Sunday, April 21, 2013

ഡല്‍ഹി സംഭവം പൊലീസ് നിസ്സംഗതയുടെ പ്രതിഫലനം: സിഐടിയു


ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി നിഷ്ഠുര ബലാത്സംഗത്തിനിരയായ സംഭവം പൊലീസിന്റെ നിസ്സംഗനിലപാടിന്റെ പ്രതിഫലനമാണെന്ന് സിഐടിയു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദരിദ്രവിഭാഗങ്ങളുടെ പ്രശ്നങ്ങളോട് പൊലീസ് പുലര്‍ത്തുന്ന ശത്രുതാമനോഭാവംകൂടി ഈ സംഭവം വെളിപ്പെടുത്തുന്നു. സംഭവത്തില്‍ സിഐടിയു നടുക്കം രേഖപ്പെടുത്തി.

പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ അച്ഛനോടുള്ള പൊലീസിന്റെ സമീപനം ഇക്കാര്യം വ്യക്തമാക്കുന്നു. കേസെടുക്കുന്നതിനുപകരം 2000 രൂപ കൈക്കൂലി നല്‍കി കേസ് ഒഴിവാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. സംഭവത്തില്‍ പ്രതിഷേധിച്ച യുവതിയെ പൊലീസുദ്യോഗസ്ഥന്‍ അടിച്ചത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. കുറ്റകരമായ വീഴ്ചവരുത്തിയ പൊലീസുദ്യോഗസ്ഥനെ അടിയന്തരമായി പുറത്താക്കി നിയമനടപടി കൈക്കൊള്ളണം. സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലാതാക്കാന്‍ അക്രമികളെ എത്രയുംവേഗം അറസ്റ്റുചെയ്ത് ശിക്ഷ ഉറപ്പാക്കണം. ഇത്തരം കേസുകളുടെ വിചാരണയ്ക്ക് രാജ്യവ്യാപകമായി അതിവേഗകോടതികള്‍ സ്ഥാപിക്കണം. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് സിഐടിയു ഏറെ കാലമായി ആവശ്യപ്പെട്ടുവരികയാണ്. തൊഴിലാളികളുടെ കുട്ടികള്‍ക്ക് സുരക്ഷയും പരിചരണവും ഉറപ്പുവരുത്താന്‍ ഇതാവശ്യമാണ്. കുറ്റകൃത്യത്തിന്റെ തലസ്ഥാനമായി ഡല്‍ഹി മാറിയ സാഹചര്യത്തില്‍ വിഐപികള്‍ക്ക് നല്‍കുന്ന സുരക്ഷാസന്നാഹം പുനഃപരിശോധിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം ഇല്ലാതാക്കാനുള്ള സമരത്തില്‍ അണിനിരക്കണമെന്ന് സിഐടിയു ആഹ്വാനംചെയ്തു.

deshabhimani 210413

No comments:

Post a Comment