Saturday, January 18, 2014

എല്‍എന്‍ജി വിഹിതം പൊതുമേഖലയ്ക്ക് നല്‍കണം

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതിവാതകത്തി(എല്‍എന്‍ജി)ന്റെ നിശ്ചിത വിഹിതം കേരളത്തിനു നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. പെട്രോനെറ്റ് കമ്പനി ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വില താങ്ങാനാവാതെ ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉയരുന്നത്. അതേസമയം, പെട്രോനെറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ കുഴങ്ങുകയാണ്. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എല്‍എന്‍ജിക്ക് കുറഞ്ഞ വിലയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യൂണിറ്റിന് 1.75 ഡോളര്‍മുതല്‍ അഞ്ച് ഡോളര്‍വരെ മാത്രമാണ് വില നല്‍കേണ്ടത്. ഇതിന്റെ വിഹിതം കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കണമെന്ന് വര്‍ഷങ്ങള്‍ മുന്‍പേ ആവശ്യമുയര്‍ന്നിരുന്നു. കേരള, കര്‍ണാടകം, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ സംയുക്തമായി കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്ന കാരണം ഉന്നയിച്ചാണ് ഈ ആവശ്യം പരിഗണിക്കാതിരുന്നത്.

എന്നാല്‍, കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ വന്നതോടെ സംസ്കരണത്തിന് സംവിധാനമായി. ആഭ്യന്തര എല്‍എന്‍ജി വിതരണത്തില്‍ രാസവള നിര്‍മാണശാലകള്‍ക്കും വൈദ്യുതിനിലയങ്ങള്‍ക്കും മുന്‍ഗണനയുള്ളതിനാല്‍ ഫാക്ടിന് അര്‍ഹതയുണ്ട്്. ഇതോടെ ഫാക്ടിന്റെ പ്രതിസന്ധിക്കും പരിഹാരമാകും. ഉപയോക്താക്കളില്ലെന്നതിനാല്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ അടച്ചിടുന്നതും ഒഴിവാക്കാനാകും. എല്‍എന്‍ജിക്ക് വൈദ്യുതി വിതരണത്തിന്റെ മാതൃകയില്‍ പൂള്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഫാക്ടിന് നല്‍കണമെന്നുമാണ് പ്രധാന ആവശ്യം. പകരം ഗുജറാത്തില്‍നിന്നുള്ള എല്‍എന്‍ജി പെട്രോനെറ്റ് എല്‍എന്‍ജിക്ക് കൈമാറണമെന്ന നിര്‍ദേശവുമുണ്ട്. അടച്ചുപൂട്ടല്‍ ഭീഷണി മറികടക്കുന്നതു സംബന്ധിച്ച് പെട്രോനെറ്റ് എല്‍എന്‍ജി അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ല. കൊച്ചിയിലെ കമ്പനി അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടി യില്ലാതെ ഒഴിഞ്ഞുമാറി. എല്‍എന്‍ജിയുടെ സാധ്യതകളും ആശങ്കകളും വിലയിരുത്തുന്നതിനും കേരളാ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി രംഗത്തെത്തി. പ്രകൃതിവാതക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 18ന് ശില്‍പശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചേംബര്‍ വൈസ് ചെയര്‍മാന്‍ വൈ പി ഷിയാദ്, മുന്‍ ചെയര്‍മാന്‍ കെ എന്‍ മര്‍സൂക്ക് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

deshabhimani

No comments:

Post a Comment