തൃശൂര്‍: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തൃശൂരിലെ യുവ കോണ്‍ഗ്രസ് എംഎല്‍എ വാഹനം മാറ്റി. ട്രിച്ചൂര്‍ ജ്വല്ലറിയുടെ പാര്‍ട്ടണറുടെ പേരിലുണ്ടായിരുന്ന ഇന്നോവ കാറാണ് എംഎല്‍എ പുതുവത്സര ദിനത്തോടെ മാറ്റിയത്. ആദ്യദിനം വെള്ള ഇന്നോവയില്‍ യാത്ര മാറ്റിയ എംഎല്‍എ ഒരുദിനം ഡസ്റ്റര്‍ കാറിലും പിന്നീട് വിവാദ കാറിന്റെ സമാന കളറിലുള്ള ഇന്നോവയിലുമായി സഞ്ചാരം.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 'എംഎല്‍എ' എന്ന ബോര്‍ഡ് വച്ച് നാളിതുവരെയും ഉപയോഗിച്ചിരുന്നത് കെ എല്‍-08 എ വി 1441 എന്ന നമ്പറുള്ള ഇന്നോവ കാറിലായിരുന്നു.'ഈ കാറിന്റെ ഉടമ പാര്‍ട്ടണറായ തൃശൂരിലെ ട്രിച്ചൂര്‍ ജ്വല്ലറിയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണം ഒന്നര മാസംമുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. വിവാദ വ്യവസായിയുടെ കാറിലുള്ള എംഎല്‍എയുടെ യാത്രയും സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന സംശയങ്ങളും ചൂണ്ടിക്കാട്ടി 'ജനയുഗം' വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതിനുശേഷം സാഹിത്യ അക്കാദമിയില്‍ നടന്ന ആദ്യപരിപാടിയിലേക്ക് വെള്ള ഇന്നോവയിലാണെത്തിയത്.
പിന്നീട് രണ്ടുദിവസം തൃശൂരില്‍ നിന്ന് മാറിനിന്ന എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ അവധിദിനമായ ശനിയാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. വാര്‍ത്ത വിവാദമായശേഷം പങ്കെടുത്ത പരിപാടികളിലെല്ലാം പുതിയ കാറിലെത്തിയ എംഎല്‍എ മറ്റൊരു ചര്‍ച്ചക്ക് കൂടി വഴിയൊരുക്കുകയായിരുന്നു. വാര്‍ത്തയിലെ താരമായ കാര്‍ എവിടെയെന്നായിരുന്നു പലരുടെയും സംശയം. എംഎല്‍എയുടെ വാഹനമാറ്റത്തോടെ ആരോപണങ്ങള്‍ക്ക് നാട്ടുകാരും അടിവരയിടുകയായിരുന്നു. രണ്ടുദിവസം എംഎല്‍എ ഓഫിസിനുമുന്നില്‍ കണ്ടിരുന്ന ഡസ്റ്റര്‍ കാറിനുമുന്നില്‍ 'എംഎല്‍എ' ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇതില്‍ അധികം യാത്ര നടന്നിട്ടില്ല. തിരുവനന്തപുരത്തായിരുന്ന എംഎല്‍എ ശനിയാഴ്ചയാണ് പൊതുപരിപാടികളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഔഷധി സംസ്‌കരണ പ്ലാന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ മെറ്റാലിക് കളര്‍ ഇന്നോവയിലാണെങ്കില്‍ എംഎല്‍എ എന്ന ബോര്‍ഡും ഉണ്ടായില്ല. രേണു ഷാജി എന്ന പേരില്‍ ഉടമസ്ഥാവകാശമുള്ള കെ എല്‍ 08-എ ഡബ്ലിയു 2205 അഞ്ച് എന്ന ഇന്നോവ കാറിലായിരുന്നു അന്നത്തെ യാത്ര.
വാര്‍ത്തക്ക് പിന്നാലെ പലയിടത്തും ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും എംഎല്‍എയുടെ മണ്ഡലത്തില്‍ ചര്‍ച്ചകൊഴുപ്പിച്ചിരുന്നു. അതിനിടെയാണ് പുതിയ കാറിലുള്ള യാത്ര ആരംഭിച്ചത്.
എംഎല്‍എയുമായി ബന്ധപ്പെട്ട പല വിലപ്പെട്ട വിവരങ്ങളും ശേഖരിക്കുന്നതിന്റെ തിരക്കാലാണ് ഐ ഗ്രൂപ്പിലെ തന്നെ ചില യുവ നേതാക്കളും. പാര്‍ട്ടി പുനഃസംഘടനയിലൂടെ ഭാരവാഹിത്തം, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വം, സാമ്പത്തികം തുടങ്ങിയവ ചൂണ്ടിക്കാട്ടി മുതലെടുപ്പും നടക്കുന്നുണ്ട്.
അതിനിടെ, 'ജനയുഗം' പുറത്തുവിട്ട വിവരങ്ങളുമായി ബന്ധപ്പെട്ട് റവന്യു ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ആരോപണ വിധേയരായവരുടെ വരുമാനവും നേരത്തെയുണ്ടായിരുന്നതും നിലവിലെയും സ്വത്ത് വിവരവുമാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. തൃശൂരിലെ വമ്പന്‍ ജ്വല്ലറിക്കാരെപോലും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കുന്ന സംഘത്തിലെ പലരുടെയും പേരില്‍ ഒന്നിലധികം ജ്വല്ലറികളുള്ളതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുണ്ട്. അതേസമയം, കാറും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെടുത്താന്‍ വലിയതോതിലുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ട്.
വത്സന്‍ രാമംകുളത്ത് janayugom
No comments:
Post a Comment