Monday, January 6, 2014

സ്വകാര്യ സര്‍വകലാശാലകള്‍ക്കും നീക്കം

കോളേജുകളുടെ സ്വയംഭരണാവകാശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ നീക്കം. "ഇതരദേശവ്യാപക വിദ്യാഭ്യാസം" എന്ന പേരില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാര്‍ സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ വിദേശ സ്വകാര്യസര്‍വകലാശാലകളുടെ വിവിധ കോഴ്സുകള്‍ തുടങ്ങാനും ശ്രമമുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്ത് സമാപിച്ച സെമിനാറില്‍ "വിദ്യാഭ്യാസരംഗം ആധുനികവല്‍ക്കരിക്കാന്‍ സ്വകാര്യസര്‍വകലാശാലകള്‍ തുടങ്ങണമെന്നും വിദേശസര്‍വകലാശാലകളുടെ സാന്നിധ്യം അനിവാര്യമാണെന്നുമുള്ള ആവശ്യം ഉയര്‍ന്ന"തായാണ് അവകാശവാദം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുപറഞ്ഞത്.

സംസ്ഥാനത്ത് എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വകാര്യമേഖലകളിലായി ധാരാളം കോളേജുകള്‍ ഉണ്ടെന്നും അതിനാല്‍ സ്വാകാര്യസര്‍വകലാശാലകള്‍ ആരംഭിക്കുന്നത് സ്വാഭാവികമാണെന്നുമാണ് സര്‍ക്കാര്‍ പാര്‍ശ്വവര്‍ത്തികളെ കുത്തിനിറച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിലപാട്. സ്വകാര്യസര്‍വകലാശാലകള്‍ സംബന്ധിച്ച പഠനത്തിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദഗ്ധസമിതിയെ നിയമിക്കും. സംസ്ഥാനത്തെ ടൂറിസ്റ്റ് സൗഹൃദാവസ്ഥ മുതലാക്കി ഗുണനിലവാരമുള്ള വിദ്യാഭ്യാസം വില്‍ക്കാനും അതുവഴി വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും ശ്രമിക്കണമെന്നും സെമിനാര്‍ പ്രഖ്യാപിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസമേഖലയും ടൂറിസംമേഖലയും സമാനമായി പരിഗണിച്ച് രണ്ടും സ്വകാര്യ കച്ചവടലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇതരദേശവ്യാപക വിദ്യാഭ്യാസത്തിെന്‍റ സാധ്യത പരമാവധി മുതലാക്കണമെന്നാണ് സെമിനാറിന്റെ പ്രധാന ആഹ്വാനം. വിദേശ സ്വകാര്യസര്‍വകലാശാലകള്‍ക്ക് കോഴ്സ് ആരംഭിക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ കോളേജുകള്‍ വിട്ടുകൊടുക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. വിദേശസര്‍വകലാശാലകള്‍ക്ക് മുതല്‍ മുടക്കില്ലാതെ കേരളത്തില്‍ കോഴ്സുകള്‍ നടത്തി കൊള്ളയടിക്കാനാകും. വിദേശസര്‍വകലാശാലകളുടെ അന്താരാഷ്ട്ര ക്യാമ്പസുകള്‍ തുടങ്ങുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കണം.

ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി മലയാളം, സംസ്കൃത സര്‍വകലാശാലകളുടെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പഠനം നടത്തണം. എന്‍ജിനിയറിങ് കോഴ്സുകളിലെ കൂട്ടത്തോല്‍വി സംബന്ധിച്ച് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേക പഠനം നടത്തണമെന്നും സെമിനാര്‍ നിര്‍ദേശിക്കുന്നു.

deshabhimani

No comments:

Post a Comment