Sunday, April 21, 2013

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്ക്; ഇരകള്‍ക്ക് ജപ്തി നോട്ടീസ്


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കടങ്ങള്‍ക്ക് ആറു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രഖ്യാപനവും വെറുംവാക്കായി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകള്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചു. ഇതില്‍ സഹകരണ ബാങ്കുകളുമുണ്ട്. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ കടം എടുത്തവര്‍ക്ക് ജപ്തി നോട്ടീസ് കിട്ടി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന് ബാങ്കിനെ അറിയിച്ചിട്ടും നോട്ടീസ് അയക്കുകയായിരുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മുള്ളേരിയയിലെ കാടകം സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ ദിവസം ജപ്തിനോട്ടീസ് അയച്ചു. രണ്ടുവര്‍ഷം മുമ്പ് ജനറല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥകൊണ്ട് മരിച്ച പ്രീജയുടെ അച്ഛന്‍ ശശിധര, രണ്ട് കുട്ടികള്‍ ദുരന്തബാധിതരുടെ പട്ടികയിലുള്ള ബെള്ളൂരിലെ അബ്ദുള്‍ഖാദര്‍ എന്നിവര്‍ക്ക് നോട്ടീസ് കിട്ടി.

കഴിഞ്ഞ മാസം 25ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആറു മാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവച്ച് ഉത്തരവ് ഇറക്കിയത്. ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ദുരന്തബാധിതരുടെ കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. കടബാധ്യത സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. ജപ്തി നടപടി നിര്‍ത്തിവയ്ക്കുന്ന വിവരം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനായി കലക്ടറും എഡിഎമ്മും ജോ. രജിസ്ട്രാറും ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. കടങ്ങള്‍ പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ ആരാണെന്ന് ബാങ്ക് അധികൃതര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം നോട്ടീസ് അയക്കുന്നത്. കുട്ടികളായിരിക്കും പട്ടികയില്‍ ഉണ്ടാവുക. അച്ഛന്റെപേരിലായിരിക്കും കടം. അതിന് നോട്ടീസ് അയക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ നോട്ടീസ് കിട്ടുന്നവര്‍ എന്‍ഡോസള്‍ഫാന്‍ സെല്ലുമായി ബന്ധപ്പെട്ടാല്‍ അക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ച് ജപ്തി നടപടി നിര്‍ത്തിവയ്പ്പിക്കുമെന്ന് സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പി വി സുധീര്‍ബാബു പറഞ്ഞു.

deshabhimani 210413

No comments:

Post a Comment