshabhimani

No comments:

Post a Comment