Monday, June 7, 2010

യൂത്ത് കോണ്‍ഗ്രസ്, മൂത്ത കോണ്‍ഗ്രസ് വാര്‍ത്തകള്‍

തലസ്ഥാന ജില്ലയില്‍ ഓടിച്ചിട്ടുപിടിത്തം

തിരു: വഴിയില്‍ നിന്ന യുവതീയുവാക്കളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ പലര്‍ക്കും കൌതുകം. വയസ്സ് തെളിയിക്കാനുള്ള രേഖ വല്ലതുമുണ്ടോയെന്ന ചോദ്യം കൌതുകം ഉല്‍ക്കണ്ഠയ്ക്ക് വഴിമാറി. വണ്ടിയില്‍ വന്നവര്‍ കാര്യം പറഞ്ഞപ്പോഴാണ് ആശ്വാസമായത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയില്‍ അംഗമാക്കാനാണ് പടമെടുത്തത്. പണം കൊടുക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് അത് തങ്ങള്‍ കൊടുത്തുകൊള്ളാം എന്നായിരുന്നു പടമെടുത്തവരുടെ മറുപടി. കോണ്‍ഗ്രസിന് 2150 ബൂത്ത് കമ്മിറ്റിയുള്ള ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അംഗത്വം 80,000 കവിഞ്ഞെന്നാണ് പ്രാഥമിക കണക്ക് സൂചിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവരുടെ വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സംഘടിപ്പിച്ച് വ്യാജ അംഗത്വം ഉണ്ടാക്കുകയായിരുന്നെന്നാണ് പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ഒരു നേതാവ് ദേശാഭിമാനിയോട് പറഞ്ഞത്. വാഹനത്തില്‍ ഫോട്ടോസ്റാറ്റ് മെഷീനും ക്യാമറയുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ജില്ലയൊട്ടാകെ സഞ്ചരിച്ചതായും ആരോപണമുണ്ട്. എ ഗ്രൂപ്പിനുവേണ്ടി തമ്പാനൂര്‍ രവിയും വിശാല ഐ ഗ്രൂപ്പിനുവേണ്ടി ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വി എസ് ശിവകുമാര്‍, സോളമന്‍ അലക്സ് തുടങ്ങിയവരുമാണ് അംഗത്വവിതരണത്തിന് നേതൃത്വം നല്‍കുന്നത്.

ബാങ്കില്‍ അംഗത്വം നല്‍കാമെന്ന വ്യാജേന ഫോട്ടോ വാങ്ങി യൂത്ത് കോണ്‍ഗ്രസില്‍ 'പെടുത്തി'

അടൂര്‍: സഹകരണ ബാങ്കില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫോട്ടോ വാങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ത്തത് വിവാദമായി. ഡിവൈഎഫ്ഐ ഉത്തശേരി യൂണിറ്റ് വൈസ് പ്രസിഡന്റ് ഏനാത്ത് വലിയമഠത്തില്‍ കണ്ണന്റെ പേരിലാണ്വ്യാജ മെമ്പര്‍ഷിപ്പ് കണ്ടെത്തിയത്. യൂത്ത്കോണ്‍ഗ്രസ് ഏനാത്ത് മണ്ഡലം പ്രസിഡന്റ് സന്തോഷാണ് യുഡിഎഫ് ഭരണത്തിലുള്ള ഏനാത്ത് സഹകരണ ബാങ്കില്‍ കണ്ണന് അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫോട്ടോ വാങ്ങിയത്. ഫോട്ടോ പതിച്ച യൂത്ത്കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പിലെ ഫോറത്തില്‍ കണ്ണന്റെ വ്യാജ ഒപ്പും ഇട്ടു. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാജമെമ്പര്‍ഷിപ്പ് ചേര്‍ത്ത വിവരം പുറത്തായത്. ഏനാത്ത് യൂത്ത് കോണ്‍ഗ്രസില്‍ വ്യാപകമായി വ്യാജമെമ്പര്‍ഷിപ്പ് ചേര്‍ത്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എ വിഭാഗമാണ് വ്യാജമെമ്പര്‍ഷിപ്പ് ചേര്‍ത്തതെന്ന് ഐ ഗ്രൂപ്പുകാര്‍ ആരോപിച്ചു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഡിസിസി അംഗങ്ങളുടെ ലിസ്റ്റ് കെപിസിസി തള്ളി

