Sunday, April 21, 2013

"ഞാള് പട്ടിണിയിലാ, ഒന്നും കിട്ടുന്നില്ല"


ഞാള് പട്ടിണിയിലാ, ഒന്നും കിട്ടുന്നില്ല. പട്ടിണിയും പാരവശ്യവുമായി കഴിയുന്ന അട്ടപ്പാടിയില്‍ സാന്ത്വനവുമായി എത്തിയ സിപിഐ എം നേതാക്കള്‍ക്ക് മുന്നില്‍ ദുരിതങ്ങളുടെ കെട്ടാണ് ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ അഴിച്ചുവച്ചത്. അവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇല്ലാതായതോടെ പട്ടിണിയിലേക്ക് ആഴ്ന്നുപോകുന്ന മണ്ണിന്റെ അവകാശികളെയാണ് ഊരുകളില്‍ കണ്ടത്. സിപിഐ എം കേന്ദ്രകമ്മറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, എം ബി രാജേഷ് എംപി എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് വിവിധ ഊരുകള്‍ സന്ദര്‍ശിച്ചത്.

കുടിക്കാന്‍ നല്ല വെള്ളം പോലും ലഭിക്കുന്നില്ലെന്ന് പഴയനല്ല സിങ്കത്തെ കുടുംബങ്ങള്‍ പറഞ്ഞു. അതുവഴി കടന്നുപോകുന്ന സര്‍ക്കാര്‍ പൈപ്പില്‍നിന്ന് ഊറിവരുന്ന വെള്ളം റോഡരികില്‍ കുത്തിയിരുന്ന് കുടങ്ങളില്‍ ശേഖരിച്ചാണ് കുടിവെള്ളമെടുക്കുന്നത്.കുളിക്കണമെങ്കില്‍ നാല് കിലോമീറ്റര്‍ അകലെയുള്ള നീര്‍ച്ചാലില്‍ പോകണമെന്ന് മരുതന്‍ പറഞ്ഞു. കിഴക്കെ കടമ്പാറയിലെ സ്ത്രീകളടക്കമുള്ളവര്‍ കൂട്ടത്തോടെ വന്നാണ് ഇല്ലായ്മയുടെ കെട്ടഴിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ പണി കിട്ടിയിട്ട് മാസങ്ങളായി. പണിയെടുത്തതിന്റെ കൂലിയും കിട്ടുന്നില്ല. ഞാളെങ്ങിനെ ജീവിക്കും. നോക്കൂ വീടുകള്‍. ഇടിഞ്ഞുപൊളിഞ്ഞ വീടുകള്‍ ചൂണ്ടി പറഞ്ഞു. രണ്ടും മൂന്നും കുടുംബങ്ങളാണ് ഇതില്‍ കഴിയുന്നത്. കൃഷിയുമില്ല. കൃഷി ചെയ്താല്‍ ആന വന്നു നശിപ്പിക്കും. പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല-അവര്‍ പറഞ്ഞു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഞാക്ക് എപിഎല്‍ റേഷന്‍ കാര്‍ഡാണ്. നീല റേഷന്‍കാര്‍ഡുകള്‍ ഉയര്‍ത്തിപിടിച്ച് സ്ത്രീകള്‍ പറഞ്ഞു. കാര്‍ഡുകളുടെ ഫോട്ടോ സ്റ്റാറ്റും നമ്പറും എടുത്തു നല്‍കാന്‍ എം ബി രാജേഷ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. കലക്ടറുടെയും സപ്ലൈ ഓഫീസറുടെയും ശ്രദ്ധയില്‍ അടിയന്തരമായി പെടുത്തുമെന്നും അറിയിച്ചു. തുടര്‍ന്നു മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലും എംപി ഇക്കാര്യം ഉന്നയിച്ചു.

2066 എപിഎല്‍കാര്‍ഡ് ഒരാഴ്ചക്കകം ബിപിഎല്‍റേഷന്‍ കാര്‍ഡാക്കിമാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരായ വിജയലഷ്മിയും ശിവകുമാറും ഉറപ്പ് നല്‍കി. വെള്ളം ലഭിക്കാത്ത ഊരുകളില്‍ ടാങ്കര്‍ലോറി വെള്ളം ലഭ്യമാക്കാനുള്ള നടപടി നേതാക്കള്‍ വിശദീകരിച്ചു. അതിനായി സിപിഐ എം പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ശ്രീമതി കോട്ടത്തറയിലെ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ച് ഡോക്ടര്‍മാരുമായി കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. സിക്കിള്‍ സെല്‍ അനീമിയഅടക്കമുള്ള രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു. കുട്ടികള്‍ മരിച്ച നെല്ലിപ്പതി നെച്ചപ്പതി, ഇടവാണി, കെടമ്പാറ,അരളിക്കോണം ഊരുകള്‍ സന്ദര്‍ശിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി. സിപിഐ എം ജില്ലാ സെക്രട്ടറി മൂലഗംഗല്‍, വെള്ളകുളം, കടമ്പാറ ഊരുകളും സന്ദര്‍ശിച്ചു. സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പി രാജന്‍, മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം ഗിരിജാസുരേന്ദ്രന്‍, കെ എസ് സലീഖ എംഎല്‍എ, ജില്ലാ സെക്രട്ടറി എല്‍ ഇന്ദിര, ലിസി വിജയന്‍, എം സ്മിത തുടങ്ങി നിരവധി നേതാക്കള്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു
(ജയകൃഷ്ണന്‍ നരിക്കുട്ടി )

