Saturday, April 6, 2013
ജേര്‍ണലിസം വംശനാശം നേരിടുന്നു: ശശികുമാര്‍
സുശീല ഗോപാലന്‍ നഗര്‍(കണ്ണൂര്‍): ആധുനിക മാധ്യമ മേഖലയില്‍ ജേര്‍ണലിസം വംശനാശം നേരിടുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞു. കോര്‍പറേറ്റ് മാധ്യമങ്ങളില്‍ വര്‍ക്കിങ് ജേര്‍ണലിസ്റ്റുകളെ ഒഴിവാക്കുകയാണ്. കരാറടിസ്ഥാനത്തില്‍ ആളുകളെ നിയമിച്ച് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം സൃഷ്ടിക്കുന്നു. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മാധ്യമങ്ങളുടെ കുത്തകവല്‍ക്കരണം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് മാധ്യമങ്ങളില്‍ പലതും കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലായി. വന്‍ലാഭമുണ്ടാക്കുന്ന വ്യവസായമായി മാധ്യമങ്ങള്‍ മാറി. മാധ്യമങ്ങളുടെ അജന്‍ഡ നിശ്ചയിക്കുന്നതുപോലും ഇതിനനുസരിച്ചാണ്. സാധാരണക്കാരന്റെയും ഗ്രാമീണരുടെയും പ്രശ്നങ്ങള്‍ പൂര്‍ണമായും തിരസ്കൃതമായി. വ്യവസായ മുന്നേറ്റവും സാമ്പത്തിക വളര്‍ച്ചയുമാണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരിക്കണമെന്ന മാധ്യമ ചര്‍ച്ച പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. മാധ്യമ പ്രചാരണം കണ്ടാല്‍ പ്രധാനമന്ത്രിയാകാന്‍ ഇന്ത്യയില്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയുമാണ് മാതൃകാപുരുഷന്മാര്‍. ഗുജറാത്ത് മോഡലാണ് മോഡിക്ക് വേണ്ടി എടുത്തു കാണിക്കുന്നത്. കുടുംബ പാരമ്പര്യമാണ് രാഹുലിന്റെ കൈമുതല്‍. കഴിഞ്ഞ ദിവസം വന്‍കിട വ്യവസായികളുടെ യോഗത്തില്‍ രാഹുല്‍ പ്രസംഗിച്ചതാണ് ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളുടെയും പ്രധാന ചര്‍ച്ചാവിഷയം. അപഹാസ്യമായ ചര്‍ച്ചകളാണിത്. ഗുജറാത്ത് മാതൃക മറ്റൊരു തട്ടിപ്പാണ്. ഏതാനും വ്യവസായങ്ങള്‍ ഉണ്ടായത് ചൂണ്ടിക്കാണിക്കുന്നവര്‍ അവിടുത്തെ സാധാരണക്കാരന്റെ ജീവിതാവസ്ഥയെക്കുറിച്ച് മിണ്ടുന്നില്ല. പട്ടിണിയും പകര്‍ച്ചവ്യാധിയും വാര്‍ത്തയാകുന്നില്ല. സത്യത്തില്‍ ഗുജറാത്ത് മാതൃകയേയല്ല. എന്നാലും കോര്‍പറേറ്റുകള്‍ക്ക് ആവശ്യം ഇവര്‍ രണ്ടിലൊരാള്‍ പ്രധാനമന്ത്രിയാകലാണ്. കോര്‍പറേറ്റായി തീര്‍ന്ന മാധ്യമങ്ങള്‍ അതിനനുസരിച്ച് അജന്‍ഡ സെറ്റ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.
ആനന്ദം മാത്രമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ദയനീയ സ്ഥിതി അറിയിക്കാന്‍ തയ്യാറാകാതെ മാധ്യമങ്ങള്‍ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ്. മറ്റ് ഏത് സാധനം വാങ്ങിയാലും ഗുണനിലവാരം ഇല്ലെങ്കില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോകാം. മാധ്യമങ്ങളുടെ തട്ടിപ്പിനെ ചോദ്യം ചെയ്യാന്‍ മാര്‍ഗമില്ല. മാധ്യമ പരിഷ്കരണ പ്രസ്ഥാനം ശക്തിപ്പെടേണ്ട കാലമാണിത്- ശശികുമാര്‍ പറഞ്ഞു. സെമിനാറില്‍ ജയിംസ്മാത്യു എംഎല്‍എ അധ്യക്ഷനായി. ഫ്രണ്ട്ലൈന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍, പി രാജീവ് എംപി എന്നിവര്‍ സംസാരിച്ചു. എം സുരേന്ദ്രന്‍ സ്വാഗതവും എ എന്‍ ഷംസീര്‍ നന്ദിയും പറഞ്ഞു.
deshabhimani 060413
Labels:
മാധ്യമം,
രാഷ്ട്രീയം,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment