കൊച്ചി: യുഡിഎഫ് വിടാന്‍ എം പി വീരേന്ദ്രകുമാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സമ്മേളനം വിളിച്ചുചേര്‍ത്ത് പുതിയ പേരില്‍ പ്രവര്‍ത്തിക്കാന്‍ സോഷ്യലിസ്റ്റ് ജനതയിലെ മുതിര്‍ന്ന നേതാക്കള്‍ ആലോചിക്കുന്നു. മെയ് 15നു മുമ്പ് എം പി വീരേന്ദ്രകുമാര്‍തന്നെ മുന്‍കൈയെടുത്ത് യുഡിഎഫ് വിടാന്‍ തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ മെയ് അവസാനത്തോടെ പാലക്കാട്ടോ കോഴിക്കോട്ടോ സംസ്ഥാന സമ്മേളനം ചേര്‍ന്ന് യുഡിഎഫ് വിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനമെടുക്കാനും സോഷ്യലിസ്റ്റ് ജനത (ലെഫ്റ്റ്) എന്ന പേരില്‍ പ്രവര്‍ത്തിക്കാനുമാണ് ഇവര്‍ ആലോചിക്കുന്നത്.
പാര്‍ടി സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ആലുങ്കല്‍ ദേവസിയുടെ ഇടപ്പള്ളിയിലെ വസതിയില്‍ മാര്‍ച്ച് 24ന് ചേര്‍ന്ന യോഗം യുഡിഎഫ് വിടണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, പാര്‍ടി വൈസ് പ്രസിഡന്റായിരുന്ന എം കെ പ്രേംനാഥിനെ ചുമതലില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണ് വീരേന്ദ്രകുമാര്‍ ഇതിനോട് പ്രതികരിച്ചത്. ഏപ്രില്‍ 17ന് തിരുവനന്തപുരം അധ്യാപകഭവനില്‍ ചേര്‍ന്ന കൂടുതല്‍ വിപുലമായ യോഗവും യുഡിഎഫില്‍ തുടരാനാവില്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. എം പി വീരേന്ദ്രകുമാറിന്റെ മകനും കല്‍പ്പറ്റ എംഎല്‍എയുമായ എം വി ശ്രേയാംസ്കുമാറിന്റെ താല്‍പ്പര്യങ്ങളാണ് യുഡിഎഫ് വിടാന്‍ തടസ്സം. വീരേന്ദ്രകുമാര്‍ മകന്റെ താളത്തിനൊത്ത് തുള്ളുകയാണ്. അപമാനം സഹിച്ച് ഇനിയും കൂടുതല്‍ കാലം യുഡിഎഫില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം പ്രവര്‍ത്തകരുമെന്ന് നേതാക്കള്‍ പറഞ്ഞു. സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി, ഇടപ്പള്ളി യോഗത്തിന്റെ പേരില്‍ നടപടി നേരിട്ട എം കെ പ്രേംനാഥ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസി എന്നിവര്‍ വീരേന്ദ്രകുമാര്‍തന്നെ മുന്‍കൈയെടുത്ത് യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരാണ്. ഇതേ അഭിപ്രായമുള്ള പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിവിധ ജില്ലകളില്‍ നടന്നുവരികയാണ്.
ജെഎസ്എസ് യുഡിഎഫ് വിടുന്നു
ആലപ്പുഴ: യുഡിഎഫ് ബന്ധം വിടാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന ജെഎസ്എസ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ആഗസ്തില്‍ ചേരുന്ന പ്രത്യേക കണ്‍വന്‍ഷന്‍ അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ കെ കെ ഷാജു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യുഡിഎഫുമായി ഇനി ചര്‍ച്ചയില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി.
ഗൗരിയമ്മയെ പരസ്യമായി അവഹേളിച്ച പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം യുഡിഎഫ് പരിഗണിക്കാതിരുന്നതാണ് തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബു പറഞ്ഞു. കൂടാതെ ജോര്‍ജിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും തയ്യാറാവാത്തതും ഗൗരിയമ്മയെ വേദനിപ്പിച്ചു. വാഗ്ദാനം നല്‍കിയ ബോര്‍ഡ് അംഗത്വം നല്‍കാതെ അവഗണിച്ചു. ജെഎസ്എസിന്റെ മറ്റ് ചില ആവശ്യങ്ങളും യുഡിഎഫ് നേതൃത്വം അംഗീകരിച്ചില്ല- രാജന്‍ ബാബു പറഞ്ഞു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ജെഎസ്എസ് സംസ്ഥാനകമ്മിറ്റിയില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും വിമര്‍ശനം ഉണ്ടായി. യോഗത്തില്‍ പാലക്കാട് ഒഴികെ 13 ജില്ലാ കമ്മിറ്റികളും യുഡിഎഫ് ബന്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പങ്കെടുത്ത 70 സംസ്ഥാനകമ്മിറ്റി അംഗങ്ങളില്‍ 65 പേരും യുഡിഎഫില്‍ തുടരുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പ്രത്യേക പ്ലീനം വിളിച്ചുചേര്‍ത്ത ശേഷം മാത്രമേ തീരുമാനം ഏടുക്കാവൂ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടാം വട്ടം ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്. എന്നാല്‍ ഉടന്‍ മുന്നണി ബന്ധം അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യുവജനവിഭാഗമായ ജെവൈഎസ് പ്രവര്‍ത്തകര്‍ ""നാണംകെട്ട മുന്നണി ബന്ധം ഉടന്‍ അവസാനിപ്പിക്കണ""മെന്ന് ആവശ്യപ്പെട്ട് ഹാളിന് പുറത്ത് മുദ്രാവാക്യം മുഴക്കി.
deshabhimani 210413
No comments:
Post a Comment