പത്തനംതിട്ട: ജില്ലയില്‍ ഡിസിസി അംഗങ്ങളായി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് അംഗീകരിക്കാന്‍ കെപിസിസി വിസമ്മതിച്ചു. സമവായത്തിന്റെ പേരില്‍ പഴയ മുഖങ്ങളെ തിരുകികയറ്റി തയ്യാറാക്കിയ ലിസ്റ്റാണ് കെപിസിസിക്ക് കൈമാറിയത്. പുതിയ ലിസ്റ്റില്‍ 92പേരാണ് ഉള്ളത്. എന്നാല്‍ ലിസ്റ്റില്‍ പുതുമുഖങ്ങള്‍ കുറവായതും എണ്ണം കൂടിയതുമാണ് കെപിസിസി തിരിച്ചയക്കാന്‍ ഇടയാക്കിയത്. നേരത്തെ 60 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 15 ബ്ളോക്കുകള്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്നപ്പോഴായിരുന്നു 60 പേര്‍. എന്നാല്‍ ഇപ്പോള്‍ ബ്ളോക്കുകളുടെ എണ്ണം 10 ആയി ചുരുങ്ങിയപ്പോള്‍ അംഗസംഖ്യ കൂടിയതിന് ന്യായീകരണമില്ലെന്ന് കെപിസിസി വൃത്തങ്ങള്‍ പറഞ്ഞു. ലിസ്റ്റില്‍ നിന്നും ആരെ തള്ളുമെന്നും കൊള്ളുമെന്നും നിശ്ചയിക്കാനാവാതെ ഡിസിസി നേതൃത്വം കുഴങ്ങുകയാണ്. ജില്ലയിലെ എ വിഭാഗത്തിന്റെ മേധാവിത്വം തെരഞ്ഞെടുപ്പില്‍ ഉടനീളം പ്രകടമായിരുന്നു. 20ല്‍ താഴെ പുതുമുഖങ്ങള്‍ മാത്രമാണ് പുതിയ ലിസ്റ്റില്‍കടന്നിട്ടുള്ളത്. കെപിസിസിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 പേരുടെ ലിസ്റ്റും ചുരുക്കണമെന്ന് കെപിസിസി നേതൃത്വം ഡിസിസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ശരിക്കും വിഷമവൃത്തത്തിലാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരെയും പിണക്കാതെ എല്ലാവര്‍ക്കും സ്ഥാനം നല്‍കാനുള്ള ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയായത്. തിങ്കളാഴ്ച നടക്കാനിരുന്ന ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തില്‍ തന്നെ മാറ്റിവെച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും സമവായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

