കോട്ടയം/പുതുപ്പള്ളി/തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലിലുള്ള സരിത എസ് നായര്‍ വെള്ളിയാഴ്ച പുതുപ്പള്ളി കേന്ദ്രീകരിച്ച് മണിക്കൂറുകളോളം പൊലീസ് ജീപ്പിലും കടകളിലും ചെലവഴിച്ചതിലെ ദുരൂഹത തുടരുന്നു. കോടതിയില്‍ ഹാജരാക്കാനെന്ന വ്യാജേനയാണ് സരിതയെയും കൊണ്ട് പൊലീസ് സഞ്ചരിച്ചത്. എന്നാല്‍, സരിത പ്രതിയായ കേസുകള്‍ വെള്ളിയാഴ്ച കോട്ടയം ജില്ലയിലൊരിടത്തും പരിഗണിച്ചതായി അറിവില്ലെന്ന് ജില്ലാ പൊലീസ് ചീഫ് എം പി ദിനേശ് "ദേശാഭിമാനി"യോട് പറഞ്ഞു.
സരിതയെ വെള്ളിയാഴ്ച എറണാകുളം കോടതിയില്‍ ഹാജരാക്കാനാണ് കൊണ്ടുപോയതെന്ന് തിരുവനന്തപുരത്തെ വനിതാ ജയില്‍ രേഖയിലുമുണ്ട്. തൊടുപുഴ, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ഒരു കേസിലും ഹാജരാക്കുന്നതിനായി അടുത്ത ദിവസങ്ങളിലൊന്നും കൊണ്ടുപോയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കോട്ടയം ജില്ലാ ജയിലിലും സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങളില്ല. ഇതോടെയാണ് സരിതയുടെ "സന്ദര്‍ശനം" ദുരൂഹമായി തുടരുന്നത്.
കറക്കത്തിനിടയില്‍ എറണാകുളം സ്വദേശിയായ എ ഗ്രൂപ്പിലെ നേതാവ് സരിതയുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. സോളാര്‍ തട്ടിപ്പുകേസില്‍നിന്ന് തന്നെ രക്ഷിക്കാമെന്നേറ്റ യുഡിഎഫിലെ ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്ന് തിരുവനന്തപുരത്ത് സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സരിതയുടെ അമ്മ ഇന്ദിരയും ഇതാവര്‍ത്തിച്ചു. ഈ ഭീഷണിയെത്തുടര്‍ന്ന് അവരെ അനുനയിപ്പിക്കാനാണ് പുതുപ്പള്ളിയില്‍ കൊണ്ടുവന്നത്. എറണാകുളത്തുനിന്ന് പുതുപ്പള്ളിയിലെത്തിയ ശേഷം ചങ്ങനാശേരി വഴി തിരുവനന്തപുരത്തേയ്ക്ക് പോയതായാണ് വിവരം. ചങ്ങനാശേരിയിലാണ് സോളാര്‍ തട്ടിപ്പ് കേസിലെ മറ്റൊരു പ്രതി ശാലുമേനോന്റെ വീട്.
കേസില്‍ ശാലുവിന്റെയും സരിതയുടെയും മൊഴികള്‍ പരസ്പരവിരുദ്ധമാണ്. ഇത്തരം മൊഴികള്‍ പ്രതികളുടെ ഭാവിക്ക് ദോഷമാകുമെന്നു മനസ്സിലാക്കി ഇരുവരെയും സമരസപ്പെടുത്താനുള്ള ശ്രമങ്ങളും നടുക്കുന്നുണ്ട്. കേസിന് കോടതിക്ക് പുറത്തു ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളെ കോടതി തന്നെ വിമര്‍ശിച്ചിരുന്നു. കേസ് ഒത്തു തീര്‍ക്കാന്‍ സരിതക്ക് പണം എവിടെ നിന്നാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
സരിതയുടെ പണാപഹരണ കേസ് സംബന്ധിച്ച് കോട്ടയം ഡിവൈഎസ്പി വി അജിത്ത് അന്വേഷിച്ച കേസുകളിലെല്ലാം കുറ്റപത്രം സമര്‍പ്പിച്ചതാണ്. ഏറ്റുമാനൂരിലുള്ള കേസില്‍ നേരത്തെ ഹാജരായിരുന്നു. ഈ കേസുകളിലൊന്നും സരിത കോട്ടയത്തെത്തേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ കെഎല്‍01- ബികെ 5294 നമ്പര്‍ വാഹനത്തിലാണ് സരിത പുതുപ്പള്ളിയിലെത്തിയത്. സാവധാനം ജീപ്പില്‍ കറങ്ങിയ സരിതയും സംഘവും പുതുപ്പള്ളിയിലെ തട്ടുകടയിലെത്തി ഊണ് കഴിച്ചു. കാഞ്ഞിരപ്പള്ളിയിലും സംഘം പോയതായി സംസാരത്തിലൂടെ മനസ്സിലായെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment