Saturday, April 6, 2013

5 സാക്ഷികളെ വിസ്തരിച്ചില്ല

ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് സാക്ഷികളെ കോടതി വെള്ളിയാഴ്ച വിസ്തരിച്ചില്ല. പ്രോസിക്യൂഷനെതിരെ മൊഴി നല്‍കുമെന്ന് ഭയന്നാണ് നാലുപേരെ വിസ്തരിക്കുന്നില്ലെന്ന് വാദിഭാഗം കോടതിയെ അറിയിച്ചത്. ഒരാള്‍ കള്ളസാക്ഷിയാണെന്ന് തെളിയുമെന്ന് ഭയപ്പെട്ടുമാണ് വിസ്താരത്തില്‍നിന്ന് പിന്മാറിയത്. കേസ് ഡയറിയിലെ 90-ാം സാക്ഷി താഴെ ചെമ്പാട് കുനിയില്‍ ഷൈജു, 91- ചെമ്പാട് വര്‍ഷ നിവാസില്‍ ശരത്ത് 163- കതിരൂര്‍ കളവട്ടത്ത് പ്രകാശന്‍, 164- എരുവട്ടി കിഴക്കേകരമ്മല്‍ ഷിനോദ് താറ്റിയോട്ട്, 58-ചെട്ടിക്കുളങ്ങര കല്ലറംകെട്ടില്‍ വിശ്വാസ് എന്നിവരെയാണ് ഒഴിവാക്കിയത്. ചന്ദ്രശേഖരന്റെ വാച്ച് ആശുപത്രിയില്‍വച്ച് കിട്ടി എന്ന് പറയുന്ന സാക്ഷിയാണ് വിശ്വാസ്. വാച്ച് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് കിടക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ നേരത്തേ കാണിച്ചതാണ്. ഈ ദൃശ്യങ്ങളില്‍ വാച്ച് ഉള്ളതിനാല്‍ ഈ വാച്ച് ഇന്‍ക്വസ്റ്റ് സമയത്ത് കിട്ടി എന്ന് തെളിയിക്കാനാവില്ലെന്ന് മനസിലാക്കിയാണ് പ്രോസിക്യൂഷന്‍ പിന്മാറ്റം. മാത്രമല്ല ഇയാളുടെ ആര്‍എംപി ബന്ധവും വെളിപ്പെടുമെന്ന് പ്രോസിക്യൂഷന്‍ ഭയന്നു. കേസില്‍ പ്രോസിക്യൂഷനെ സഹായിക്കുന്ന അഡ്വ. പ്രഫുലിന്റെ സഹോദരനാണ് വിശ്വാസ്.

വിസ്തരിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് നേരത്തേ അറിയിച്ചാല്‍ കോടതിയുടെ സമയം ലാഭിക്കാമെന്ന് വിസ്താരം നടക്കുന്ന പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി പ്രോസിക്യൂഷനോട് പറഞ്ഞു. 119 മുതല്‍ 125 വരെയുള്ള സാക്ഷികളില്‍ 122, 123 ഒഴികെയുള്ള സാക്ഷികളെ വിസതരിക്കേണ്ടതുണ്ടോ എന്ന് അറിയിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു. അതേസമയം കേസിലെ മറ്റൊരു സാക്ഷികൂടി പൊലീസ് തയ്യാറാക്കിയ കള്ളമൊഴി കോടതിയില്‍ നിഷേധിച്ചു. 46-ാം സാക്ഷി സി അനൂപാണ് പ്രോസിക്യൂഷന്റെ വിസ്താരത്തില്‍ പൊലീസിന്റെ മൊഴി നിഷേധിച്ചത്. പൊലീസ് പിടിച്ചുകൊണ്ടുപോകുമെന്ന് ഭയപ്പെടുത്തിയതിനാലാണ് കടലാസില്‍ ഒപ്പിട്ടത്. പ്രോസിക്യൂട്ടര്‍ വായിച്ചു കേള്‍പ്പിച്ച ശേഷമാണ് കടലാസില്‍ എന്താണ് എഴുതിയതെന്ന് മനസിലായതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

കാരായി രാജനെതിരെ തെളിവില്ലാതായി

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ കാരായി രാജനെതിരെ പൊലീസ് അവതരിപ്പിച്ച രണ്ട് സാക്ഷികളെക്കൂടി വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ പിന്മാറി. ഇതോടെ കാരായി രാജനെതിരെ കേസില്‍ തെളിവില്ലാതായി. 163-ാം സാക്ഷി കതിരൂര്‍ കളവട്ടത്ത്പ്രകാശന്‍, 164-ാം സാക്ഷി എരുവട്ടി കിഴക്കേകരമ്മല്‍ ഷിനോദ് താറ്റിയോട്ട് എന്നിവരെയാണ് വിസ്തരിക്കുന്നില്ലെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടിയെ പ്രോസിക്യൂഷന്‍ അറിയിച്ചത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാരായി രാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കല്യാണവീട്ടില്‍ കാരായി രാജന്‍ കൊടി സുനിയുമായി സംസാരിക്കുന്നത് കണ്ടെന്നായിരുന്നു ഇവരുടെ മൊഴി. കേസില്‍ കാരായിക്കെതിരെ മൊഴി നല്‍കിയ മറ്റൊരു സാക്ഷിയെ വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ നേരത്തേ പിന്മാറിയിരുന്നു.

deshabhimani 060413

No comments:

Post a Comment