Saturday, June 5, 2010

പൊതുമേഖല: 25 ശതമാനം ഓഹരിവില്‍പ്പന നിര്‍ബന്ധം

ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്ത പൊതുമേഖലാ കമ്പനികള്‍ ചുരുങ്ങിയത് 25 ശതമാനം ഓഹരി വില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ചുരുങ്ങിയത് 10 ശതമാനമാണ് പൊതു ഓഹരി ഉടമസ്ഥതയില്‍ വില്‍ക്കുന്നത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ നിബന്ധന കൊണ്ടുവന്നത്. സ്വകാര്യകമ്പനികള്‍ക്കും ഇത് ബാധകമാണെങ്കിലും പൊതുമേഖലാ ഓഹരിവില്‍പ്പനയാണ് പ്രധാന ലക്ഷ്യം. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ വിപണിയില്‍നിന്ന് രണ്ടുലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ കഴിയുക. ഇതിന്റെ 82 ശതമാനം വിപണിയില്‍ ലിസ്റ്റു ചെയ്ത 29 കമ്പനികളില്‍നിന്നായിരിക്കുമെന്ന് ക്രിസില്‍ ഇക്വിറ്റീസ് എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഉദ്ദേശം 1.6 ലക്ഷം കോടി രൂപ ഓഹരിവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കും. പൊതു ഓഹരി ഉടമസ്ഥതയുടെ വര്‍ധന വര്‍ഷത്തില്‍ അഞ്ച് ശതമാനമെങ്കിലും വേണം. അതിനാല്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഓഹരിവില്‍പ്പന നടക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ത്വരിതപ്പെടുത്തുക, ഓഹരിവിപണിയില്‍ ഉണര്‍വ് നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാരിന്റെ പുതിയ ഭേദഗതി. ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്ത 29 കമ്പനികളും വന്‍കിട സ്ഥാപനങ്ങളാണ്. നൂറുശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരുന്ന കമ്പനികളും ഇതില്‍ ഉള്‍പ്പെടും. പുതിയ ഭേദഗതി നിലവില്‍വന്നതോടെ ഈ സ്ഥാപനങ്ങളടക്കം 25 ശതമാനം ഓഹരി നിര്‍ബന്ധമായും വിറ്റഴിക്കേണ്ടിവരും. ഒന്നുകില്‍ നിലവിലുള്ള ഓഹരി വില്‍ക്കണം. അതല്ലെങ്കില്‍ പുതിയ ഓഹരി ഇറക്കണം.

പൊതുഓഹരി ഉടമസ്ഥത 25 ശതമാനത്തില്‍ കുറഞ്ഞ 179 കമ്പനികളുണ്ടെന്ന് ക്രിസില്‍ ഇക്വിറ്റീസ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിലവിലുള്ള വിപണിവില പ്രകാരം ഈ കമ്പനികള്‍ ഓഹരികള്‍ വിറ്റഴിച്ചാല്‍ 1.6 ലക്ഷം കോടി രൂപ ലഭിക്കും. അതല്ല പുതിയ ഓഹരികള്‍ ഇറക്കുകയാണ് ചെയ്യുന്നതെങ്കില്‍ 2.1 ലക്ഷം കോടിയോളം രൂപ ഈ കമ്പനികള്‍ക്കെല്ലാംകൂടി സമാഹരിക്കാനാകും. ഓഹരിവിപണിയിലെ പണമൊഴുക്ക് വര്‍ധിപ്പിക്കുന്നതിനാണ് പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

വിപണിയില്‍ ലിസ്റ്റുചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വമ്പന്‍ കമ്പനികളായതിനാല്‍ നല്ല വരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്‍ടിപിസി, എന്‍എച്ച്പിസി, സ്റ്റീല്‍ല്‍ അതോറിറ്റി, ഒഎന്‍ജിസി, എംഎംടിസി, എന്‍എംഡിസി തുടങ്ങിയ ലിസ്റ്റു ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം പൊതുഓഹരി ഉടമസ്ഥത സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ 25 ശതമാനമായി വര്‍ധിക്കും. പൊതുജനങ്ങള്‍ക്ക് ഓഹരി വില്‍ക്കുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവ ചെന്നെത്തുക വന്‍കിടക്കാരുടെ കൈകളിലാണ്.

ദേശാഭിമാനി 05062010

3 comments:

