Monday, January 6, 2014

സെക്രട്ടറിയറ്റിലും പിന്‍വാതില്‍ നിയമനം സജീവം

ഏഴ് ജില്ലകളില്‍ പിഎസ്സി റാങ്ക്ലിസ്റ്റ് നിലനില്‍ക്കെ, ഉന്നത ബന്ധങ്ങളുള്ളവര്‍ക്ക് സെക്രട്ടറിയറ്റില്‍ പിന്‍വാതില്‍വഴി സ്ഥിരം നിയമനം. മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. പിഎസ്സിയുടെ എതിര്‍പ്പ് തള്ളി നടത്തിയ നിയമനത്തിന്റെ ഉത്തരവ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് പുറമെ ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍, ഒരു അണ്ടര്‍ സെക്രട്ടറിയുടെ മരുമകന്‍ എന്നിവരെയാണ് എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തി ധനവകുപ്പില്‍ സ്ഥിരപ്പെടുത്തിയത്.

താല്‍ക്കാലിക ജീവനക്കാരെ സര്‍ക്കാര്‍വകുപ്പില്‍ സ്ഥിരപ്പെടുത്തുന്നതിനെതിരെ 2006ലെ സുപ്രീംകോടതി വിധിയുണ്ട്. ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു ഇത്. ഈ വിധിയുടെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ നടപടി. നവംബര്‍ 21ന്റെ ഉത്തരവ് പ്രകാരമാണ് നിയമനം. 10വര്‍ഷം പൂര്‍ത്തിയായവരാണെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, 10വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടുപേര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചിട്ടുമില്ല.

മുന്‍ ചീഫ് സെക്രട്ടിറിയുടെ താല്‍ക്കാലിക ഡ്രൈവറായി 2003ല്‍ ധനവകുപ്പില്‍ എത്തിയ ആള്‍ അടുത്തവര്‍ഷം ജോലി ഉപേക്ഷിച്ച് കെസ്എഫ്ഇയില്‍ എത്തി. 2006ല്‍ അവിടെനിന്ന് ഒഴിവാക്കി. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് നിയമനം നല്‍കിയത്. അണ്ടര്‍ സെക്രട്ടറിയുടെ ബന്ധുവാകട്ടെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുടെ ഡ്രൈവറായി 2005ലാണ് വകുപ്പിലെത്തിയത്. മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ 2003ല്‍ എത്തിയെങ്കിലും 2006മുതല്‍ 2009വരെ ട്രഷറിവകുപ്പിലേക്ക് മാറി.

2009ല്‍ ധനവകുപ്പില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് 2019ലേ 10വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാകൂ. അതീവരഹസ്യമായിരുന്നു നിയമന നടപടികള്‍. സുപ്രീംകോടതിവിധി നിലനില്‍ക്കുന്നതിനാല്‍ നിയമവകുപ്പിന്റെ അഭിപ്രായത്തിന് ഫയല്‍ അയക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. പിഎസ്സിക്ക് ഫയല്‍ അയച്ചെങ്കിലും അനുമതി ലഭിച്ചില്ല. മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും പിഎസ്സിക്ക് അയക്കണമെങ്കിലും അതിന് തയ്യാറാകാതെ മന്ത്രിസഭായോഗത്തിന് നേരിട്ട് സമര്‍പ്പിച്ചു.

നവംബര്‍ 20ന്റെ മന്ത്രിസഭായോഗം അംഗീകരിച്ച ഫയലില്‍ ഒപ്പിടാന്‍ വകുപ്പ് തലവനാണ് അധികാരം. എന്നാല്‍, ഇവരുടെ നിയമനത്തിന്റെ ഉത്തരവ് ജോയിന്റ് സെക്രട്ടിറിയാണ് ഇറക്കിയത്. 21ന് ഉച്ചയ്ക്കാണ് ഉത്തരവിറക്കിയതെങ്കിലും അന്ന് രാവിലെ മൂന്നുപേരും ജോലിയില്‍ പ്രവേശിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നിയമനങ്ങള്‍ക്ക് പാടെ നിരോധനം നിലനില്‍ക്കെയാണ് പുതിയ തസ്തിക സൃഷ്ടിച്ചുള്ള സര്‍ക്കാര്‍ നടപടി

deshabhimani

No comments:

Post a Comment