Saturday, June 5, 2010

ബംഗാള്‍: ജനവിധിയുടെ മാനങ്ങള്‍

പശ്ചിമബംഗാളിലെ 81 നഗരസഭയിലേക്ക് മെയ് 31ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 18 മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന് 26 ഇടത്ത് ഭരണം ലഭിച്ചു. കോണ്‍ഗ്രസ് ഏഴ് നഗരസഭയില്‍ ജയിച്ചു. 26 ഇടത്ത് ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. ഇവിടങ്ങളില്‍ ആര്‍ക്ക് ഭരണം ലഭിക്കുമെന്ന് കണ്ടറിയണം. സിപിഐ എം നയിക്കുന്ന ഇടതുമുന്നണി ജനാധിപത്യസമ്പ്രദായത്തിന്റെ സദ്പാരമ്പര്യം അനുസരിച്ച് ജനവിധി മാനിക്കുന്നു. ഫലങ്ങള്‍ ശരിയായി വിലയിരുത്തുകയും ഇതില്‍നിന്ന് ഭാവിയിലേക്ക് വേണ്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തവര്‍ഷം മേയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ 'ഫൈനല്‍ മത്സരമായും' ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിനെ അതിലേക്കുള്ള 'സെമി ഫൈനലായും' വിശേഷിപ്പിച്ച് വന്‍തോതില്‍ മാധ്യമപ്രചാരണം നടന്നിരുന്നു. ബംഗാളിലെ രാഷ്ട്രീയബോധമുള്ള വോട്ടര്‍മാര്‍ ഓരോ തെരഞ്ഞെടുപ്പിന്റെയും ലക്ഷ്യം മനസിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനും തക്ക വിവേചനബുദ്ധിയുള്ളവരാണ്. കേന്ദ്രസര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വേണ്ടിയായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്. സംസ്ഥാനസര്‍ക്കാര്‍ രൂപീകരിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പ് വഴിയാണ്. ഇതുപോലെ, പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പുകള്‍ക്കും അതിന്റെ ലക്ഷ്യമുണ്ട്. അതുകൊണ്ട് ഓരോ തെരഞ്ഞെടുപ്പിന്റെയും ഉന്നം വ്യത്യസ്തമാണ്. ജനാധിപത്യപരമായി അധികാരത്തില്‍വന്ന സര്‍ക്കാരിനെ പിരിച്ചുവിട്ട് മുന്‍കൂട്ടി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണകോലാഹലം നടത്തുകയാണ്. ഇതു ജനാധിപത്യവിരുദ്ധം മാത്രമല്ല, യുക്തിരഹിതവുമായ ആവശ്യമാണ്.

ഇക്കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നവരുടെ എണ്ണം 85,33,000 ആയിരുന്നു. എന്നാല്‍, ബംഗാളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 5,24,32,000 ആണ്. മൊത്തം വോട്ടര്‍മാരുടെ 17 ശതമാനത്തിന് മാത്രമാണ് നഗരസഭ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടായിരുന്നത്. ശേഷിക്കുന്ന 83 ശതമാനം വരുന്ന ഗ്രാമീണമേഖലയിലെ വോട്ടര്‍മാരാണ് മുന്‍കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിരുന്നത്. അതുകൊണ്ട് നഗരസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത് സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ വികാരമാണെന്ന് വിലയിരുത്തുന്നത് അര്‍ഥശൂന്യമാണ്. എന്നിരുന്നാലും ഇത് നഗരബംഗാളിന്റെ അഭിപ്രായപ്രകടനമാണ്. അത്തരത്തില്‍ ഈ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഗൌരവതരമായ ആത്മപരിശോധന നടത്താന്‍ ഇടതുമുന്നണി പ്രതിജ്ഞാബദ്ധമാണ്.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ടുകളില്‍ ഗൌരവതരമായ ചോര്‍ച്ച സംഭവിച്ചിരുന്നു, സംസ്ഥാനത്തെ 1766 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 525ല്‍ മാത്രമായിരുന്നു ഇടതുമുന്നണിക്ക് ഭൂരിപക്ഷം, 29.73 ശതമാനം വാര്‍ഡുകളില്‍ മാത്രം. ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 1791 വാര്‍ഡില്‍ 603ല്‍ മുന്നിലെത്താനായി, 33.67 ശതമാനത്തില്‍. അതുകൊണ്ട്, കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിയുടെ സ്ഥിതി കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും, ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉണ്ടായ തിരിച്ചടിയില്‍നിന്ന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വീണ്ടും താഴോട്ടുപോകുന്നതിന് തടയിടാനായി.

2005ല്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അഭൂതപൂര്‍വമായ വിജയമാണ് നേടിയത്, 81 നഗരസഭയില്‍ 50 എണ്ണത്തില്‍ ഭരണം നേടി. എന്നാല്‍, 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 നഗരസഭയില്‍ മാത്രമാണ് മുന്നില്‍ എത്താനായത്. ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 18 എണ്ണവും. എന്നാല്‍,ആദ്യം സൂചിപ്പിച്ചതുപോലെ 26 നഗരസഭയില്‍ ഭരണം ആര്‍ക്ക് ലഭിക്കുമെന്ന് പിന്നീട് മാത്രമേ വ്യക്തമാകൂ. കൊല്‍ക്കത്തയിലും സമീപത്തെ നഗരമേഖലകളിലുമാണ് ഇടതുമുന്നണിക്ക് മുഖ്യമായും തിരിച്ചടി ഉണ്ടായത്. വടക്കന്‍ 24 പര്‍ഗാന ജില്ലയില്‍ 21ഉം ഹൂഗ്ളി ജില്ലയില്‍ 11ഉം നഗരസഭയുണ്ട്. 2005ലെ തെരഞ്ഞെടുപ്പില്‍ ഈ 32 നഗരസഭയില്‍ 26ലും ഇടതുമുന്നണിയാണ് ജയിച്ചത്. ഇക്കുറി നാലിടത്തുമാത്രമാണ് ഇടതുമുന്നണി ജയിച്ചത്, രണ്ടിടത്ത് തുല്യനിലയും. ഇത് അത്യന്തം ഗൌരവതരമായ പ്രശ്നമാണ്. ഇക്കാര്യം ശരിയായി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഉടന്‍തന്നെ ഈ ദൌത്യം ഏറ്റെടുക്കാന്‍ സിപിഐ എമ്മും ഇടതുമുന്നണിയും പ്രതിബദ്ധമാണ്.

(പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം)

1 comment:

  1. പശ്ചിമബംഗാളിലെ 81 നഗരസഭയിലേക്ക് മെയ് 31ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 18 മുനിസിപ്പല്‍ കോര്‍പറേഷനില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന് 26 ഇടത്ത് ഭരണം ലഭിച്ചു. കോണ്‍ഗ്രസ് ഏഴ് നഗരസഭയില്‍ ജയിച്ചു. 26 ഇടത്ത് ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. ഇവിടങ്ങളില്‍ ആര്‍ക്ക് ഭരണം ലഭിക്കുമെന്ന് കണ്ടറിയണം. സിപിഐ എം നയിക്കുന്ന ഇടതുമുന്നണി ജനാധിപത്യസമ്പ്രദായത്തിന്റെ സദ്പാരമ്പര്യം അനുസരിച്ച് ജനവിധി മാനിക്കുന്നു. ഫലങ്ങള്‍ ശരിയായി വിലയിരുത്തുകയും ഇതില്‍നിന്ന് ഭാവിയിലേക്ക് വേണ്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുമെന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.

    ReplyDelete