  1. ഓഹരിവിപണിയില്‍ ലിസ്റ്റു ചെയ്ത പൊതുമേഖലാ കമ്പനികള്‍ ചുരുങ്ങിയത് 25 ശതമാനം ഓഹരി വില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ചുരുങ്ങിയത് 10 ശതമാനമാണ് പൊതു ഓഹരി ഉടമസ്ഥതയില്‍ വില്‍ക്കുന്നത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ് നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ നിബന്ധന കൊണ്ടുവന്നത്. സ്വകാര്യകമ്പനികള്‍ക്കും ഇത് ബാധകമാണെങ്കിലും പൊതുമേഖലാ ഓഹരിവില്‍പ്പനയാണ് പ്രധാന ലക്ഷ്യം. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ വിപണിയില്‍നിന്ന് രണ്ടുലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ കഴിയുക. ഇതിന്റെ 82 ശതമാനം വിപണിയില്‍ ലിസ്റ്റു ചെയ്ത 29 കമ്പനികളില്‍നിന്നായിരിക്കുമെന്ന് ക്രിസില്‍ ഇക്വിറ്റീസ് എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നു. അതായത് ഉദ്ദേശം 1.6 ലക്ഷം കോടി രൂപ ഓഹരിവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിക്കും. പൊതു ഓഹരി ഉടമസ്ഥതയുടെ വര്‍ധന വര്‍ഷത്തില്‍ അഞ്ച് ശതമാനമെങ്കിലും വേണം. അതിനാല്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഓഹരിവില്‍പ്പന നടക്കും.

    ReplyDelete
  2. നന്ദി ബിനോയ്..

    ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനിയും പൊതുഓഹരി ഉടമസ്ഥത കുറഞ്ഞത് 25 ശതമാനമായി വര്‍ധിപ്പിക്കണമെന്ന തീരുമാനത്തോടെ കേന്ദ്രം ലക്ഷ്യമിടുന്നത് നവരത്നസ്ഥാപനങ്ങളുടെയും വന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കല്‍. സാമ്പത്തികരംഗത്ത് മുന്നേറ്റം കാണിക്കുന്നതിന് ആടിയുലഞ്ഞു നില്‍ക്കുന്ന ഓഹരിവിപണിക്ക് ഉണര്‍വുപകരുകയെന്നതും സര്‍ക്കാറിന്റെ തന്ത്രമാണ്. 25 ശതമാനം ഓഹരി പൊതുജന ഉടമസ്ഥതയിലാകുന്നതോടെ ഓഹരിവില്‍പ്പന കാര്യമായി നടക്കാത്തതടക്കം എന്‍ടിപിസി, എംഎംടിസി, എന്‍എംഡിസി, പവര്‍ഗ്രിഡ്, സെയില്‍, ഇന്ത്യന്‍ ഓയില്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍, നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍, നാഷണല്‍ അലുമിനിയം കമ്പനി, ഷിപ്പിങ്കോര്‍പറേഷന്‍, എന്‍എച്ച്പിസി, പവര്‍ഫിനാന്‍സ് കോര്‍പറേഷന്‍ തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളുടെയെല്ലാം ഓഹരി കൂട്ടത്തോടെ വില്‍ക്കപ്പെടും. എംഎംടിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, നെയ്വേലി ലിഗ്നൈറ്റ് സ്ഥാപനങ്ങളുടെ ഓഹരികളാകും കൂടുതലും വില്‍ക്കപ്പെടുക. നിലവില്‍ എംഎംടിസിയുടെ 99.33 ശതമാനം ഓഹരിയും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. വില്‍പ്പന നടപ്പാകുന്നതോടെ 24.67 ശതമാനം ഓഹരിയും സ്വകാര്യ കരങ്ങളിലെത്തും. ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ 0.41 ശതമാനം ഓഹരി മാത്രമാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇല്ലാത്തത്. 24.59 ശതമാനം ഓഹരി പുതിയ തീരുമാനത്തോടെ വില്‍ക്കേണ്ടി വരും. നെയ്വേലി ലിഗ്നൈറ്റിന്റെ 6.44 ശതമാനം ഓഹരിമാത്രമാണ് സര്‍ക്കാറിനു പുറത്തുള്ളത്. ഇതിലെ 18.56 ശതമാനം ഓഹരി കൂടി വില്‍ക്കേണ്ടിവരും. എന്‍ടിപിസി പത്തുശതമാനം, എന്‍എംഡിസി 15 ശതമാനം, ഇന്ത്യന്‍ ഓയില്‍ നാലു ശതമാനം, സെയില്‍ 16 ശതമാനം, പവര്‍ഗ്രിഡ് 12 ശതമാനം, എന്‍എച്ച്പിസി 12 ശതമാനം, പവര്‍ ഫിനാന്‍സ് 15 ശതമാനം, ഷിപ്പിങ് കോര്‍പ്പറേഷന്‍ ആറു ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കേണ്ട ഓഹരി. പ്രതിവര്‍ഷം കുറഞ്ഞത് അഞ്ചു ശതമാനം ഓഹരിവീതം വിറ്റ് 25 ശതമാനത്തില്‍ എത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഏതാണ്ട് രണ്ടുലക്ഷം കോടി രൂപയുടെ ഇടപാടാകും സര്‍ക്കാര്‍ തീരുമാനത്തോടെ വിപണികളില്‍ നടക്കുക. ഓഹരിവിപണിയിലേക്ക് വലിയതോതില്‍ പണമൊഴുകാന്‍ ഇതു വഴിയൊരുക്കും. സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പശ്ചാത്തലത്തില്‍ പതറിനില്‍ക്കുന്ന ഓഹരിവിപണികളില്‍ പുതിയ ഉണര്‍വുസൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.

    ReplyDelete