Monday, January 6, 2014

സോളാര്‍ തട്ടിപ്പുകേസുകള്‍ ഒതുക്കുന്നത് കോടതി സവാരിക്കിടെ

പുതുപ്പള്ളി: സോളാര്‍ തട്ടിപ്പുകേസുകള്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പൊലീസ് സൗകര്യമൊരുക്കുന്നത് സര്‍ക്കാര്‍ വാഹനത്തില്‍ കോടതിയില്‍ നിന്ന് ജയിലിലേക്കും തിരിച്ചുമുള്ള യാത്രയില്‍. പൊലീസ് കണ്‍ട്രോള്‍റൂം വക മിനി വാനിലാണ് സരിതയുടെ യാത്രകള്‍. അകത്ത് കര്‍ട്ടനും കമ്പിവലയുമുള്ള ഈ വാനില്‍ ആരാണുള്ളതെന്ന് പുറത്തുനിന്ന് കാണാനാവില്ല. പുതുപ്പള്ളിയില്‍ സരിതയുമായി എത്തിയത് കെഎല്‍ 01 ബികെ 5294 നമ്പര്‍ വാനിലാണ്. കണ്‍ട്രോള്‍റൂമിലെ അഞ്ചാം നമ്പര്‍ വാനാണിത്.

സരിതക്കെതിരായ 33 കേസുകളില്‍ 29 എണ്ണവും പണം നല്‍കി ഒത്തുതീര്‍പ്പാക്കി. ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെല്ലാം സരിത നേരിട്ടാണ് നടത്തിയത്. ധാരണയിലെത്തിയാല്‍ കോടതിയില്‍ പണം കെട്ടി വയ്ക്കും. ഒരു കോടി 22 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ കോഴഞ്ചേരി ഇടയാറന്മുളയിലെ ഇ കെ ബാബുരാജന്‍, 40 ലക്ഷം നഷ്ടമായ കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍, ഒരു കോടി അഞ്ചു ലക്ഷം പോയ ടി സി മാത്യു, 40 ലക്ഷം പോയ സജാദ് എന്നിവരുടെ കേസുകളാണ് ഇനി തീരാനുള്ളത്. ഇവരില്‍ പലരും "രേഖയുള്ള" പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഒത്തുതീര്‍പ്പ് വൈകുന്നത്. ഇവയുള്‍പ്പെടെ പരിഹരിക്കാമെന്ന ഉറപ്പ് യുഡിഎഫ് ഉന്നതന്‍ സരിതക്ക് നല്‍കിയിട്ടുണ്ട്. ഈ നാല് കേസുകള്‍ നീളുന്നതാണ് യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്ന് സരിത ഭീഷണി മുഴക്കാന്‍ കാരണമായത്. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ കോടികള്‍ കൈമാറിയത് യുഡിഎഫ് നേതാക്കളാണ്. കേസുകള്‍ തീര്‍ക്കാനുള്ള മുഴുവന്‍ പണവും നല്‍കാമെന്ന ഉറപ്പിലാണ് സരിത ആദ്യം കോടതിയില്‍ നല്‍കിയ മൊഴി നാല് പേജാക്കി ചുരുക്കിയത്.

പുതുപ്പള്ളിയിലെത്തിയ സരിത മണിക്കൂറുകളോളം ഫോണും വിളിച്ചു

പുതുപ്പള്ളി: പൊലീസുകാരോടൊപ്പം പുതുപ്പള്ളിയിലെത്തിയ സരിത തട്ടുകടയില്‍ ദീര്‍ഘസമയം മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പൊലീസുകാരുടെ സാനിധ്യത്തിലെ മൊബൈല്‍ ഫോണ്‍ സംസാരം, ആളുകള്‍ കൂടിയതോടെ തട്ടുകടയോട് ചേര്‍ന്നുള്ള വീടിന്റെ പിന്‍ഭാഗത്തെയ്ക്ക് മാറിനിന്നായി. തിരുവനന്തപുരം ജയിലില്‍നിന്ന് എറണാകുളത്ത് കോടതിയില്‍ കൊണ്ടുപോയ സരിതയെ കോട്ടയം ജില്ലയില്‍ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ കൊണ്ടുപോയത് എന്തിനെന്ന് പൊലീസ് ഇതുവരെയും വിശദീകരിച്ചിട്ടില്ല.

കോട്ടയം ഈസ്റ്റ് പൊലീസ്, ശനിയാഴ്ച രാവിലെ കടയുടമ പൊന്നമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശിയായ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവുമായി യാത്രയില്‍ സരിത ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫോണ്‍വിളി. യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ ഏതുവിധേനയും സരിതയെ അനുനയിപ്പിക്കാനുള്ള ശ്രമമായിരുന്നു പുതുപ്പള്ളി യാത്രയെന്നാണ് കരുതുന്നത്. കേസുകള്‍ ഒഴിവാക്കി ബാക്കി പണം നല്‍കാനും സരിതക്ക് പണം എങ്ങനെ ലഭിച്ചു എന്ന് പൊലീസ് അന്വേഷിക്കില്ലെന്ന ഉറപ്പ് നല്‍കാനുമാണ് യുഡിഎഫ് ഉന്നതന്‍ ബന്ധപ്പെട്ടതെന്നറിയുന്നു.

deshabhimani

No comments:

Post a Comment