മാതൃ -ശിശു സംരക്ഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് എം ബി രാജേഷ്

അഗളി: അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ മാതൃ-ശിശു സംരക്ഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. കോട്ടത്തറ ആശുപത്രിയില്‍ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.

ആരോഗ്യം, സാമൂഹ്യക്ഷേമം, പട്ടികവര്‍ഗം, പഞ്ചായത്ത്, എക്സൈസ് എന്നീ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണം. അങ്കണവാടി കെട്ടിടം മൂത്രപ്പുരയില്ലാതെ ശോച്യാവസ്ഥയിലാണ്. സബ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണം. അങ്കണവാടികളില്‍ മുമ്പ് നല്‍കിയിരുന്ന പാലും മുട്ടയും ഉടന്‍ പുനഃസ്ഥാപിക്കണം. വെട്ടിക്കുറച്ച അമൃതം പൊടി രുചിഭേദം വരുത്തി വീടുകളില്‍ എത്തിക്കണം. കൗമാരക്കാര്‍ക്കുള്ള "സഫല" പദ്ധതി അട്ടപ്പാടിയില്‍ നടപ്പാക്കണം. കൗമാരപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ അവര്‍ അമ്മമാരാകുമ്പോള്‍ കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടാവുന്നു. ഗുണമേന്മയുള്ള അരിയും പയറും ഉറപ്പാക്കണം. റേഷന്‍ കടകളില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന വെള്ള അരി വിതരണം ചെയ്യണം. ആദിവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം. ഇതെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാസവും ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകനയോഗം നടത്തണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐയുടെ ഭക്ഷ്യധാന്യ വിതരണം തുടങ്ങി

അഗളി: പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് വീര്‍പ്പുമുട്ടുന്ന അട്ടപ്പാടി ഊരുകള്‍ക്ക് സാന്ത്വനമേകി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ അരിയും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു തുടങ്ങി. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പൊറുതിമുട്ടിയ പാവപ്പെട്ട ആദിവാസി സ്ത്രീകള്‍ കൂട്ടത്തോടെ എത്തിയാണ് ഭക്ഷണസാധനങ്ങള്‍ ഏറ്റുവാങ്ങിയത്. ഷോളയൂര്‍ പഞ്ചായത്തിലെ കടമ്പാറ എഐ സ്കൂളില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപിയാണ് അരിവിതരണത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് തൊഴിലും കുടിവെള്ളവും ഭക്ഷണവും ചികിത്സയും പെന്‍ഷനുമൊന്നും ലഭിക്കുന്നില്ലെന്ന് ഊരിലെ ജനങ്ങള്‍ നേതാക്കളോട് ദയനീയമായി പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് എം ബി രാജേഷ് ഉറപ്പുനല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും സംസാരിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയിലുണ്ടായിരുന്നിട്ടും ഈ ദുരവസ്ഥയ്ക്കുനേരെ തിരിഞ്ഞുനോക്കാതിരുന്നത് അപലപനീയമാണെന്ന് സി കെ രാജേന്ദ്രന്‍ പറഞ്ഞു. അപ്രധാനമായ പൊതുപരിപാടികളില്‍ പോലും പങ്കെടുത്ത മുഖ്യമന്ത്രി 33 കുട്ടികള്‍ മരിച്ച അട്ടപ്പാടിയില്‍ വരാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് ജനങ്ങളെ കബളിപ്പിച്ച യുഡിഎഫ് നേതാക്കളും പാളത്തൊപ്പിയണിഞ്ഞ് അട്ടപ്പാടിയിലെത്തുന്ന രമേശ് ചെന്നിത്തലയേയും മരണങ്ങള്‍ നടന്ന ശേഷം കണ്ടിട്ടില്ലെന്ന് സി കെ രാജേന്ദ്രന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ 33 കുട്ടികള്‍ പോഷകാഹാരക്കുറവും പട്ടിണിയുംമൂലം മരിച്ച സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചത്. 4,500 കിലോഗ്രാം അരി ശേഖരിക്കാനാണ് തീരുമാനിച്ചതെങ്കിലും 7,500 കിലോഗ്രാം അരി മൂന്നു ദിവസംകൊണ്ട് ശേഖരിക്കാനായി. അട്ടപ്പാടിയില്‍ഡിവൈഎഫ്ഐ നടത്താന്‍ പോകുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ശനിയാഴ്ച നടന്നത്. സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു.

deshabhimani 210413

No comments:

Post a Comment