തൃശൂര്‍ ഡിസിസി: കെപിസിസിക്കും കീറാമുട്ടി

തൃശൂര്‍: ഐ ഗ്രൂപ്പിനെന്ന് ഏറെക്കുറെ ധാരണയായ തൃശൂര്‍ ഡിസിസിക്കു വേണ്ടി കെ കരുണാകരന്‍ പിടിമുറുക്കിയതോടെ കെ പിസിസി നേതൃത്വത്തിനും കീറാമുട്ടിയായി. വിശാല ഐ ഗ്രൂപ്പും എ ഗ്രൂപ്പും ചേര്‍ന്നുള്ള സമവായ ശ്രമത്തിന് ഇത് തിരിച്ചടിയാകും. തൃശൂര്‍ അടക്കം ഏതാനും ഡിസിസി പ്രസിഡന്റുമാരെയാണ് കെ കരുണാകരന്‍ ആവശ്യപ്പെടുന്നത്. ഇതില്‍ തൃശൂരിന്റെ കാര്യത്തില്‍ 'ലീഡര്‍ക്ക്' വിട്ടുവീഴ്ചയില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെ അഭിപ്രായങ്ങളെ മാനിക്കണമെന്ന് റിട്ടേണിങ് ഓഫീസര്‍ കൃഷ്ണസ്വാമിക്കും കെപസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും താല്‍പ്പര്യമില്ലെങ്കിലും കരുണാകരനെ പൂര്‍ണമായി അവഗണിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഒടുവില്‍ തൃശൂര്‍ ഡിസിസിയും ഏതാനും കെപിസിസി ഭാരവാഹികളും മാത്രമായാലും കരുണാകരന്‍ വഴങ്ങുമെന്നാണ് സൂചന. അതു സാധിച്ചാലും തൃശൂരിലെ വിശാല ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും ലക്ഷ്യം പൊളിയും.

സി എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തൃശൂര്‍ ഡിസിസി കരുണാകരപക്ഷത്തിനു നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇവരുടെ എതിര്‍പ്പ് കെപിസിസി നേതൃത്വത്തേയും കുഴക്കുന്നു. കരുണാകരപക്ഷമാണെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കാനുള്ള അവസാനപോരാട്ടമായി ഇതിനെ കാണുന്നു. തശൂര്‍ ഡിസിസി കരുണാകര പക്ഷത്തിനു വിട്ടുകൊടുക്കുകയാണെങ്കില്‍ ടി വി ചന്ദ്രമോഹനാകും ഡിസിസി പ്രസിഡന്റ്. വിശാല ഐ ഗ്രൂപ്പിനാണെങ്കില്‍ കെപിസിസി ട്രഷറര്‍ കൂടിയായ സി എന്‍ ബാലകൃഷ്ണന്‍ തന്നെയാകും പ്രസിഡന്റ്. മൃതദേഹ വിവാദത്തില്‍ കുടുങ്ങി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുകച്ചുചാടിച്ചവരോടുള്ള മധുരമായ പകവീട്ടലിന് അവസരം പാര്‍ത്തിരിക്കയാണ് സി എന്‍. പുതിയ സാഹചര്യത്തില്‍ എ ഗ്രൂപ്പ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. കെപിസിസി പ്രസിഡന്റിന് സി എന്‍ പക്ഷത്തോടാണ് താല്‍പ്പര്യം. എന്നാല്‍ കെ കരുണാകരന്റെ ഹൈക്കമാന്‍ഡ് പിന്തുണയോടെയുള്ള ഇടപെടല്‍ കാര്യങ്ങള്‍ മാറ്റിമറിച്ചേക്കാം. പി സി ചാക്കോ കരുണാകരനു വേണ്ടി വാദിച്ചതും ചെന്നിത്തലയെ തള്ളിപ്പറഞ്ഞതും ഇതിന്റെ സൂചനയായും കണക്കാക്കുന്നു.

deshabhimani 07062010

1 comment:

  1. വഴിയില്‍ നിന്ന യുവതീയുവാക്കളുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ പലര്‍ക്കും കൌതുകം. വയസ്സ് തെളിയിക്കാനുള്ള രേഖ വല്ലതുമുണ്ടോയെന്ന ചോദ്യം കൌതുകം ഉല്‍ക്കണ്ഠയ്ക്ക് വഴിമാറി. വണ്ടിയില്‍ വന്നവര്‍ കാര്യം പറഞ്ഞപ്പോഴാണ് ആശ്വാസമായത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനയില്‍ അംഗമാക്കാനാണ് പടമെടുത്തത്. പണം കൊടുക്കേണ്ടിവരുമോ എന്ന ചോദ്യത്തിന് അത് തങ്ങള്‍ കൊടുത്തുകൊള്ളാം എന്നായിരുന്നു പടമെടുത്തവരുടെ മറുപടി.

    ReplyDelete