Sunday, April 21, 2013

ചിട്ടിതട്ടിപ്പ്: മമതയുടെ വീടിനുമുന്നില്‍ പ്രതിഷേധം


കോടികള്‍ വെട്ടിച്ചു മുങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസുമായി ബന്ധമുള്ള ഉടമയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് നിക്ഷേപകര്‍ മമത ബാനര്‍ജിയുടെ വീടിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. തൃണമൂല്‍ ഓഫീസുകള്‍ക്കു മുന്നിലും പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ബലം പ്രയോഗിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ നിക്ഷേപകരും ഏജന്റുമാരുമാണ് കാളിഘട്ടിലെ മമതയുടെ വീടിനുമുന്നിലെ റോഡ് ഉപരോധിച്ചത്. ഏജന്റുമാരില്‍ ബഹുഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസുകാരാണ്.

ലക്ഷക്കണക്കിന് വരുന്ന നിക്ഷേപകരില്‍നിന്ന് പതിനേഴായിരം കോടിയിലധികമാണ് ശാരദ ഗ്രൂപ്പിനു കീഴിലെ ചിട്ടിക്കമ്പനി സമാഹരിച്ചത്. കോടികള്‍ സമാഹരിച്ചശേഷം കമ്പനിയുടമ സുദീപ്ത സെന്‍ മുങ്ങുകയായിരുന്നു. അതിനിടെ, സുദീപ്ത സെന്‍ പിടിയിലായെന്നും എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്താതെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായും ആക്ഷേപമുയര്‍ന്നു. പ്രമുഖ തൃണമൂല്‍ നേതാക്കള്‍ക്ക് ചിട്ടിക്കമ്പനിയുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് സുദീപ് സെന്നിനെ രക്ഷിക്കാന്‍ അണിയറയില്‍ ശ്രമം നടത്തുന്നതെന്നും ആരോപണമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുംമുമ്പ് ശാരദ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ സെന്നില്‍ നിന്നും മാറ്റി മറ്റ് ആരുടെയെങ്കിലും പേരില്‍ എഴുതിവയ്ക്കാനും നീക്കമുണ്ട്. സെന്നിനെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭ്യമാക്കണമെന്നും ഇടതുമുന്നണിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ശാരദ ഗ്രൂപ്പ് അടക്കമുള്ള ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ലെന്ന് തൃണമൂല്‍ എംപി സൊമന്‍മിത്ര പറഞ്ഞു. ജനങ്ങളെപ്പറ്റിച്ച് ശാരദ ഗ്രൂപ്പ് അടച്ചു പൂട്ടിയതിന്റെ ഉത്തരവാദിത്തം തൃണമൂല്‍ നേതാക്കള്‍ക്കാണന്ന് കേന്ദ്രമന്ത്രി ദീപാ ദാസ്മുന്‍ഷി പറഞ്ഞു.
(ഗോപി)

deshabhimani 210413

No comments:

Post a Comment